മൈക്കല്‍ ആല്‍ബെര്‍ട്ട്: ഹലോ, ഞാന്‍ മൈക്കല്‍ ആല്‍ബെര്‍ട്ട്. ഞാന്‍ znetwork.org ന്റെ ഭാഗമായ Revolution Z എന്ന പോഡ്കാസ്റ്റ് ലെ അവതാരകനാണ് .നമ്മുടെ 252 മത്തെ എപ്പിസോഡില്‍ സ്റ്റീഫന്‍ ഷാലോം ആണ് നമ്മുടെ അഥിതിയായി എത്തിയിരിക്കുന്നത്. ന്യൂ ജഴ്‌സിയിലെ വില്യം പാറ്റേഴ്‌സണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ വിരമിച്ച പ്രൊഫസറാണ് സ്റ്റീവ് . ഇപ്പോള്‍ ‘ന്യൂ പൊളിറ്റിക്‌സിന്റെ ‘ എഡിറ്റോറിയല്‍ ബോര്‍ഡിലും ‘ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ് ‘ ലും അംഗമാണ്.ഇസ്രഈല്‍ – ഫലസ്തീന്‍ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ എഴുത്തുകള്‍ വര്‍ഷങ്ങളായി Znet, Z Magazine എന്നിവയില്‍ കാണപ്പെടുന്നു. സ്റ്റീവ് , റെവല്യൂഷന്‍ Z ലേക്ക് സ്വാഗതം !
സ്റ്റീഫന്‍ ആര്‍. ഷാലോം: ഇവിടെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷം .
മൈക്കല്‍ ആല്‍ബര്‍ട്ട് : നമുക്ക് ചില അടിസ്ഥാനകാര്യങ്ങളില്‍ നിന്നു തുടങ്ങിയാലോ ? ഗസയുടെ വലിപ്പമെത്രയാണ്?എത്ര ഫലസ്തീനികള്‍ ഗസയില്‍ അതിവസക്കുന്നു. അവര്‍ എങ്ങനെയാണ് അവിടെ എത്തിയത്?
സ്റ്റീഫന്‍ ആര്‍ ഷാലോം: ഇസ്രഈലിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു ചെറിയ തീരപ്രദേശമാണ് ഗസ. അതിന്റെ ഒരു വശത്ത് മെഡിറ്ററേനിയന്‍ കടലും സുപ്രധാനമായ കിഴക്കുഭാഗത്ത് ഇസ്രഈലും പടിഞ്ഞാറ് ചെറിയൊരുഭാഗം ഈജിപ്തുമായും അതിര്‍ത്തി പങ്കിടുന്നു.
എല്ലാം കൂടി 140 ചതുരശ്രമൈല്‍ ( 362.5 ചതുരശ്രകിലോമീറ്റര്‍) ഭൂവിസ്തൃതിയുള്ള വളരെ ചെറിയൊരു പ്രദേശമാണിത്. 2.3 ദശലക്ഷം ആളുകള്‍ ജീവിക്കുന്ന, ലോകത്തേറ്റവും ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്ന്. ആളുകള്‍ എങ്ങനെ അവിടെയെത്തി എന്ന കഥയറിയാന്‍ നമ്മള്‍ ഏകദേശം 75 വര്‍ഷം പിറകിലേക്ക് പോകേണ്ടതുണ്ട്. അക്കാലത്ത് ഐക്യരാഷ്ട്രസഭ ബ്രിട്ടീഷ് കോളനിയായിരുന്ന ഫലസ്തീനെ ജൂത രാഷ്ട്രം, ഫലസ്തീന്‍ രാഷ്ട്രം എന്നിങ്ങനെ രണ്ടായി വിഭജിച്ചു.(അവരതിനെ ‘മാന്‍ഡേറ്റ് ‘* എന്നാണ് വിളിച്ചിരുന്നതെങ്കിലും അടിസ്ഥാനപരമായി അതൊരു ബ്രിട്ടീഷ് കോളനിയായിരുന്നു).
രണ്ട് രാഷ്ട്രങ്ങളുടെയും ഭാഗമായ പ്രദേശങ്ങള്‍ ചേര്‍ന്നു കിടക്കുന്ന കഷ്ണങ്ങളായിരുന്നില്ല. അതായത് തുടര്‍ച്ചയായ കഷ്ണങ്ങള്‍ ചേര്‍ത്തായിരുന്നില്ല ഇരു രാജ്യങ്ങളും രൂപീകരിക്കപ്പെട്ടത്. അതില്‍ ഒരു കഷ്ണം ഗസയുടെ ‘അറബ് കഷ്ണം ‘ ആയിരുന്നു. മൊത്തം ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം വരുന്ന അറബ് രാഷ്ട്രത്തിന് നല്‍കപ്പെട്ടത് മൊത്തത്തില്‍ പ്രദേശത്തിന്റെ 45 ശതമാനം മാത്രമാണ്.
യുദ്ധം പാെട്ടിപ്പുറപ്പെട്ടു. ആ യുദ്ധത്തെക്കുറിച്ചും അതിന്റെ നടത്തപ്പിനെക്കുറിച്ചുമൊക്കെ കുറേയേറെ പറയേണ്ടതുണ്ട്.
ഫലസ്തീനികള്‍ അവരുടെ വീടുകളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു. അവസാനം 55 ശതമാനമല്ല, മറിച്ച് ഫലസ്തീനിന്റെ 78 ശതമാനം ഭൂമിയും ഇസ്രഈലിന്റെതായി.
ഗസയുടെ ഭാഗമാകുമായിരുന്ന ആ ചെറിയ കഷ്ണം പിന്നെയും ചെറുതായി. അതിനു ചുറ്റുമുള്ള ഒരുപാട് ഭൂമി ഇസ്രഈല്‍ പിടിച്ചടക്കി. അങ്ങനെ ഗസ മുനമ്പ് മാത്രം അവശേഷിച്ചു.
ഈ പ്രദേശത്തേക്ക് ഈജിപ്തിന്റെ അധിനിവേശമുണ്ടായി. അവിടുത്തെ ജനസംഖ്യയുടെ നാലില്‍ മൂന്ന് ഭാഗവും അവിടെ ജനിച്ചു വളര്‍ന്നവര്‍ല്ല. മറിച്ച് ഫലസ്തീന്റെ പല ഭാഗങ്ങളില്‍ തങ്ങളുടെ വീടുകളില്‍ നിന്നും ആട്ടിപ്പായിക്കപ്പെട്ട ഫലസ്തീന്‍ അഭയാര്‍ത്ഥികളാണ്. ഗസയില്‍ 1967 വരെ ഈജിപ്തിന്റെ ഭരണം തുടര്‍ന്നു. പിന്നീടുണ്ടായ അറബ്- ഇസ്രഈല്‍ യുദ്ധത്തില്‍ ഗാസയും വെസ്റ്റ് ബാങ്കും കിഴക്കേ ജറുസലേമും ഇസ്രഈല്‍ കീഴടക്കി.(അതുപോലെ ഈജിപ്തിന്റെ സീനായ് ഉപദ്വീപും സിറിയയുടെ ഗാേലാന്‍ കുന്നുകളും).
അങ്ങനെ ബ്രിട്ടീഷ് കോളനിയായിരുന്ന ഫലസ്തീന്റെ എല്ലാ ഭാഗവും ഇസ്രഈല്‍ നിയന്ത്രണത്തിലായി.
മൈക്കല്‍ ആല്‍ബര്‍ട്ട്: ഗാസയും മറ്റു ഭാഗങ്ങളും പിടിച്ചെടുത്തതിനെ എങ്ങനെയാണ് ഇസ്രഈല്‍ ന്യായീകരിക്കുന്നത് ?
സ്റ്റീഫന്‍ ആര്‍.ഷാലോം: ഇസ്രഈല്‍ പറയുന്നത് ഇപ്രകാരമാണ്: ‘ഞങ്ങള്‍ പ്രതിരോധിക്കാന്‍ വേണ്ടിയാണ് യുദ്ധം ചെയ്യുന്നത്. പ്രതിരോധം തീര്‍ക്കാന്‍ വേണ്ടി ഞങ്ങള്‍ ചെയ്ത യുദ്ധത്തിന്റെ പരിണിതഫലമാണിത്.’
ഇതിനെക്കുറിച്ച് രണ്ട് കാര്യങ്ങള്‍ ഇവിടെ പറയേണ്ടതുണ്ട്. അതില്‍ ഒന്നാമത്തേത് അതൊരു പ്രതിരോധ യുദ്ധമായിരുന്നില്ല എന്നതാണ്. ആദ്യം ആക്രമിച്ചത് ഇസ്രഈലാണ്. ലോകമെമ്പാടുമുള്ള ധാരാളം ആളുകള്‍ വളരെയധികം പരിഭ്രമിച്ചു. കാരണം കൊച്ചു ഇസ്രഈല്‍ നേരിടുന്നത് വമ്പന്‍മാരായ ഈജിപ്തിനേയും സിറിയേയും ജാേര്‍ദ്ദാനേയുമാണ്.
പക്ഷേ സൈനിക നേട്ടമുണ്ടാകാന്‍ പോകുന്നത് ഇസ്രഈലിനാണെന്ന് പെന്റഗണിനും ഇസ്രഈലിന്റെ സൈനിക സ്ഥാപനങ്ങള്‍ക്കും വളരെ നന്നായിട്ടറിയാമായിരുന്നു. യുദ്ധമുണ്ടായാല്‍ ഒരാഴ്ചക്കുള്ളില്‍ ഇസ്രഈല്‍ വിജയിക്കുമെന്ന് സി.ഐ.എ പ്രവചിച്ചു. ഇസ്രഈല്‍ ആകമിക്കുകയും ഒരാഴ്ചക്കുള്ളില്‍ വിജയിക്കുകയും ചെയ്തു.
പക്ഷേ ഇവിടെ കാര്യമിതാണ്: ഇനി അക്രമി ഇസ്രഈല്‍ ആണെന്ന് നിങ്ങള്‍ കരുതുന്നില്ല എന്നിരിക്കട്ടെ . ഈജിപ്ത്, സിറിയ, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ പ്രതിരോധാത്മകമായ ഇടപെടലാണ് ഇസ്രഈല്‍ നടത്തിയത് എന്നാണ് നിങ്ങള്‍ കരുതുന്നത് എന്നുമിരിക്കട്ടെ . കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കില്‍ പോലും ഗസയിലെ ജനങ്ങളെ അധിനിവേശക്കാരായി നിലനിര്‍ത്തുന്നതിന് യാതൊരു ന്യായീകരണവുമില്ല.
ഈജിപ്ത് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കേണ്ടത് ഈജിപ്തിനെയാണ്. അല്ലാതെ ഗസയലെ ജനങ്ങളുടെ സ്വയം നിര്‍ണ്ണയാവകാശം ഇല്ലാതാക്കുകയല്ല വേണ്ടത്.
മൈക്കല്‍ ആല്‍ബര്‍ട്ട്: ഗസയിലെ ഫലസ്തീനികളുടെ അവസ്ഥ എന്താണ് ? എന്തുകൊണ്ടാണ് ഗസയെ തുറന്ന ജയില്‍ എന്ന് വിളിക്കുന്നത് ? എന്തിനാണ് ഫലസ്തീനില്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം നടക്കുന്നത് ?
സ്റ്റീഫന്‍ ആര്‍.ഷാലോ: പൊതുവെ ഫലസ്തീനില്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം നടക്കുന്നുണ്ട്. കാരണം 1947 ല്‍ യു.എന്‍ (UN )ഫലസ്തീനെ വിഭജിച്ചപ്പോള്‍ ഫലസ്തീന്‍ രാഷ്ട്രവും ജൂത രാഷ്ട്രമായ ഇസ്രഈലും ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ ഫലസ്തീന്‍ രാഷ്ട്രം ഒരിക്കലും ഉണ്ടായില്ല. ഇസ്രായേല്‍ വികസിച്ചു, ജോര്‍ദാന്‍ വെസ്റ്റ് ബാങ്ക് അതിര്‍ത്തി കയ്യേറി, ഈജിപ്ത് ഗാസ പിടിച്ചെടുത്തു.
ഫലസ്തീനികളെ മാത്രം എവിടെയും കണ്ടില്ല. മാത്രമല്ല ഫലസ്തീനികള്‍ അവരുടെ വീടുകളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു. അവരെ അഭയാര്‍ത്ഥികളാക്കി മാറ്റി. അവരില്‍ കുറേപ്പേര്‍ ലെബനാനിലേക്ക് പോയി. കുറേയാളുകള്‍ ജാേര്‍ദ്ദാനിലേക്ക് പോയി. കുറേപ്പേര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലക്ക് വ്യാപിച്ചു.കുറേപ്പേര്‍ വെസ്റ്റ് ബാങ്കില്‍ കേന്ദ്രീകരിച്ചു. കുറേപ്പേര്‍ ഗസയിലും കേന്ദ്രീകരിച്ചു. അന്ന് മുതല്‍ സ്വയം നിര്‍ണ്ണയാവകാശത്തിനായി അവര്‍ പോരാടിക്കൊണ്ടിരിക്കുകയാണ്.
പ്രത്യേകിച്ച് വെസ്റ്റ് ബാങ്ക് പിടിച്ചു നിര്‍ത്താന്‍ ഇസ്രഈലിന് താല്‍പര്യമാണ്. അതിന്റെ ഭൂമി വളരെയേറെ വിലമതിക്കുന്നതാണ് എന്നതാണ് അതിന് കാരണം. ഗസയുടേത് അത്രത്തോളം അല്ല.വാസ്തവത്തില്‍ ‘ഗസ കടലിലേക്ക് മുങ്ങിപ്പോയിരുന്നെങ്കില്‍ ‘ (ഇസ്രായേല്‍ നേതാവ് യിറ്റ്‌സാക്ക് റബീന്‍ ന്റെ വാക്കുകള്‍) വളരെ നന്നായിരുന്നു എന്നതാണ് വര്‍ഷങ്ങളോളമായി ഇസ്രഈലികളുടെ കാഴ്ചപ്പാട്. രണ്ട് ദശലക്ഷം വരുന്ന ഫലസ്തീനികളെ ഭരിക്കാന്‍ അവര്‍ ആഗ്രഹിച്ചില്ല. അതുകൊണ്ട് 2005 ല്‍ ഏരിയല്‍ ഷാരോണിന്റെ നേതൃത്വത്തില്‍ അവരുടെ സൈന്യങ്ങളെ ഗസയില്‍ നിന്നും പിന്‍വലിച്ച് ഗസ അതിര്‍ത്തിയില്‍ വിന്യസിച്ചു. അങ്ങനെ പുറത്ത് കാവല്‍ക്കാരുള്ള ഒരു ജയിലു പോലെയായി അവിടം.
ഗസ ഇപ്പോഴും അധിനിവേശ ശക്തിയുടെ പിടിയിലാണെന്ന് നമുക്കെങ്ങനെ അറിയാം എന്ന ചോദ്യമുണ്ട്. യുഎന്നും (UN ) പ്രധാന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും പറയുന്നതിതാണ്: ഗാസ ഇപ്പോഴും അധിനിവേശ ശക്തിയുടെ നിയന്ത്രണത്തിലാണ്. കാരണം രാജ്യത്തിനകത്തേക്ക് എന്ത് കടത്തിവിടണമെന്നും അവിടെ നിന്ന് എന്ത് പുറത്തേക്ക് പോകണമെന്നും പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത് ഇസ്രായേലാണ്. അത് ആളുകളാണെങ്കിലും കയറ്റുമതി- ഇറക്കുമതി തുടങ്ങിയവയാണെങ്കിലും.
ആയുധങ്ങള്‍ ഗസയിലേക്ക് കടത്തുന്നത് തടയാന്‍ വേണ്ടിയാണ് തങ്ങള്‍ അവരുടെ കച്ചവടങ്ങള്‍ നിയന്ത്രിക്കുന്നത് എന്നാണ് ഇസ്രഈല്‍ അവകാശപ്പെടുന്നത്. പക്ഷെ കയറ്റുമതി നിയന്ത്രിക്കുന്നതിന് ഒരൊറ്റ കാരണമേയുള്ളു. അത് ഗാസയുടെ സമ്പദ്‌വ്യവവസ്ഥ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഗസക്ക് അവരുടെ സ്വന്തം തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതിയുമില്ല. 2010 ല്‍ മാനുഷിക സഹായങ്ങള്‍ എത്തിക്കാനായി ഗസയിലേക്ക് പുറപ്പെട്ട ഒരു കൂട്ടം കപ്പലുകളെ ഇസ്രഈല്‍ ആക്രമിക്കുകയും 10 സന്നദ്ധ പ്രവര്‍ത്തകരെ വധിക്കുകയും ചെയ്തു.
ഗസ ഇപ്പോഴും അധിനിവേശത്തിന്റെ ഇരയാണ്. 2006 ല്‍ ഹമാസ് തെരെഞ്ഞടുപ്പില്‍ ജയിച്ചതു മുതല്‍ മേഖലയില്‍ ഇസ്രഈല്‍ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.
വിവിധങ്ങളായ ഫലസ്തീന്‍ പാര്‍ട്ടികളെക്കുറിച്ചും ഇവിടെ പ്രതിപാതിക്കേണ്ടതുണ്ട്. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനിലെ (PLO) ഒരു പ്രധാന ഗ്രൂപ്പായിരുന്നു ഫലസ്തീനിലെ മതേതര ശക്തിയായ ‘ഫത്താഹ് ‘. അവര്‍ ഇസ്രഈലുമായി ഒരു കരാറുണ്ടാക്കി. അതാണ് ഓസ്ലോ ഉടമ്പടി. ഈ കരാര്‍ ആത്യന്തികമായി ഫലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്ക് നയിക്കുമെന്ന് ചില ഫലസ്തീനികളെങ്കിലും വിശ്വസിച്ചു.
എന്നാല്‍ തുടക്കം മുതല്‍ വളരെ സംശയാസ്പദമായ രീതിയിലാണ് അതിന്റെ പ്രവര്‍ത്തനം . സംശയിക്കാന്‍ ധാരാളം കാരങ്ങളുമുണ്ട്. സത്യത്തില്‍ ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത് ഇപ്രകാരമാണ് – ‘ഫലസ്തീന്‍ രാഷ്ട്രം കുറഞ്ഞ പദവിയുള്ള ഒരു രാഷ്ട്രമായിരിക്കും. അതൊരിക്കലും പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള ഒരു രാഷ്ട്രമായിരിക്കില്ല’. അതായത് ഇസ്രഈലികള്‍ക്ക് വേണ്ടി ഫലസ്തീനികളെ ഭരിക്കാനും അവരുടെ മേലുളള നിയന്ത്രണം നിലനിര്‍ത്താനും അവര്‍ക്കൊരു ഫലസ്തീന്‍ അതോറിറ്റി (ഫലസ്തീനികളായ അധികാരികള്‍ ) ഉണ്ടായിരിക്കണം.
കാലക്രമേണ ഫലസ്തീനിയന്‍ അതോറിറ്റി അഴിമതിയുടെ ഈറ്റില്ലമായി മാറി. അതൊരിക്കലും ഫലസ്തീന്‍ രാഷ്ട്രം എന്നതിലേക്ക് നയിക്കില്ലെന്ന് കൂടുതല്‍ വ്യക്തമായി. അതിനാല്‍ 2006 ല്‍ ഫലസ്തീനികള്‍ നടത്തിയ തെരെഞ്ഞെടുപ്പില്‍ വിജയിച്ചത് ഹമാസാണ്. അവര്‍ക്കാണ് ഭൂരിപക്ഷം ലഭിച്ചത്.
വലതുപക്ഷ മതമൗലികവാദികളായ ഇസ്ലാമിക പശ്ചാത്തലത്തില്‍ നിന്നാണ് ഹമാസ് പിറവിയെടുത്തത്.
എങ്കിലും കുറേയാളുകള്‍ അവരുടെ പരിപാടികളെയാേ നിലപാടുകളെയോ പിന്തുണച്ചില്ല. പക്ഷേ ഫലസ്തീന്‍ അതോറിറ്റിയുടെ അഴിമതിയില്‍ അവര്‍ക്ക് മനം: മടുത്തിരുന്നു. കൂടാതെ ഫലസ്തീന്‍ അതോറിറ്റി ഫലസ്തീനിന്റെ ‘രാഷ്ട്രപദവി’ എന്ന സ്വപ്‌നത്തിലേക്ക് ചുവടുവെക്കാനുള്ള യാതൊരു നീക്കവും നടത്തുന്നില്ല എന്ന തിരിച്ചറിവ് അവരെ കൂടുതല്‍ വിവശരാക്കി.
ഗസക്ക് മേല്‍ കടുത്ത ഉപരോധമേര്‍പ്പെടുത്തി ഗസ ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു കൊണ്ടാണ് ഹമാസിന്റെ തെരെഞ്ഞെടുപ്പ് വിജയത്താേട് പാശ്ചാത്യ ലോകവും ഇസ്രഈലും പ്രതികരിച്ചത്. ഫലസ്തീനിയന്‍ അതോറിറ്റിയുടെ ആളുകളെ ഹമാസ് ഗസയില്‍ നിന്ന് പുറത്താക്കി. അങ്ങനെയാണ് ഇത്തരം വിചിത്രമായ ഒരു സാഹചര്യം ഇവിടെ നിലവില്‍ വന്നത്.
അതായത് വെസ്റ്റ് ബാങ്കില്‍ ഇസ്രഈലിന്റെ നിയന്ത്രണത്തില്‍ ഫലസ്തീനിയന്‍ അതോറിറ്റി ഭരിക്കുന്നു.ഗാസയുടെ നിയന്ത്രണം ഹമാസിന്റെ പക്കലുമാണ്. എപ്പോഴൊക്കെ ഫലസ്തീനികള്‍ എന്തെങ്കിലും രീതിയിലുള്ള കരാറുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെയും ഇസ്രഈല്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അതിനെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടേയുള്ളു.
എന്നിരിക്കിലും’തങ്ങള്‍ക്ക് സന്ധിസംഭാഷണം നടത്താന്‍ ആരുമില്ല, കാരണം ഫലസ്തീനികള്‍ അത് അംഗീകരിക്കില്ല ‘ എന്ന പ്രചരണം നടത്താന്‍ ഇത് ഇസ്രഈലിനെ പ്രാപ്തരാക്കി. അതുകൊണ്ട് 2006 ല്‍ പ്രസ്തുത തെരെഞ്ഞെടുപ്പ് നടന്ന അന്ന് മുതല്‍ ഗസ ഹമാസിന്റെ നിയന്ത്രണത്തിലാണ്. അതിന് ശേഷം അവര്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. അതിനാല്‍ സ്വതന്ത്ര തെരെഞ്ഞെടുപ്പുകളില്‍ അവര്‍ എങ്ങനെ വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അവര്‍ തികഞ്ഞ സ്വേച്ഛാധിപതികളാണ്. വെസ്റ്റ് ബാങ്കിലാണെങ്കില്‍ ഫലസ്തീനിയന്‍ അതോറിറ്റിയുടെ നേതാവ് മഹ്മൂദ് അബ്ബാസ് നാലു വര്‍ഷം കാലാവധിയുള്ള ഭരണത്തില്‍ 18-ാമത്തെ വര്‍ഷവും തന്റെ ഭരണം തുടരുന്നു.
അതുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ സ്ഥാപനങ്ങളില്‍ നിന്ന് നല്ല രീതിയിലുള്ള ഒരു സമീപനം ലഭിച്ചവരല്ല ഫലസ്തീനികള്‍. ഗാസയിലാണെങ്കില്‍ നിയന്ത്രണം ഹമാസിന്റെ കൈയ്യിലുമാണ്.
മൈക്കല്‍ ആല്‍ബെര്‍ട്ട്: ഫലസ്തീനികളുടെ മേഖലകളില്‍ പോലും ഇത്തരം അധിനിവേശ പ്രശ്‌നങ്ങളും നല്ലൊരു രാഷ്ട്രീയ സംവിധാനത്തിന്റെ അഭാവവുമുണ്ട്. എന്നാല്‍ ജനങ്ങളുടെ സ്ഥിതി എന്താണ് ? ചുരുക്കത്തില്‍ എന്തിനെക്കുറിച്ചാണ് ഫലസ്തീനികള്‍ പരാതിപ്പെടേണ്ടത്? ചുരുക്കിപ്പറയാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ അതവരുടെ അവസ്ഥയാണ്.
സ്റ്റീഫന്‍ ആര്‍. ഷാലോം: രാജ്യത്തിനകത്തെ അവരുടെ രാഷ്ട്രീയ ഘടന എന്തു തന്നെയായാലും അവര്‍ ഇസ്രഈലിന്റെ ഭരണത്തിന് വിധേയമാണ്. അവര്‍ കൊളാേണിയല്‍ പ്രജകളാണ്.
മൈക്കല്‍ ആല്‍ബെര്‍ട്ട്: അതവരുടെ ജീവിതത്തെ എപ്രകാരമാണ് സ്വാധീനിക്കുന്നത്?
സ്റ്റീഫന്‍ ആര്‍. ഷാലോം: അതിനര്‍ത്ഥം അവര്‍ക്ക് അവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അവകാശമില്ല എന്നാണ്. അവര്‍ക്ക് എന്ത് സംഭവിക്കണമെന്ന തീരുമാനത്തില്‍ അവര്‍ക്ക് പങ്കില്ല. അതായത് വെസ്റ്റ് ബാങ്കില്‍ പലപ്പോഴും അവരുടെ വീടുകള്‍ കൈയ്യേറി . അവരുടെ ഭൂമി പിടിച്ചടക്കി. അവരുടെ ഒലീവ് മരങ്ങള്‍ പിടിച്ചെടുത്തു. അങ്ങനെ അവര്‍ ഫലസ്തീനികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലേക്ക് വീണ്ടും വീണ്ടും കേന്ദ്രീകരിക്കപ്പട്ട് അവിടങ്ങളില്‍ മാത്രമായി ചുരുങ്ങി.
അതേസമയം ഇസ്രഈലില്‍ നിന്നുള്ള ജൂത കുടിയേറ്റക്കാര്‍ വെസ്റ്റ് ബാങ്കിലെ സെറ്റില്‍മെന്റുകളിലേക്ക് ചേക്കേറി . അന്താരാഷ്ട്ര നിയമപ്രകാരം ഇത്തരം സെറ്റില്‍മെന്റുകളെല്ലാം നിയമ വിരുദ്ധമാണ്. അതനുസരിച്ച് അധിനിവേശ ഭൂമിയിലേക്ക് തങ്ങളുടെ ജനതയെ മാറ്റിപ്പാര്‍പ്പിക്കരുത്. എന്നാല്‍ ഇസ്രഈല്‍ അവരുടെ ലക്ഷക്കണക്കിനാളുകളെ അവിടെ ജീവിച്ചിരുന്ന ഫലസ്തീനികളുടെ ചെലവില്‍ ഈ പ്രദേശത്തേക്ക് മാറ്റി.
വെസ്റ്റ് ബാങ്കിലെ ഒരിടത്ത് നിന്ന് ഏതാനും മൈലുകള്‍ അകലെയുള്ള മറ്റൊരിടത്തേക്ക് പോകാന്‍ നിങ്ങള്‍ ചില വളഞ്ഞ വഴികളിലൂടെ ചുറ്റി സഞ്ചരിക്കണം. കാരണം അവിടെയുള്ള റോഡുകള്‍ ഇസ്രഈലികള്‍ക്ക് മാത്രമായുള്ളവയാണ്. ഇടക്കിടയ്ക്ക് ചെക്‌പോയിന്റുകളുമുണ്ട്. അതുകൊണ്ട് വെസ്റ്റ് ബാങ്കില്‍ മുഴുവന്‍ ഒറ്റയടിക്ക് നിങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുകയില്ല. ധാരാളം ഭൂമി, ധാരാളം വെള്ളം, കൂടാതെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ എന്നിവയെല്ലാമുള്ള സ്ഥലങ്ങളാണ് ഫലസ്തീന്റെ ഭാഗമായ പ്രദേശങ്ങള്‍.
എന്നാല്‍ ഒരു ചെക്കര്‍ ബോര്‍ഡിലെ കള്ളികള്‍ പോലെ ഫലസ്തീന്‍ പ്രദേശങ്ങളുടെ കഷ്ണങ്ങള്‍ ഇസ്രഈലികള്‍ക്ക് മാത്രമുളള റോഡുകള്‍, ഇസ്രഈലി സെറ്റില്‍മെന്റുകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. പക്ഷേ പതുക്കെപ്പതുക്കെ ഫലസ്തീനികള്‍ അവിടങ്ങളില്‍ നിന്നും കുടിയിറക്കപ്പെടുന്നു. ക്രമേണയാണെങ്കിലും ആത്യന്തികമായി അത് സംഭവിച്ചിരിക്കും.
ഇസ്രഈലുകാരില്‍ ചിലര്‍ക്ക് മുഴുവന്‍ ഫലസ്തീനികളെയും അവിടെ നിന്ന് ആട്ടിയോടിക്കണമെന്നുണ്ട്. നിലവിലുള്ള ഗവണ്‍മെന്റിലെ ചിലരടക്കം അതാഗ്രഹിക്കുന്നു.
ഇസ്രഈലിന്റെ ചരിത്രത്തില്‍ വെച്ചേറ്റവും വലിയ ഫാസിസ്റ്റ് ഗവണ്‍മെന്റാണ് ഇപ്പോഴത്തേത്. 1948 ല്‍ തുടങ്ങിവെച്ച ജോലി പൂര്‍ത്തിയാക്കുക എന്നതാണ് അവരുടെ പക്ഷം. എന്നാല്‍ ഫലസ്തീനികളെ അവര്‍ക്കായി മാറ്റി വെച്ച വളരെ ചെറിയ ഇടങ്ങളിലേക്ക്(റിസര്‍വേഷനുകളില്‍) ഒതുക്കുകയും നല്ല ഭൂമിയും നല്ല വെള്ളവും ഇസ്രഈലികള്‍ക്ക് വേണ്ടി മാറ്റി വെക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു കൂട്ടരുടെ ആവശ്യം.
അതാണിപ്പോള്‍ വെസ്റ്റ് ബാങ്കില്‍ സംഭവിച്ചിരിക്കുന്നത്. പക്ഷേ ഗസയില്‍ ഇത്തരത്തില്‍ മൂല്യവത്തായ ഭൂമിയോ ജലസ്രോതസ്സുകളോ ഇല്ല. ഇസ്രഈലിന്റെ തുടര്‍ച്ചയായ ബോംബാക്രമണങ്ങളില്‍ ആളുകള്‍ കൊല്ലപ്പെടുക മാത്രമല്ല, അതവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നു. ഗസയിലേക്കുള്ള ഇറക്കുമതി ഇസ്രഈല്‍ നിയന്ത്രിക്കുന്നത് കാരണം അവര്‍ക്ക് പുനര്‍നിര്‍മ്മാണം സാധ്യവുമല്ല. ഇറക്കുമതി ചെയ്യാനുള്ള അനുമതി ഇസ്രഈല്‍ നല്‍കിയിരുന്നുവെങ്കില്‍ അവര്‍ക്ക് മുഴുവനായും തകര്‍ക്കപ്പട്ട നിലയിലുള്ള തങ്ങളുടെ കുടിവെള്ള സംവിധാനവും മലിനജല സംവിധാനവും പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമായിരുന്നു.
ഗസയില്‍ മാനുഷികമായ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഗസയിലെ ഈ മാനുഷികപ്രതിസന്ധി വളരെക്കാലം മുമ്പുതന്നെ തുടങ്ങിയതാണ്. അതായത് ആഴ്ച്ചകള്‍ക്ക് മുമ്പ് തുടങ്ങിയ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കും ഏറെ മുമ്പ്.
വാസ്തവത്തില്‍ ഒരു പതിറ്റാണ്ടു മുമ്പ് ഐക്യരാഷ്ട്ര സഭ ഗസയില്‍ കാര്യങ്ങള്‍ ഇങ്ങനെ തുടര്‍ന്നാല്‍ 2020 ല്‍ അത് ജീവിതയോഗ്യമല്ലാതാവും എന്നു പറഞ്ഞെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. അതിനാല്‍ സ്വയം നിര്‍ണ്ണയാവകാശം ലഭിക്കുക, നല്ല രീതിയിലുള്ള ജീവിതം നയിക്കുക എന്നീ കാര്യങ്ങളെടുത്താല്‍ വളരെക്കാലമായി ഒരു മാനുഷിക പ്രതിസന്ധി ഇവിടെ നിലനില്‍ക്കുന്നു. ഗസയില്‍ തൊഴിലില്ലായ്മയാണങ്കില്‍ 50% ന് മുകളിലുമാണ്.
ഇക്കാരണത്താല്‍ ഫലസ്തീനികള്‍ മുഴുവന്‍ ഗസ വിടാന്‍ തീരുമാനിച്ചാല്‍ ഇസ്രഈലിന് സന്തോഷമാവും. കാരണം അതവരുടെ പുറത്താക്കല്‍ അജണ്ടക്ക് ആക്കം കൂട്ടും.
മൈക്കല്‍ ആല്‍ബര്‍ട്ട്: അതുകാെണ്ട് ജനങ്ങളുടെ ദുരിതം ഇവിടെ വ്യക്തമാണ്. ഏത് സ്ഥലത്ത് നിന്നാണെങ്കിലും ഫലസ്തീനികളെ സംബന്ധിച്ച് ഇത്തരം അടിച്ചമര്‍ത്തപ്പെട്ട സാഹചര്യങ്ങളെ വെല്ലുവിളിക്കാനും അതില്‍ നിന്ന് രക്ഷപ്പെടാനുമുള്ള ചില മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്? അവരുടെ അത്തരം പരിശ്രമങ്ങളാേടുള്ള ചില പ്രധാന പ്രതികരണങ്ങള്‍ എന്തെല്ലാമായിരുന്നു? എനിക്കറിയാം ഇതൊരു വലിയ വിഷയമാണ്. അതിനാല്‍ പെട്ടെന്ന് ഇതിനുള്ള ഉത്തരം നല്‍കാന്‍ താങ്കളോട് ആവശ്യപ്പെടുന്നത് ശരിയല്ല. പക്ഷേ ചുരുക്കത്തില്‍, ഫലസ്തീനികളുടെ ഭാഗത്ത് നിന്ന് ഏത് തരത്തിലുള്ള പ്രതികരണമാണുണ്ടായത്? അതിന് ഇസ്രഈല്‍ തിരിച്ചടിച്ചതെങ്ങനെ?
സ്റ്റീഫന്‍ ആര്‍.ഷാലോം : 1980 ല്‍ ഇന്‍തിഫാദ എന്നറിയപ്പെടുന്ന ആദ്യത്തെ പ്രക്ഷോഭവുമായി ഫലസ്തീനികള്‍ ഉയിര്‍ത്തെഴുന്നേറ്റു. അത് അഹിംസാമാര്‍ഗ്ഗത്തിലൂടെയുള്ള ഒരു പ്രക്ഷോഭമായിരുന്നു. പക്ഷേ ഇസ്രഈല്‍ വളരെ ക്രൂരമായിട്ടായിരുന്നു അതിനോട് പ്രതികരിച്ചത്. സൈനിക മേധാവിയായിരുന്ന യിറ്റ്‌സാക്ക് റബീന്‍ അദ്ദേഹത്തിന്റെ സൈനികരോട് പ്രക്ഷോഭകരുടെ അസ്ഥികള്‍ തകര്‍ക്കാനാണ് ആജ്ഞാപിച്ചത്. പക്ഷേ പിന്നീട് അദ്ദേഹം വലിയൊരു ഫലസ്തീന്‍ അനുകൂലിയായി കണക്കാകപ്പെടുകയും വധിക്കപ്പെടുകയുമുണ്ടായി.
അഹിംസാത്മകമായി നടത്തപ്പെട്ട ഇന്‍തിഫാദ എന്നറിയപ്പെട്ട ഈ പ്രക്ഷോഭത്തെ പൊളിക്കാന്‍ ഇസ്രഈല്‍ കണക്കില്ലാത്ത ക്രൂരതയാണ് അഴിച്ചു വിട്ടത്. അതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ ഫലസ്തീനികള്‍ പലവട്ടം പലതരത്തിലുള്ള അഹിംസാത്മക പോരാട്ടങ്ങള്‍ നടത്തി. 2000 ങ്ങളുടെ തുടക്കത്തില്‍ രണ്ടാമത്തെ ഇന്‍തിഫാദ തുടങ്ങിയപ്പോള്‍ തന്നെ ഇസ്രഈല്‍ മാരകമായ അക്രമം അഴിച്ചുവിടുകയും അതൊരു ഹിംസാത്മകമായ ഇന്‍തിഫാദയായി മാറാന്‍ പ്രേരണ നല്‍കുകയും ചെയ്തു. അതില്‍ ധാരാളം ഇസ്രഈലികള്‍ കൊല്ലപ്പെട്ടു. പക്ഷേ അതിനേക്കാളധികം ഫലസ്തീനികളും കൊല്ലപ്പെട്ടു.
എന്നാല്‍ ആ ശ്രമവും പരാജയപ്പെട്ടു. കാരണം സൈനിക ശേഷിയുടെ കാര്യത്തില്‍ ഇസ്രഈലിന് ഫലസ്തീനികളെ അപേക്ഷിച്ച് അളവറ്റ ആസ്തിയുണ്ട്. ഫലസ്തീനികള്‍ മുന്‍കൈയ്യെടുത്ത് വീണ്ടും വിവിധങ്ങളായ നയതന്ത്ര ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. 2003 ല്‍ സൗദി അറേബ്യ മുന്നോട്ട് വെച്ച് , ഫലസ്തീനും മറ്റെല്ലാ അറബ് രാഷ്ട്രങ്ങളും ഒപ്പ് വെച്ച കരാറില്‍ പറയുന്നത് ,വെസ്റ്റ് ബാങ്കിലും ഗസയിലും ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ ഇസ്രഈല്‍ അനുവദിച്ചാല്‍ എല്ലാ അറബ് രാഷ്ട്രങ്ങളും ഇസ്രഈലിന് അംഗീകാരം നല്‍കുമെന്നും അവരുമായി സമാധാനപരമായ ബന്ധം സ്ഥാപിക്കുമെന്നുമാണ്. എന്നാല്‍ ഇസ്രഈല്‍ അത് നിരസിച്ചു.
2018 ല്‍ ഗാസയിലെ ഫലസ്തീനികള്‍ അതിര്‍ത്തിയിലേക്കും , ഗസക്ക് ചുറ്റും ഇസ്രഈലികള്‍ നിര്‍മ്മിച്ച മതിലുകള്‍ക്ക് അടുത്തേക്കും മാര്‍ച്ച് ചെയ്തു. തുടക്കത്തില്‍ അഹിംസാത്മകമായിട്ടാണ് അവര്‍ വേലിക്കടുത്തേക്ക് നീങ്ങിയത്. പക്ഷെ പിന്നീട് ആളുകള്‍ പാറക്കഷ്ണങ്ങളും നാടന്‍ കൈബോംബുകളും മറ്റും അതിര്‍ത്തിയിലേക്ക് എറിയാന്‍ തുടങ്ങി. ഫലസ്തീനികളുടെ ഭാഗത്ത് നിന്ന് മാരകമായ ഭീഷണിയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഇസ്രഈല്‍ ഒളിപ്പോരാളികള്‍ ഏകദേശം 200 പേരെ കൊലപ്പെടുത്തി.
കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ , മാധ്യമപ്രവര്‍ത്തകര്‍ , കുട്ടികള്‍ തുടങ്ങിയവര്‍ക്കു നേരെയും അവര്‍ നിറയൊഴിച്ചു. ഇക്കാരണങ്ങളാല്‍ നിരവധി ഫലസ്തീനികള്‍ അഹിംസാ മാര്‍ഗ്ഗം സ്വീകരിക്കുന്നതില്‍ അസംതൃപ്തരായി. പക്ഷേ ഫലസ്തീനികളില്‍ പലരും പറയുന്നത് ഇതാണ്, സായുധ മാര്‍ഗ്ഗത്തിലൂടെ പോയാല്‍ നമുക്ക് വിജയിക്കാനാവുമെങ്കിലും അത്തരം ഒരു ഒപ്ഷന്‍ സത്യത്തില്‍ നമുക്കില്ല.
മൈക്കല്‍ ആല്‍ബര്‍ട്ട്:ഇനി നമുക്ക് ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങളിലേക്ക് വരാം. രണ്ടാഴ്ച മുന്‍പ് ഹമാസിന്റെ ആക്രമണമുണ്ടായിരിക്കുകയാണ്. പ്രസ്തുത ആക്രമണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയായിരുന്നു എന്നതിനെക്കുറിച്ച് എനിക്ക് നിശ്ചയമില്ല.പറയപ്പെടുന്നത് പോലെ ഇറാനിന്റെ പങ്ക് വല്ലതും ഉണ്ടായിരുന്നോ? ഇസ്രായേലിന്റെ സമീപകാല വലതുപക്ഷ ചായ്‌വും ഒരു ഘടകമാണോ? എത്രത്തോളം നമുക്കതിനെ ന്യായീകരിക്കാന്‍ അല്ലെങ്കില്‍ അനുകമ്പാപൂര്‍വ്വം അതിനെ മനസ്സിലാക്കാന്‍ കഴിയും ?(ന്യായീകരണവും അനുകമ്പയോടെ കാണുന്നതും ഒന്നല്ല എന്ന് അടിവരായിട്ട് പറയട്ടെ) ഇസ്രഈലിന്റെ മതിലുകള്‍, വേലികള്‍ തുടങ്ങിയവക്കെതിരെയുള്ള ഗസക്കാരുടെ വികാരമാണ് ഇതിന്റെ അടിസ്ഥാനം, അവര്‍ കാലങ്ങളായി പതുക്കെപ്പതുക്കെ മരണത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്, ഇതില്‍നിന്ന് രക്ഷനേടാന്‍ കൂടുതല്‍ ആക്രമണോത്സുകമായി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ അവര്‍ ആഗ്രഹിച്ചു തുടങ്ങിയ വാദങ്ങള്‍ നിരത്തി നമുക്കതിനെ നീതീകരിക്കാനാവുമോ ?
സ്റ്റീഫന്‍ ആര്‍.ഷാലോം: ഇവിടെ ഒരുപാട് വ്യത്യസ്തമായ ചോദ്യങ്ങള്‍ ഉണ്ട്. ഒന്നാമതായി അവര്‍ എന്താണ് നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നത് ? അത് വ്യക്തമല്ല. നിരവധി കാര്യങ്ങള്‍ അവിടെ സംഭവിച്ചിട്ടുണ്ട്. ഇസ്രഈല്‍ ഗവണ്‍മെന്റിന്റെ വലതുപക്ഷ സ്വഭാവത്തെക്കുറിച്ച് താങ്കളിവിടെ പരാമര്‍ശിച്ചല്ലാേ, അതൊരു യഥാര്‍ത്ഥ കാരണമാണ്.
അതായത് ഫലസ്തീനികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രപദവി എന്നെങ്കിലും നല്‍കാന്‍ ഞങ്ങള്‍ തയ്യാറല്ല, മുന്‍സര്‍ക്കാരുകള്‍ ചെയ്തതുപോലെ തങ്ങള്‍ അങ്ങനെ അഭിനയിക്കാന്‍ പോലും പോകുന്നില്ല എന്നതാണ് നിലവിലെ ഗവണ്‍മെന്റിന്റെ നിലപാട്. ഞങ്ങളത് ഒരിക്കലും അനുവദിക്കില്ല. കഴിയുന്നിടത്തോളം ഫലസ്തീന്‍ ഭൂമി ഇസ്രഈലിനോട് കൂട്ടിച്ചേര്‍ക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്നൊക്കെയാണ് അവരുടെ ഭാഷ്യം.
ഒക്ടോബര്‍ 7 ന് ഹമാസ് ഗാസയില്‍ നടത്തിയ സൈനിക ആക്രമണത്തില്‍ ഇത്രത്തോളം വിജയം നേടിയതിന്റെ ഒരു കാരണം ഭൂരിഭാഗം ഇസ്രഈല്‍ സൈനികരും ഗസ പരിസരത്ത് നിന്ന് വെസ്റ്റ് ബാങ്കിലേക്ക് മാറ്റപ്പെട്ടിരുന്നു എന്നതാണ്.
വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ വംശഹത്യ നടത്തുന്ന സായുധരായ കൂടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ വേണ്ടിയായിരുന്നു ഇത്. ഫലസ്തീനികള്‍ക്കെതിരെയുള്ള ഇസ്രഈലിന്റെ അക്രമങ്ങള്‍, ഫലസ്തീനികളടെ മതപരമായ സ്ഥലങ്ങളിലെ ഇസ്രഈലി കൈയ്യേറ്റങ്ങള്‍, ഫലസ്തീനികളുടെ ഭൂമി ഇസ്രഈലികള്‍ പിടിച്ചടക്കുന്ന പണികള്‍ തുടങ്ങിയ സംഭവവികാസങ്ങളില്‍ ഉണ്ടായ വലിയ വര്‍ദ്ധനവ് മുഴുവന്‍ ഫലസ്തീനകള്‍ക്കും വ്യക്തമായിരുന്നു.
ഇവയൊക്കെയാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കാരണങ്ങള്‍.
രണ്ടാമത്തെ കാര്യം അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറി കൊണ്ടിരുന്ന സംഭവ വികാസങ്ങളാണ്. സൗദി അറേബ്യയും ഇസ്രഈലും തമ്മില്‍ ഒരുകരാറുണ്ടാക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. 1948 ല്‍ ഇസ്രഈല്‍ സ്ഥാപിതമായ അന്ന് മുതല്‍ ഭൂരിഭാഗം അറബ് രാജ്യങ്ങളും പറഞ്ഞിരുന്നത് ഫലസ്തീനികള്‍ക്ക് നീതി ലഭ്യമാകുന്നതു വരെ ഞങ്ങള്‍ ഇസ്രഈലിനെ അംഗീകരിക്കുകയില്ല എന്നാണ്.
എന്നാല്‍ 1979 ല്‍ ഈജിപ്ത് ഇതിനെ ഖന്ധിക്കുകയും ഇസ്രഈല്‍ പിടിച്ചടക്കിയ സിനായ് തിരിച്ച് കിട്ടാന്‍ വേണ്ടി ഇസ്രഈലുമായി ഒരു കരാറുണ്ടാക്കുകയും ചെയ്തു. ജോര്‍ദ്ദാനും ഇസ്രഈലുമായി ബന്ധം സ്ഥാപിച്ചു. ഇനി മൊറോക്കോ ആണെങ്കില്‍ ട്രംപിന്റെ നേതൃത്ത്വത്തില്‍ ഉണ്ടാക്കിയ ‘എബ്രഹാം അക്കോര്‍ഡ്‌സ്’* എന്ന ഉടമ്പടി പ്രകാരം പടിഞ്ഞാറന്‍ സഹാറയിലെ മൊറോക്കോയുടെ അധിനിവേശത്തെ ഇസ്രഈലും അമേരിക്കയും അംഗീകരിക്കുന്നതിന് പകരമായി ഇസ്രഈലിനെ അംഗീകരിക്കാന്‍ തയ്യാറായി.
അതിനാല്‍ ഈ വിഷയത്തില്‍ തുടക്കത്തില്‍ ഒരേപോലെയുള്ള നിലപാട് സ്വീകരിച്ചിരുന്ന അറബ് രാജ്യങ്ങള്‍ പിന്നീടതില്‍ വെള്ളം ചേര്‍ത്തു. പക്ഷേ സൗദി അറേബ്യ ഇസ്രഈലിന് പിറകെ പോയിരുന്നുവെങ്കില്‍ ഫലസ്തീനികള്‍ പ്രതീക്ഷയറ്റവരായി മാറുമായിരുന്നു. എന്നാല്‍ ഈയൊരു ഘടകം ആക്രമണത്തില്‍ കാര്യമായ പങ്കുവഹിച്ചിട്ടില്ല എന്നാണ് എന്റെയാെരു നിഗമനം. കാരണം കൂടുതലാളുകളും കരുതുന്നത് യഥാര്‍ത്ഥത്തില്‍ അനുരഞ്ജന ശ്രമങ്ങളാെന്നും നടക്കാന്‍ പോകുന്നില്ല എന്നാണ്.
ഇസ്രഈല്‍ ഫലസ്തീനികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയാല്‍ മാത്രമേ തങ്ങള്‍ ഇതിനു വഴങ്ങുകയുള്ളു എന്ന സൗദിയുടെ പ്രസ്താവനയാലാണിത്. മറ്റേതെങ്കിലും ഇസ്രഈല്‍ സര്‍ക്കാരുകള്‍ ആയിരുന്നെങ്കില്‍ ഒരുപക്ഷേ കണ്ണില്‍ പൊടിയിടാന്‍ പറ്റിയ ചില ആനുകൂല്യങ്ങള്‍ ഫലസ്തീനികള്‍ക്ക് നല്‍കുമായിരിക്കാം. എന്നാല്‍ ഇപ്പോഴത്തെ വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍ അങ്ങനെയൊന്ന് നല്‍കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. അതിനാല്‍ അത്തരമൊരു സൗദി – ഇസ്രഈല്‍ ഉടമ്പടി നടക്കുമായിരുന്നു എന്ന കാര്യത്തില്‍ എനിക്ക് സംശയമാണ്.
എന്നാല്‍ ചിലര്‍ കരുതുന്നത് സൗദി – ഇസ്രഈല്‍ ഉടമ്പടിയില്‍ ഇറാന് പ്രത്യേകം ആശങ്കയുണ്ട് അതിനാല്‍ അവര്‍ ഹമാസിനെ ഇത്തരമൊരു ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചു എന്നാണ്. ഇത് സാധ്യമായ എല്ലാ ഇസ്രഈല്‍ – സൗദി ചര്‍ച്ചകളും തടസ്സപ്പെടുത്തുമെന്ന പ്രതീക്ഷയോടെയാണ് അവരത് ചെയ്തത് എന്നാണ് അവരുടെ പക്ഷം. ഹമാസിന് പരിശീലനം നല്‍കിയതും ആയുധങ്ങളും പണവും നല്‍കിയതും ഇറാനായിരുന്നു എന്ന കാര്യം തീര്‍ച്ചയാണ്. എന്നാല്‍ ചുരുങ്ങിയത് ഒരു വര്‍ഷം മുമ്പെങ്കിലും ഈ ആക്രമണം ആസൂത്രണം ചെയ്തിട്ടുണ്ടാവും എന്നുറപ്പാണ്. അതുകൊണ്ട് തന്നെ പെട്ടെന്നുണ്ടായ എന്തെങ്കിലും ഘടകങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല.
പിന്നെ താങ്കള്‍ ന്യായികരണം, വിശദീകരണം തുടങ്ങിയവയെക്കുറിച്ച് ചോദിച്ചല്ലോ. അക്കാര്യം പറയാം. ഒക്ടോബര്‍ 7 ന് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട 1400 ഇസ്രഈലികളില്‍ മൂന്നില്‍ രണ്ടു ഭാഗവും സാധാരണ പൗരന്‍മാരായിരുന്നു. സിവിലിയന്‍മാരെ കൊല്ലുന്നത് എന്റെ കാഴ്ചപ്പാടില്‍ എല്ലായ്‌പ്പോഴും അപലപനീയവും ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്തതുമായ കാര്യമാണ്. എന്നാല്‍ പൂര്‍ണ്ണമായും സിവിലിയന്‍മാരെന്ന് പറയാന്‍ പറ്റാത്ത ചിലരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രയാസമാണ്.
ഉദാഹരണത്തിന് താങ്കള്‍ ഒരു ടാങ്ക് ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത് എന്നിരിക്കട്ടെ, എങ്കില്‍ താങ്കള്‍ ഒരു സിവിലിയന്‍ ആണോ ? താങ്കള്‍ പ്രതിരോധ സെക്രട്ടറിയാണെങ്കില്‍ സാങ്കേതികമായി സിവിലിയന്‍ എന്ന ഗണത്തില്‍ പെടുമോ? തുടങ്ങിയവ….അപ്പോള്‍ സിവിലിയന്‍മാര്‍ എന്ന ഗണത്തില്‍ അത്തരം തീരുമാനിക്കാന്‍ പ്രയാസമുള്ള കേസുകള്‍ ഉണ്ട്.
പക്ഷേ കുട്ടികളെ സംബന്ധിക്കുന്ന കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. അതിനാല്‍ ഇത്തരത്തിലുള്ള നിഷ്‌കളങ്കരായ പൗരന്‍മാരെ കൊല്ലുന്നത് തികച്ചും തെറ്റാണ്, അസ്വീകാര്യവുമാണ്.
പക്ഷേ വളരെക്കാലമായി മനുഷ്യത്വരഹിതമായും മൃഗീയമായും ആക്രമിക്കപ്പെടുന്ന ഒരു ജനത ആ രീതിയില്‍ പ്രക്ഷുബ്ധരാവുന്നത് നമുക്ക് തീര്‍ച്ചയായും മനസ്സിലാക്കാന്‍ സാധിക്കും. അതുപോലെത്തന്നെ ഇസ്രഈലിന്റെ തിരിച്ചടിയില്‍ അതിനേക്കാള്‍ കൂടുതല്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നുണ്ട്. അതും മനസ്സിലാക്കാം. പ്രതികാരം, തുടങ്ങിയ വികാരങ്ങളും നമുക്ക് മനസ്സിലാകും.
ഇരുഭാഗത്തുമുള്ള മരണ സംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ (അതായത് ഒക്ടോബര്‍ 7 ന് കൊല്ലപ്പെട്ട ഇസ്രഈലികളും അന്ന് മുതല്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഫലസ്തീനികളും ) അതിനേക്കാള്‍ ഗൗരവമേറിയതാണ് ഇനിയങ്ങോട്ട് ജീവന്‍ അപകടത്തിലായ ലക്ഷക്കണക്കായ ആളുകളുടെ എണ്ണം. വരും ദിവസങ്ങളില്‍ നമ്മള്‍ ശരിയായ ഊന്നല്‍ നല്‍കുന്നത് അതിലായിരിക്കണം.
content highlights; 75 years of Gaza’s history; How does Hamas violence happen?, interview with Jewish Voice for Peace member Stephen R. Shalom, Part 1