ഹൈദരാബാദ്: കൊവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്ന രോഗി മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ കലബുര്‍ഗിയിലെ വീട്ടിലേക്ക് മടങ്ങവെയായിരുന്നു മരണം.
കഴിഞ്ഞ മാസം ജിദ്ദയില്‍ നിന്നും നാട്ടിലെത്തിയ ഇദ്ദേഹത്തെ ബിദാറിലെ ആശുപത്രിയില്‍ നിന്നും ഹൈദരാബാദിലേക്ക് നിര്‍ദേശിക്കുകയായിരുന്നു.
മൂന്നുദിവസം ബിദാറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നുവെങ്കിലും ആരോഗ്യനിലയില്‍ യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ല. തൊണ്ടയിലെ സ്രവങ്ങളും രക്ത സാമ്പിളുകളും കൊവിഡ് പരിശോധനയ്ക്കായി അയച്ച ശേഷമാണ് ഹൈദരാബാദിലേക്ക് നിര്‍ദേശിച്ചത്. പരിശോധനാഫലം ഇതുവരെയും വന്നിട്ടില്ല.
അതീവ ശ്വാസതടസ്സം, കരള്‍ പ്രവര്‍ത്തന രഹിതമാവുക തുടങ്ങി കൊവിഡ് 19നോട് സാമ്യമായ രോഗലക്ഷണങ്ങളുണ്ടായിട്ടും രണ്ടു ആശുപത്രിയില്‍ നിന്നും 76 കാരനായ ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ ലഭിച്ചില്ലെന്നും ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടു ചെയ്തു.
ബിദാറില്‍ നിന്നും ഗാന്ധി ആശുപത്രിയിലേക്കാണ് രോഗിയെ കൊണ്ടുപോവാന്‍ നിര്‍ദേശിച്ചിരുന്നതെങ്കിലും കുടുംബം അത് നിരസിക്കുകയായിരുന്നു. മറ്റൊരു സ്വകാര്യ ആശുപത്രിയും ഗാന്ധി ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോവാന്‍ നിര്‍ദേശിച്ചു.
അതേസമയം രോഗിയുടെ കുടുംബം സ്വകാര്യ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കാം എന്ന് പറഞ്ഞെങ്കിലും ആശുപത്രിയില്‍ നിന്ന് ഗാന്ധി ആശുപത്രിയിലേക്ക് തന്നെ നിര്‍ദേശിക്കുകയായിരുന്നു.
രോഗിയ്ക്ക് കൊവിഡ് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രി ഗാന്ധി ആശുപത്രിയിലേക്ക് ചെല്ലാന്‍ കുടുംബത്തോട് നിര്‍ദേശിച്ചത്.
എന്നാല്‍ ഗാന്ധി ആശുപത്രിയിലേക്ക് പോകാനുള്ള ആവശ്യത്തെ നിഷേധിച്ച കുടുംബം കലബുര്‍ഗിയിലേക്ക് മടങ്ങുകയായിരുന്നു. സ്വകാര്യ ആംബുലന്‍സില്‍ തിരിച്ചു പോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
ഹൈദരാബാദിലെ ആശുപത്രിയിലെ ഡോക്ടര്‍മാരോടും ആശുപത്രി ജീവനക്കാരോടും ജാഗ്രതയോടെയിരിക്കാനും എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും മുതിര്‍ന്ന ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്.