നയ്പിഡോ: മ്യാന്‍മറില്‍ പട്ടാള ഭരണകൂടം അധികാരമേറ്റതിന് പിന്നാലെ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 75ലധികം കുട്ടികളെന്ന് യു.എന്‍. റിപ്പോര്‍ട്ട്. ആയിരത്തിലധികം കുട്ടികള്‍ മ്യാന്‍മറില്‍ തടവിലാക്കപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മ്യാന്‍മറിലെ കുട്ടികള്‍ക്ക് നേരെ ആക്രമണം രൂക്ഷമാകുകയാണ്. ഒരു ഡസനിലധികം കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്,’ യു.എന്‍. പ്രതിനിധി മിക്കികോ ഒട്ടാനി പറഞ്ഞു.
പട്ടാള ഭരണകൂടത്തിനെതിരെ നടന്ന പ്രതിഷേധസമരങ്ങള്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി കുട്ടികളാണ് കൊല്ലപ്പെട്ടത്. ദിനംപ്രതി നിരവധി കുഞ്ഞുങ്ങളെ ഭരണകൂടം അനധികൃതമായി അറസ്റ്റ് ചെയ്ത് തടവിലാക്കുകയും ചെയ്യുന്നതായി ഒട്ടാനി പറഞ്ഞു.
ഫെബ്രുവരി ഒന്നിനാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മ്യാന്‍മറില്‍ മിന്‍ ഓങ് ഹ്ളെയിങ്ങിന്റെ നേതൃത്വത്തില്‍ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുന്നത്.
ആങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥയും സൈന്യം പ്രഖ്യാപിച്ചിരുന്നു.
പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധവുമായെത്തിയവരെ സേന അതിക്രൂരമായാണ് നേരിട്ടത്. നിരവധി പേര്‍ കൊല്ലപ്പെടുകയും അതിലേറെ പേര്‍ ജയിലിലാവുകയും ചെയ്തു.
അതിനിടെ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്ത മ്യാന്‍മറില്‍ പട്ടിണിയെ തുടര്‍ന്ന് ജനങ്ങള്‍ കൂട്ടമരണം നേരിടേണ്ടി വരുമെന്ന് നേരത്തെ ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം വിദഗ്ധരാണ് പട്ടാളത്തിന്റെ അടിച്ചമര്‍ത്തലും അക്രമവും രാജ്യത്തെ ജനങ്ങളെ ഗുരുതരസ്ഥിതിയിലാക്കുമെന്ന് പറഞ്ഞത്.
പട്ടാളം നടത്തിയ ആക്രമണങ്ങളുടെ ഭാഗമായി കയാഹ് എന്ന സംസ്ഥാനത്തില്‍ നിന്നും ഒരു ലക്ഷത്തോളം പേര്‍ക്കാണ് വീടുകള്‍ ഉപേക്ഷിച്ച് പോകേണ്ടി വന്നതെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചു.
കയാഹെന്നും കനേരിയെന്നും അറിയപ്പെടുന്ന മ്യാന്‍മറിലെ ഒരു സംസ്ഥാനത്തില്‍ പതിനായിരങ്ങളാണ് ജീവന് ഭീഷണി നേരിട്ടുകൊണ്ടു ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ മ്യാന്‍മര്‍ വിഭാഗം വിദഗ്ധന്‍ ടോം ആന്‍ഡ്രൂസ് പറഞ്ഞിരുന്നു.
കുട്ടികളടക്കം വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മ്യാന്‍മര്‍ പട്ടാളത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ നടപടിയുണ്ടാകണമെന്നും അത് എത്രയും വേഗം തന്നെ ഉണ്ടാകണമെന്നും ടോം ആന്‍ഡ്രൂസ് പറഞ്ഞിരുന്നു.
ബോംബാക്രമണം ആരംഭിച്ചതോടെയാണ് കയേഹയില്‍ നിന്നും ജനങ്ങള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത്. കാടുകളില്‍ അഭയം തേടിയിരിക്കുന്ന ഇവര്‍ക്ക് ഭക്ഷണമോ വെള്ളമോ മരുന്നോ ലഭിക്കാനുള്ള മാര്‍ഗങ്ങളൊന്നുമില്ലെന്ന് ടോം പറഞ്ഞു. മ്യാന്‍മറിലെ ജനങ്ങള്‍ അയല്‍രാജ്യങ്ങളില്‍ അഭയം തേടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.