| Monday, 22nd May 2023, 1:50 pm

ആഗസ്റ്റ് 15നകം 75 വന്ദേഭാരത് ട്രെയിന്‍: റെയില്‍വേയുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ പറ്റില്ലെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യം വെച്ചത് പോലെ ആഗസ്റ്റ് 15നുള്ളില്‍ രാജ്യത്തെ വിവിധ റൂട്ടുകളില്‍ 75 വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കാന്‍ പറ്റില്ലെന്ന് റിപ്പോര്‍ട്ട്. മൂന്ന് മാസത്തിനുള്ളില്‍ റെയില്‍വേയ്ക്ക് 17 വന്ദേഭാരത് ട്രെയിന്‍ മാത്രമേ ഓടിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വിദഗ്ദരുടെ അഭിപ്രായത്തില്‍ 75 വന്ദേഭാരത് ട്രെയിന്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കണമെങ്കില്‍ ആഴ്ചയില്‍ മൂന്ന്- നാല് വന്ദേ ഭാരത് എങ്കിലും നിര്‍മിക്കേണ്ടതുണ്ട്.

‘ആഗസ്റ്റ് 15നകം 75 ട്രെയിന്‍ പൂര്‍ത്തിയാക്കുക എന്നത് ബുദ്ധിമുട്ടാണ്. ലക്ഷ്യം കൈവരിക്കണമെങ്കില്‍ ആഴ്ചയില്‍ മൂന്ന്-നാല് വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറക്കേണ്ടി വരും. റെയില്‍വേ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണ്,’ റെയില്‍വേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ലക്ഷ്യം കൈവരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും ട്രെയിനിന്റെ എണ്ണത്തിലല്ല കാര്യമെന്നും ട്രെയിന്‍ 18ന്റെ നിര്‍മാതാവും ചെന്നൈ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി ജനറല്‍ മാനേജറുമായ സുധന്‍ശു മണി പറഞ്ഞു.

‘എനിക്ക് അങ്ങനെ തോന്നുന്നില്ല. എന്റെ കാഴ്ചപ്പാടില്‍ ഇപ്പോള്‍ നല്ല മാറ്റമുണ്ടായിട്ടുണ്ട്. ആഗസ്റ്റ് 15നുള്ളില്‍ 75ഓ 25ഓ ട്രെയിനുകള്‍ നിര്‍മിക്കുമെന്നതിലല്ല കാര്യം.

പാത നവീകരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ട്രെയിന്‍ നിര്‍മാണത്തിന്റെ പ്രവൃത്തികള്‍ നടക്കുന്നില്ല. കൂടുതല്‍ ട്രെയിനുകള്‍ നിര്‍മിക്കാനുള്ള സമ്മര്‍ദം റിപ്പോര്‍ട്ടുകളില്‍ പറയുന്നത് പോലെ ട്രെയിനുകളുടെ ഗുണനിലവാരം കുറയാന്‍ കാരണമാകും,’ അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് 15നകം 75 വന്ദേഭാരത് ട്രെയിനുകള്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ വേണ്ടി ഐ.സി.എഫില്‍ നിന്നുള്‍പ്പെടെ നിര്‍മിച്ച പാതകള്‍ മതിയാകില്ലെന്ന് റെയില്‍വേ മന്ത്രാലയത്തില്‍ നിന്നുള്ള സോഴ്‌സ് ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 15നകം 30 വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കാന്‍ പറ്റുന്ന രീതിയില്‍ റെയില്‍വേ വിജയിച്ചാല്‍ അത് നല്ല കാര്യമാകുമെന്നും സോഴ്‌സ് പറഞ്ഞു.

അതേസമയം ജൂണിനുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലും വന്ദേ ഭാരത് ട്രെയിന്‍ എത്തിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.

2022 കേന്ദ്ര ബജറ്റില്‍ നിര്‍മല സീതാരാമനും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400ല്‍ കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നു.

content highlight: 75 Vandebharat trains by August 15: Railways may not meet target, report says

We use cookies to give you the best possible experience. Learn more