കൊച്ചി: സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഷൂട്ടിംഗ് അനുമതി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍.
സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും സിനിമാ ചിത്രീകരണത്തിന് എത്തിയപ്പോള്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ തന്റെ പ്രതിഷേധം അറിയിക്കുക മാത്രമാണ് ഉണ്ടായതെന്നും അജിത തങ്കപ്പന്‍ മാതൃഭൂമി ഓണ്‍ലൈനിനോട് പറഞ്ഞു. ജോജു ജോര്‍ജിന്റെ ചിത്രമാണെങ്കില്‍ പാര്‍ട്ടിയോട് ആലോചിച്ച ശേഷം മാത്രമേ ചിത്രീകരണത്തിന് അനുമതി നല്‍കുകയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങളുടെ നേതാക്കള്‍ ശബ്ദമുയര്‍ത്തിയത്. അവരെ ഒരു ജോജു ജോര്‍ജ് കാരണം ക്രിമിനലിനെ പിടിച്ചുകൊണ്ടുപോകുന്നത് പോലെയാണ് പൊലീസ് കൊണ്ടുപോയത്. പൊലീസ് സ്റ്റേഷനില്‍ കൊതുകുകടിയും കൊണ്ടിരിക്കുന്നവരെ കണ്ടിട്ട് വരുന്ന ഏതൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകയില്‍ നിന്നും ഉണ്ടാകുന്ന പ്രതിഷേധമാണ് എന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഞാന്‍ നന്നായി പൊട്ടിത്തെറിക്കുകയായിരുന്നു. നിങ്ങള്‍ക്ക് തരില്ല, പാര്‍ട്ടിയോട് ആലോചിക്കണം എന്നൊക്കെ അവരോട് പറഞ്ഞിരുന്നു’ അജിത പറഞ്ഞു.
‘ഇന്നലെ ഉച്ചയോടെയാണ് സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിന് അനുമതി തേടി പിന്നണി പ്രവര്‍ത്തകരില്‍ ഒരാള്‍ ഓഫീസില്‍ എത്തിയത്. ജോജുവിന്റെ ചിത്രമാകുമെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട് തന്നെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ എന്റെ പ്രതിഷേധം അറിയിക്കുകയാണ് ഉണ്ടായത്.
എന്റെ പ്രതിഷേധം അല്‍പം രൂക്ഷമായ ഭാഷയില്‍ തന്നെയായിരുന്നു. പിന്നീടാണ് സത്യന്‍ അന്തിക്കാടിന്റെ ചിത്രമാണെന്ന് അറിഞ്ഞത്. ശേഷം അവരുടെ ഫയല്‍ ഞാന്‍ വാങ്ങിവെക്കുകയാണ് ഉണ്ടായത്. എന്തായാലും അനുമതി തരാതിരിക്കില്ല എന്ന് അവരോട് തന്നെ പറഞ്ഞിരുന്നു. രണ്ട് മൂന്ന് വര്‍ഷമായി എല്ലാവരും കഷ്ടപ്പെടുകയാണ്. എല്ലാവരും അതിജീവനത്തിന്റെ പാതയിലാണ്. അതുകൊണ്ട് തന്നെ സിനിമക്ക് ചിത്രീകരണം അനുവദിക്കില്ലെന്ന നിലപാട് ഇല്ല.’- അജിത തങ്കപ്പന്‍ പറഞ്ഞു
ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു പ്രൊഡക്ഷന്‍ വിഭാഗത്തിലെ രണ്ട് പേര്‍ തൃക്കാക്കര ബസ് സ്റ്റാന്റ് ചിത്രീകരണത്തിന് അനുമതി തേടി ചെയര്‍പേഴ്‌സണിന്റെ അടുത്ത് എത്തിയത്. എന്നാല്‍ ഇവര്‍ അണിയറപ്രവര്‍ത്തകരോട് തട്ടിക്കയറുകയായിരുന്നു.
‘ജനങ്ങള്‍ക്ക് വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമാക്കാര്‍ക്ക് ഞാന്‍ ഷൂട്ടിംഗിന് അനുമതി നല്‍കണോ? എങ്ങനെ തോന്നി എന്നോട് ഇതുവന്ന് ചോദിക്കാന്‍,’ എന്നായിരുന്നു അജിതയുടെ മറുപടി.
ജോജു ജോര്‍ജ് തങ്ങളുടെ സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞിട്ടും ചെയര്‍പേഴ്സണ്‍ വഴങ്ങിയില്ലെന്നും ഒടുവില്‍ തിരിച്ചുവരികയായിരുന്നെന്നും സിനിമാ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജയറാം-മീരാ ജാസ്മിന്‍ ചിത്രത്തിന്റെ ഷൂട്ടിംഗാണ് നഗരസഭ വിലക്കിയിരിക്കുന്നത്. നേരത്തെ കടുവ, കീടം തുടങ്ങിയ സിനിമയുടെ സെറ്റിലേക്കും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുകയും ഷൂട്ടിങ് തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍, ഷൂട്ടിംഗ് തടഞ്ഞുള്ള യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ പരസ്യ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്തെത്തിയിരുന്നു. സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നാണ് കെ. സുധാകരന്‍ പറഞ്ഞത്. സമരം പിന്‍വലിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനോട് ആവശ്യപ്പെടാനും കെ.പി.സി.സി യോഗത്തില്‍ തീരുമാനമായിരുന്നു.