| Thursday, 20th April 2023, 11:59 am

റമളാന്റെ ഭാഗമായി നടന്ന ചാരിറ്റി പരിപാടിക്കിടെയുണ്ടായ തിരക്കില്‍ പെട്ട് യെമനില്‍ 78 പേര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന: യമന്‍ തലസ്ഥാനമായ സനയില്‍ നടന്ന ചാരിറ്റി പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 78 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. റമളാന് മുന്നോടിയായി നഗരത്തിലെ ഒരു സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ സാമ്പത്തിക സഹായം വാങ്ങാനെത്തിയ ആളുകളാണ് തിരക്കില്‍ പെട്ട് മരിച്ചതെന്ന് അല്‍ മസിറാ ടെലിവിഷന്‍ ന്യൂസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

റമളാനോട് അനുബന്ധിച്ച് വ്യാപാരികളാണ് സഹായവിതരണ പരിപാടി നടത്തിയത്. നൂറ് കണക്കിന് ആളുകളായിരുന്നു സഹായം വാങ്ങാനായി ഇവിടെ എത്തിച്ചേര്‍ന്നത്.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും അതില്‍ 13 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായി പേര് വെളിപ്പെടുത്താത്ത ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

2015 മുതല്‍ ഹൂതി വിമതരാണ് രാജ്യത്തിന്റെ നിയന്ത്രണം കയ്യാളുന്നത്. യാതൊരു ക്രമീകരണങ്ങളുമില്ലാതെ സഹായ വിതരണ പരിപാടി സംഘടിപ്പിച്ചതാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമായതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. പരിപാടിയുടെ സംഘാടകരായ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം പറഞ്ഞു.

പരിപാടിയിലെ തിരക്ക് നിയന്ത്രിക്കാനായി ഹൂതി വിമതര്‍ ആകാശത്തേക്ക് വെടിവെച്ചെന്നും, ഇത് ഇലക്ട്രിക് വയറുകളില്‍ തട്ടി പൊട്ടിത്തെറിയുണ്ടായെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് അറിയിച്ചു. ഈ പൊട്ടിത്തെറിയെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായെന്നും അതാണ് തിക്കും തിരക്കും വര്‍ധിക്കാനും ദുരന്തമുണ്ടാകാനും കാരണമായതെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

വര്‍ഷങ്ങളായി ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായിരുന്നു യമന്‍. ആയിരക്കണക്കിനാളുകളാണ് അക്കാലത്ത് കൊല്ലപ്പെട്ടത്. യുദ്ധം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആകമാനം തകര്‍ത്തു കളഞ്ഞിരുന്നു. ആയിരക്കണക്കിന് മനുഷ്യര്‍ ഇന്നും രാജ്യത്ത് കടുത്ത ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഹൂതി വിമതര്‍ ഗവണ്‍മെന്റിനെ അട്ടിമറിച്ച് ഭരണം പിടിച്ചതിനെ തുടര്‍ന്ന് 2015ല്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങള്‍ യമനെതിരെ ആക്രമണം ആരംഭിച്ചിരുന്നു.

എട്ട് വര്‍ഷം നീണ്ട് നിന്ന കടുത്ത ആക്രമണങ്ങളുടെ ദുരിതങ്ങള്‍ ഇപ്പോഴും രാജ്യം അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നും വലിയ പ്രതിസന്ധിയാണ് ഇത് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നതെന്നും ഹൂതി സുപ്രീം റവലൂഷണറി കമ്മിറ്റി തലവന്‍ മുഹമ്മദ് അലി അല്‍ ഹൂതി പറഞ്ഞു. ആ പ്രതിസന്ധിയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും മുഹമ്മദ് അലി കൂട്ടിച്ചേര്‍ത്തു.

Contemt Highlights: 78 people died in Yemen after a stampede during a charity event 

We use cookies to give you the best possible experience. Learn more