| Thursday, 5th May 2022, 4:25 pm

രാജ്യത്ത് 76% വിചാരണതടവുകാര്‍; 73 % പേര്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍; 20% പേര്‍ മുസ്‌ലിങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 76 ശതമാനം പേരും വിചാരണത്തടവുകരെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്.

രാജ്യത്ത് ആകെയുള്ള 4,88,511 തടവുകാരില്‍ 3,71,848 പേരും വിചാരണതടവുകാരാണ്. ഇതില്‍ 20 ശതമാനം പേര്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെടുന്നവരും 73 ശതമാനം പേര്‍ ദളിത്, ആദിവാസി, ഒ.ബി.സി വിഭാഗങ്ങളില്‍ പെടുന്നവരുമാണ്.

ദല്‍ഹിയിലും ജമ്മു കശ്മീരിലുമാണ് ഏറ്റവുമധികം വിചാരണത്തടവുകാരുള്ളത്. ഇരു സംസ്ഥാനങ്ങളിലുമായി ജയിലില്‍ കഴിയുന്നവരില്‍ 91 ശതമാനം പേരും വിചാരണതടവുകാരാണ്.

85 ശതമാനം വിചാരണതടവുകാരാണ് ബിഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലുള്ളത്. ഒഡീഷയില്‍ 83 ശതമാനം പേരാണ് വിചാരണതടവുകാരായി ഉള്ളത്.

രാജ്യത്ത് ആകെയുള്ള വിചാരണതടവുകാരില്‍ 27 ശതമാനം പേരും നിരക്ഷരരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 41ശതമാനം പേര്‍ പത്താം തര വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതിന് മുന്‍പേ പഠനം അവസാനിപ്പിച്ചവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ 14 ശതമാനം വരുന്ന മുസ്‌ലിം വിഭാഗക്കാരില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിയാക്കപ്പെട്ടവര്‍ 17ശതമാനവും, വിചാരണതടവുകാരായി വിവിധ ജയിലുകളില്‍ കഴിയുന്നവര്‍ 20 ശതമാനവുമാണ്. 16.6 ശതമാനമുള്ള ദളിത് വിഭാഗത്തില്‍ 21 ശതമാനം വിചാരണതടവുകാരും, പ്രതികളുമുണ്ട്.

ആദിവാസി വിഭാഗത്തില്‍ 14 ശതമാനം പ്രതികളും, 10 ശതമാനം വിചാരണതടവുകാരുമാണ്. 8.6 ശതമാനമാണ് രാജ്യത്തെ ആകെ ആദിവാസി ജനസംഖ്യ.

കൊലപാതകം, കൊലപാതകശ്രമം, ബലാത്സംഗം, സ്ത്രീധന കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് വിചാരണത്തടവുകാരില്‍ ഏതാണ്ട് 50 ശതമാനം പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്.

സ്വത്ത് സംബന്ധമായ കുറ്റങ്ങളില്‍ 20 ശതമാനം കേസുകളാണ് വിചാരണതടവുകാര്‍ക്ക് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. പല കേസുകളിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം പ്രതികള്‍ക്ക് അഭിഭാഷകനെ വെക്കാനോ ജാമ്യം നേടി പോകാനോ സാധിക്കുന്നില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഒരു മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. പല തടവുകാര്‍ക്കും ജാമ്യതുക താങ്ങാനാവില്ല. അഭിഭാഷകനെ നിയമിക്കാനോ കേസ് നടത്താനോ കഴിയാത്തവരുണ്ട്. മോഷണം പോലെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ കൂടാതെ തന്നെ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന ഭൂരിഭാഗം വിചാരണത്തടവുകാരും സാധാരണ കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്നവരാണെന്നും സാധ്യമായ കേസുകളില്‍ ഇത്തരക്കാര്‍ക്ക് ജാമ്യം അനുവദിക്കേണ്ടതുണ്ടെന്നുംപ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Content Highlight: 76% prisoners are undertrials; ratio is highest in Delhi, J&K

We use cookies to give you the best possible experience. Learn more