വാഷിങ്ടൺ: കഴിഞ്ഞ 30 വർഷത്തെ അപേക്ഷിച്ച് 2020 വരെയുള്ള മൂന്ന് ദശാബ്ദങ്ങളിൽ ഭൂമിയുടെ 77 ശതമാനത്തിലധികം ഭാഗത്തും വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഡിസംബർ 9 തിങ്കളാഴ്ച യു.എൻ കൺവെൻഷൻ ടു കോംബാറ്റ് ഡെസേർട്ടിഫിക്കേഷൻ (യു.എൻ.സി.സി.ഡി) പുറത്ത് വിട്ട റിപ്പോർട്ടിലാണിത് പറയുന്നത്. സൗദി അറേബ്യയിലെ റിയാദിൽ വെച്ച് യു.എൻ.സി.സി.ഡിയുടെ 16-ാമത് കോൺഫറൻസ് നടന്നു.
റിപ്പോർട്ടിൽ ആഗോള ഡ്രൈലാൻഡ് ഏകദേശം 4.3 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വർധിച്ചതായും പറയുന്നു. ഇത് ഇന്ത്യയുടെ വലിപ്പത്തേക്കാൾ ഏകദേശം മൂന്നിലൊന്ന് വലുതാണ്. അതായത് ഭൂമിയുടെ 40 ശതമാനത്തിലധികം ഭാഗം ഉൾക്കൊള്ളുന്നു.
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ തടയാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടാൽ, ഈ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ലോകത്തിലെ ഈർപ്പമുള്ള പ്രദേശങ്ങളുടെ മറ്റൊരു 3 ശതമാനം കൂടി വരണ്ട പ്രദേശങ്ങളായി മാറുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ വരണ്ട പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ എണ്ണം 2.3 ബില്യണായി വർധിച്ചു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഏറ്റവും മോശമായ സാഹചര്യമാണ് വരാൻ പോകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 2100ഓടെ 5 ബില്യൺ ആളുകൾ വരണ്ട പ്രദേശങ്ങളിൽ താമസിക്കേണ്ടി വരുമെന്ന് റിപ്പോർട്ട് പറഞ്ഞു.
യൂറോപ്പിൻ്റെ 96 ശതമാനവും പടിഞ്ഞാറൻ യു.എസിൻ്റെ ചില ഭാഗങ്ങൾ, ബ്രസീൽ, ഏഷ്യ, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിൽ 96 ശതമാനവും മറുവൽക്കരണം ബാധിച്ച പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. ദക്ഷിണ സുഡാനിലും ടാൻസാനിയയിലുമാണ് ഏറ്റവും കൂടുതൽ മരുവൽക്കരണം ഉണ്ടാകുന്നത്.
ലോകത്തിലെ പകുതിയോളം ഡ്രൈ ലാൻഡ് നിവാസികളും ഏഷ്യയിലും ആഫ്രിക്കയിലുമാണ്. കാലിഫോർണിയ, ഈജിപ്ത്, കിഴക്കൻ, വടക്കൻ പാകിസ്ഥാൻ, ഇന്ത്യയുടെ വലിയ ഭാഗങ്ങൾ, വടക്കുകിഴക്കൻ ചൈന എന്നിവിടങ്ങളിലാണ് ഏറ്റവും ജനസാന്ദ്രതയുള്ള വരണ്ട പ്രദേശങ്ങൾ ഉള്ളത്.
ഉയർന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ വർധിക്കുന്ന സാഹചര്യങ്ങളിൽ, മിഡ് വെസ്റ്റേൺ യുണൈറ്റഡ് സ്റ്റേറ്റ്സ്, സെൻട്രൽ മെക്സിക്കോ, വടക്കൻ വെനിസ്വേല, വടക്കുകിഴക്കൻ ബ്രസീൽ, തെക്കുകിഴക്കൻ അർജൻ്റീന, മുഴുവൻ മെഡിറ്ററേനിയൻ പ്രദേശം, കരിങ്കടൽ തീരം, ദക്ഷിണാഫ്രിക്കയുടെ വലിയ ഭാഗങ്ങൾ, തെക്കൻ ഓസ്ട്രേലിയ എന്നിവിടങ്ങളിൽ മരുവൽക്കരണം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് സൂചിപ്പിച്ചു.
ഒരു പ്രദേശത്തിൻ്റെ കാലാവസ്ഥ വരണ്ടതാകുമ്പോൾ, മുമ്പത്തെ അവസ്ഥകളിലേക്ക് മടങ്ങാനുള്ള ആ പ്രദേശത്തിന്റെ കഴിവ് നഷ്‌ടപ്പെടുന്നു. ലോകമെമ്പാടുമുള്ള വിശാലമായ പ്രദേശങ്ങളെ ഇപ്പോൾ ബാധിക്കുന്ന വരണ്ട കാലാവസ്ഥ ആ സ്ഥലങ്ങളുടെ മുമ്പുള്ള അവസ്ഥയിലേക്ക് മാറാനുള്ള സാഹചര്യം പാടെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഈ മാറ്റം ഭൂമിയിലെ ജീവിതത്തെ പുനർനിർവചിക്കുന്നതായും റിപ്പോർട്ട് പറഞ്ഞു.
Content Highlight: 75 pc of Earth drier in the last 30 years, a condition with permanent impact: UN