ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനം വര്‍ധിക്കുന്നു; മോദിയെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റിന് കത്തയച്ച് 75ഓളം യു.എസ് ജനപ്രതിനിധികള്‍
World News
ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനം വര്‍ധിക്കുന്നു; മോദിയെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റിന് കത്തയച്ച് 75ഓളം യു.എസ് ജനപ്രതിനിധികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st June 2023, 1:52 pm

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലതുപക്ഷ സര്‍ക്കാരിന് കീഴില്‍ ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഭരണകൂടം കണ്ണടയ്ക്കുകയാണെന്ന് ബൈഡന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം. ചൊവ്വാഴ്ച യു.എസ് സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും 75ഓളം നിയമസഭാംഗങ്ങള്‍ ഒപ്പിട്ട കത്തിലൂടെയാണ് ഇരു ഭരണകൂടങ്ങളെയും പ്രതിനിധികള്‍ വിമര്‍ശിച്ചത്.

മോദിയുമായുള്ള ബൈഡന്റെ ചര്‍ച്ചകളില്‍ ഇന്ത്യയിലെ മനുഷ്യാവകാശ ആശങ്കകള്‍ കൂടി ഉന്നയിക്കണമെന്ന് അമേരിക്കയുടെ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. മത സ്വാതന്ത്ര്യത്തെയും പൗര സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ഇന്ത്യയുടെ കണക്കുകള്‍ സൂക്ഷ്മമായി പഠിക്കേണ്ടതുണ്ടെന്ന് ഏതാനും ഡെമോക്രാറ്റിക് അംഗങ്ങള്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ രാഷ്ട്രീയമായ ഏകാധിപത്യം, ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തല്‍, മതപരമായ അസഹിഷ്ണുത വര്‍ധിക്കുന്നത്, പൗരാവകാശ സംഘടനകളെയും മാധ്യമ പ്രവര്‍ത്തകരെയും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്, പത്രസ്വാതന്ത്ര്യത്തിനും ഇന്റര്‍നെറ്റ് ഉപയോഗത്തിനും മേല്‍ വര്‍ധിക്കുന്ന നിയന്ത്രണങ്ങള്‍, എന്നീ വിഷയങ്ങളില്‍ ആശങ്കാജനകമായ നിരവധി റിപ്പോര്‍ട്ടുകള്‍ വരുന്നതായും യു.എസ് ജനപ്രതിനിധികള്‍ എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

കത്തില്‍ ഒപ്പിടാത്ത അമേരിക്കന്‍ ഡെമോക്രാറ്റിക് പ്രതിനിധി റാഷിദ ത്‌ലൈബ് ചൊവ്വാഴ്ച ട്വീറ്റ് ചെയ്ത പോസ്റ്റില്‍ മോദിയുടെ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത് ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞു. അമേരിക്കന്‍ നിയമനിര്‍മാണ സഭയിലേക്കുള്ള മോദിയുടെ സന്ദര്‍ശനം ലജ്ജാകരമാണെന്ന് റാഷിദ ത്‌ലൈബും വിമര്‍ശിച്ചു.

 

മറ്റൊരു ഡെമോക്രാറ്റിക് പ്രതിനിധിയായ ഇല്‍ഹാന്‍ ഒമര്‍ മോദിയുടെ പ്രസംഗം ബഹിഷ്‌കരിക്കും. മോദി സര്‍ക്കാര്‍ രാജ്യത്ത് ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് ഇല്‍ഹാന്‍ ഒമര്‍ ആരോപിച്ചു.

മോദി സര്‍ക്കാര്‍ അക്രമാസക്തരായ ഹിന്ദു ദേശീയവാദ ഗ്രൂപ്പുകളെ ശക്തിപ്പെടുത്തുകയാണെന്നും, മാധ്യമ പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും കടന്നാക്രമിക്കുകയുമാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.

പ്രസംഗത്തില്‍ പങ്കെടുക്കുന്നതിന് പകരം മോദിയുടെ അടിച്ചമര്‍ത്തലിന്റെയും അക്രമങ്ങളുടെയും കണക്കുകള്‍ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ വിവരിക്കുമെന്നും ഇല്‍ഹാന്‍ ഒമര്‍ പറഞ്ഞു.

Content Highlights:  75 US representatives sent a letter to the US President criticizing Modi