| Monday, 6th February 2023, 1:36 pm

അദാനി വിഷയത്തില്‍ മൗനികളായി കേന്ദ്ര സര്‍ക്കാര്‍; സഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇരു സഭകളും നിര്‍ത്തിവെച്ചു. അദാനിക്കെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന്റെ മറുപടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിപക്ഷം രംഗത്തുവന്നത്.

ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധപ്രകടനം നടത്തി. തുടര്‍ന്ന് ഉച്ചക്ക് 2 മണി വരെ സഭാനടപടികള്‍ നിര്‍ത്തിവെച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സഭയില്‍ ഇതേ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നുണ്ട്.

പ്രതിപക്ഷം അദാനി വിഷയത്തില്‍ രണ്ട് നോട്ടീസുകള്‍ നല്‍കിയിരുന്നു. ഓഹരിനിക്ഷേപത്തിലെയും നികുതിയിലെയും തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവന്നിരിക്കുന്ന തെളിവുകളില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും, വിഷയം അന്വേഷിക്കുന്നതിന് പാര്‍ലമെന്റിന്റെ സംയുക്ത സമിതിയെ നിയോഗിക്കണമെന്നുമായിരുന്നു ആവശ്യം.

എന്നാല്‍ നന്ദി പ്രമേയ സമയത്ത് വിഷയം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് സ്പീക്കര്‍ സഭാനടപടിയിലേക്ക് കടന്നതോടു കൂടിയാണ് സഭകള്‍ പ്രതിഷേധത്തിന്റെ വേദിയായത്.

രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കം 10 പേര്‍ നല്‍കിയ നോട്ടീസാണ് പരിഗണിക്കാതെ മാറ്റിവെച്ചത്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പ്രതിപക്ഷ അംഗങ്ങളുടെ കൂടിക്കാഴ്ച നടന്നിരുന്നു. അതിനു പിന്നാലെയാണ് നോട്ടീസ് നല്‍കിയത്.

രാജ്യസഭയില്‍ ശൂന്യമേള നിര്‍ത്തിവെച്ചുകൊണ്ട് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ലോക്‌സഭയില്‍ അടിയന്തരപ്രമേയവും നല്‍കി. എന്നാല്‍ ഇവ രണ്ടും പരിഗണിക്കാതിരിക്കുകയായിരുന്നു.

പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ യു.പി.എ ഭരണകാലത്തെ അഴിമതികള്‍ ഉന്നയിച്ച് തിരിച്ചടിക്കാനാണ് ബി.ജെ.പി ആലോചന. പ്രതിപക്ഷം ജനഹിതത്തിനനുസരിച്ചല്ല പെരുമാറുന്നതെന്ന് സഭയില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആരോപിച്ചു. സഭ നിര്‍ത്തിവെക്കുമ്പോള്‍ ജനങ്ങളുടെ പണമാണ് നഷ്ടപ്പെടുന്നതെന്നും ജനഹിതത്തിന് അനുസരിച്ചായിരിക്കണം സഭയില്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് നിരന്തരം പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

കഴിഞ്ഞ ദിവസം അദാനി വിഷയത്തെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് നിരവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ചോദ്യാവലി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുടെ തട്ടിപ്പുകള്‍ പനാമ പേപ്പേഴ്‌സിലും, പണ്ടോര പേപ്പേഴ്‌സിലും വന്നിട്ടും എന്തുകൊണ്ടാണ് അന്വേഷിക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് മുമ്പും അദാനിയുടെ തട്ടിപ്പുകള്‍ പുറത്തു വന്നിരുന്നുവെന്നും ഇതുവരെയും ഒരു അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല എന്നും കോണ്‍ഗ്രസ് പറയുന്നു.

അദാനി നടത്തിയിട്ടുള്ള സാമ്പത്തിക തട്ടിപ്പും ഓഹരി പെരുപ്പിച്ചു കാണിച്ചതും പാര്‍ലമെന്ററി സംയുക്ത സമിതി അന്വേഷിക്കണോ, സുപ്രീം കോടതി അന്വേഷിക്കണോ എന്നതില്‍ പ്രതിപക്ഷത്തിന് വ്യത്യസ്താഭിപ്രായമുണ്ട്.

Content Highlight: Central government kept silent on Adani issue; Opposition protests again in the House

We use cookies to give you the best possible experience. Learn more