തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷം. കോടതി അന്തിമവിധി കല്‍പിച്ച സാഹചര്യത്തില്‍ മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
നിയമസഭ തല്ലിതകര്‍ക്കാന്‍ നേതൃത്വം കൊടുത്ത ശിവന്‍കുട്ടിയെപോലെയൊരാള്‍ മന്ത്രിസഭയില്‍ ഇരിക്കുന്നത് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും അവശ്യപ്പെട്ടു.
‘അവരുടെ മഹത്തായ സമരമുറ ജനങ്ങളെല്ലാം കണ്ടതല്ലേ, ഇനിയെന്ത് തെളിവാണ് വേണ്ടത്,’ കെ. സുധാകരന്‍ ചെദിച്ചു.
അതേസമയം, സംഭവിച്ചതില്‍ കുറ്റബോധമില്ലെന്നും കോടതി വിധി അംഗീകരിക്കുന്നതായും മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചു. വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കും. കോടതി എം.എല്‍.എമാരുടെ പേര് പറഞ്ഞിട്ടില്ല. രാജിവെക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിയമസഭാ കയ്യാങ്കളിക്കേസില്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാറിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. കേസില്‍ വി.ശിവന്‍കുട്ടിയടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ചു.
നിയമസഭയിലെ അക്രമങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു. സഭയില്‍ നടന്നത് പ്രതിഷേധമാണ് എന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, എം.ആര്‍. ഷാ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് സുപ്രധാന വിധി. നിയമസഭാംഗങ്ങളുടെ പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള ലൈസന്‍സല്ലെന്ന് കോടതി പറഞ്ഞു.
ഭരണപക്ഷത്തെ അംഗങ്ങള്‍ക്കും കയ്യാങ്കളിയില്‍ തുല്യ ഉത്തരവാദിത്തം ഉണ്ട് എന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ വിധി പ്രസ്താവത്തില്‍ പറയുന്നു.
വിധിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ നിയമസഭാ കൈയ്യാങ്കളി കേസിന്റെ വിചാരണ പുനരാരംഭിക്കും.
കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ. പി. ജയരാജന്‍, കെ. ടി. ജലീല്‍ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു. 2015ല്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താന്‍ നടന്ന പ്രതിഷേധം നിയമസഭക്കുള്ളില്‍ കയ്യാങ്കളിയായി മാറുകയായിരുന്നു.