'കമ്മ്യൂണിസ്റ്റുകാരന്‍ ധാര്‍ഷ്ട്യമുള്ളവനായിരിക്കണം, തോന്നിവാസത്തിനെതിരായി, തെറ്റിനെതിരായി'; സിപി ഐഎം മുന്‍ സംസ്ഥാന കമ്മറ്റി അംഗം ടി ശശിധരന്‍
Daily News
'കമ്മ്യൂണിസ്റ്റുകാരന്‍ ധാര്‍ഷ്ട്യമുള്ളവനായിരിക്കണം, തോന്നിവാസത്തിനെതിരായി, തെറ്റിനെതിരായി'; സിപി ഐഎം മുന്‍ സംസ്ഥാന കമ്മറ്റി അംഗം ടി ശശിധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th May 2019, 4:07 pm

 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് വലിയ പരാജയം സഭവിച്ചിരുന്നു. 20 സീറ്റില്‍ 19 എണ്ണത്തിലും യുഡിഎഫ് ആണ് വിജയിച്ചത്. ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയം കണ്ടെത്താന്‍ കഴിഞ്ഞത്. എല്‍ഡിഎഫിന്റെ പരാജയത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണെന്ന് യുഡിഎഫ് നേതാക്കളും മറ്റ് സംഘടനാ നേതാക്കളും പ്രതികരിച്ചിരുന്നു. ധാര്‍ഷ്ട്യത്തെ കുറിച്ചുള്ള ചര്‍ച്ച നടക്കുന്ന സമയത്ത് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് സിപിഐഎം മുന്‍ സംസ്ഥാന കമ്മറ്റി അംഗം ടി ശശിധരന്‍. തെരഞ്ഞെടുപ്പിനെ വിശകലനം ചെയ്യവേ ആണ് ശശിധരന്‍ ധാര്‍ഷ്ട്യത്തെ കുറിച്ച് സംസാരിക്കുന്നത്.

വോട്ട് നഷ്ടപ്പെടുത്തിയത് എന്ന ആരോപണത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് ശശിധരന്റെ മറുപടി ഇങ്ങനെ.

കമ്മ്യൂണിസ്റ്റുകാര് പൊതുവേ അല്‍പ്പം ധാര്‍ഷ്ട്യമുള്ളവര് തന്നെയാണ്. കമ്മ്യൂണിസ്റ്റുകാരന്‍ എന്നാല്‍ അല്‍പ്പം ധാര്‍ഷ്ട്യം ഉണ്ടാവണം. എന്തിന്, തോന്നിവാസത്തിന് മുകളില്‍, തെറ്റിനെതിരായി, ജാതി മത തോന്നിവാസത്തിനെതിരായി, അവന്‍ സ്വാഭാവികമായും ധാര്‍ഷ്ട്യമുള്ളവനാണ്. ധാര്‍ഷ്ട്യം ചിലത് നല്ലതുമാണ്, ആത്മാഭിമാനത്തിനേ ധാര്‍ഷ്ട്യമുള്ളതാവാന്‍ കഴിയൂ. നിങ്ങള്‍ക്ക് ഒരു ആത്മാഭിമാനവുമില്ലെങ്കില്‍ ധാര്‍ഷ്ട്യമുള്ളവനാവാന്‍ കഴിയില്ല. കോപ്പിയടിക്കാത്ത പയ്യന്‍ നിവര്‍ന്നിരുന്നാണ് പരീക്ഷയെഴുതുക. അത് കൊണ്ട് അവന്‍ നിവര്‍ന്നിരുന്ന് എഴുതുന്നത് കൊണ്ട്, അവന്‍ എപ്പോഴും നിവര്‍ന്നിരുന്ന് തന്റേടം കാണിക്കുന്നവനാണ് എന്ന് പറയുവാന്‍ പറ്റില്ലല്ലോ. കുനിഞ്ഞിരുന്ന് എഴുതുന്നവന്‍ നല്ലതാണെന്ന് പറഞ്ഞാല്‍, കോപ്പിയടിക്കുക ആയിരിക്കും. ധാര്‍ഷ്ട്യത്തെ കൈകാര്യം ചെയ്യുന്നത് പ്രയോഗവും പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തിയാണ്. ധാര്‍ഷ്ട്യം പാടില്ല, അനാവശ്യ ധാര്‍ഷ്ട്യം, അത് പാടില്ല.

വിഎസ് പക്ഷത്തെ പ്രമുഖ നേതാവായിരുന്ന ടി ശശിധരനെ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. അതിന് ശേഷമാണ് മാള ഏരിയ കമ്മറ്റിയിലേക്ക് സ്ഥാനകയറ്റം ലഭിച്ചത്.
ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി ആയിരുന്നു.