ന്യൂദൽഹി: കഴിഞ്ഞ നാല് വർഷത്തിനിടെ അന്താരാഷ്ട്ര അതിർത്തി (ഐ.ബി) കടന്ന് ഇന്ത്യയിലേക്ക് പറന്ന ഡ്രോണുകളിൽ ഏകദേശം 75 ശതമാനവും പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിൽ നിന്നുള്ളതെന്ന് റിപ്പോർട്ട്. അതിർത്തി സുരക്ഷാ സേന (ബി.എസ്.എഫ്) പിടിച്ചെടുത്ത ഡ്രോണുകളുടെ ഡാറ്റയിലാണ് വിവരം സൂചിപ്പിച്ചിരിക്കുന്നത്.
ഇത്തരത്തിൽ അതിർത്തി കടന്ന് പറന്ന 251 ഡ്രോണുകളിൽ 184 എണ്ണം അമൃത്സറിൽ വെടിവച്ചു വീഴ്ത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ നിന്ന് 42 ഡ്രോണുകളും വെടിവെച്ചിട്ടുണ്ട്.
ബി.എസ്.എഫ് പോലുള്ള സുരക്ഷാ സേനകളും പഞ്ചാബ്, ദൽഹി , മണിപ്പൂർ എന്നിവിടങ്ങളിലെ പൊലീസ് സേനകളും വെടിവെച്ചിട്ട ഡ്രോണുകളുടെ പറക്കൽ പാത, വേഗത, ടേക്ക് ഓഫ്, ലാൻഡിങ് ഏരിയകൾ തുടങ്ങിയ ഡാറ്റ വിശകലനം ചെയ്യുന്നതിനായി 2022ൽ കേന്ദ്രം ദൽഹിയിൽ ഒരു ഫോറൻസിക് ലബോറട്ടറി സ്ഥാപിച്ചു. അതിർത്തിക്കപ്പുറത്ത് നിന്ന് വരുന്ന ഡ്രോണുകളുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി 2024 മെയ് മാസത്തിൽ അമൃത്സറിലും അത്തരമൊരു ലബോറട്ടറി സ്ഥാപിച്ചു.
2022 മുതലുള്ള നാല് വർഷത്തിനുള്ളിൽ, ന്യൂദൽഹി ഡ്രോൺ ഫോറൻസിക് ലബോറട്ടറി 307 ഡ്രോണുകളുടെ ഡാറ്റ വിശകലനം ചെയ്തു. അതിൽ 284 എണ്ണം ബി.എസ്.എഫ് വെടിവെച്ചിട്ട ഡ്രോണുകളിലാണ്. അതേസമയം അമൃത്സർ ലാബ് ഇതുവരെ 194 ഡ്രോണുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
ഡ്രോണുകൾ വഴി മയക്കുമരുന്ന്, ആയുധങ്ങൾ, എന്നിവയുടെ വിതരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർധിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. പഞ്ചാബിലെ അതിർത്തി ജില്ലകൾ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളികളിൽ ഒന്നാണിതെന്ന് സുരക്ഷാ സേനയും ഏജൻസികളും പറഞ്ഞു. 2020 മുതൽ ബി.എസ്.എഫ് ഉദ്യോഗസ്ഥർ വെടിവെച്ചിട്ട ഡ്രോണുകളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള ക്രമാതീതമായ വർധനവിൽ നിന്ന് ഇത് മനസിലാക്കാം.
2020ലും 2021ലും ഒന്ന് ആയിരുന്ന എണ്ണം 2022 ആയപ്പോൾ 22 ആയി വർധിച്ചു, 2023 ൽ ഇത് 119 ആയി. 2024ലിൽ എത്തിയപ്പോൾ ഇത് 304 ആയി വർധിച്ചു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി പ്രവർത്തിക്കുന്നവർക്ക് മയക്കുമരുന്നും വെടിക്കോപ്പുകളും എത്തിക്കുന്നതിനുള്ള പ്രധാന സ്രോതസായി ഐ.ബിയിലുടനീളം പറക്കുന്ന ഡ്രോണുകൾ മാറിയിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസും ബി.എസ്.എഫും പറഞ്ഞു. അതിർത്തിയിൽ പാകിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകളുടെ വെടിക്കോപ്പുകളും സൂക്ഷിക്കുന്ന ആളുകൾക്കുള്ള പ്രതിഫലമാണ് ഈ മയക്കുമരുന്ന്.
പഞ്ചാബിൽ വെടിവെച്ച ഡ്രോണുകളുടെ ഫോറൻസിക് വിശകലനം അനുസരിച്ച്, 2024ൽ അമൃത്സർ, ഗുരുദാസ്പൂർ, ഫിറോസ്പൂർ തുടങ്ങിയ അതിർത്തി ജില്ലകളിൽ 230 ഓളം ഡ്രോണുകൾ മയക്കുമരുന്നുമായി പറന്നിരുന്നു.
അമൃത്സർ പോലുള്ള അതിർത്തി ജില്ലകളിൽ പഞ്ചാബ് പൊലീസിനെതിരെ ഗ്രനേഡ് അല്ലെങ്കിൽ ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു) ആക്രമണങ്ങളുടെ എണ്ണത്തിലും ക്രമാധീതമായി വർധനവ് ഉണ്ടായിട്ടുണ്ട്.
Content Highlight: 75% cross-border drones BSF shot down in Amritsar in last 4 years were launched from Lahore