രാജ്യത്ത് 74 ദശലക്ഷം പേര്‍ പട്ടിണി മൂലം ദുരിതമനുഭവിക്കും: റിപ്പോര്‍ട്ട്
national news
രാജ്യത്ത് 74 ദശലക്ഷം പേര്‍ പട്ടിണി മൂലം ദുരിതമനുഭവിക്കും: റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th May 2022, 4:46 pm

ന്യൂദല്‍ഹി: മാറി വരുന്ന കാലാവസ്ഥ രാജ്യത്തെ ഭക്ഷ്യസമ്പത്തുള്‍പ്പെടെ വിവിധ മേഖലകളെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുകയാണ്. ഉയര്‍ന്ന താപനില, കാലം തെറ്റിയുള്ള മഴ തുടങ്ങിയവ മൂലം രാജ്യത്തെ കാര്‍ഷിക വിളയുടെ തോതില്‍ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ നടത്തിയത്. ഇത് ഭക്ഷ്യ വിതരണ ശൃംഖലയേയും കാര്യമായി ബാധിച്ചിട്ടുണ്ട്.

പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളുടെ പരിണിതഫലമായി 2050ഓടെ ദശലക്ഷക്കണക്കിന് മനുഷ്യര്‍ പട്ടിണി അനുഭവിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഗ്ലോബല്‍ ഫുഡ് പോളിസി റിപ്പോര്‍ട്ട് 2022ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2021ലെ ആഗോള പട്ടിണി സൂചിക പ്രകാരം 116 രാജ്യങ്ങളില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്. 27.5 ആണ് രാജ്യത്തെ ഹംഗര്‍ ലെവല്‍. ഇത് ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്നും കൂടുതല്‍ ഭയാനകമായ സാഹചര്യം സൃഷ്ടിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ഐ.എഫ്.ആര്‍.ഐ റിപ്പോര്‍ട്ട് പ്രകാരം 1990 മുതല്‍ 2018 വരെയുള്ള കാലയളവില്‍ രാജ്യത്ത് പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

2030ഓടെ രാജ്യത്തെ ഭക്ഷണ ഉത്പപാദനത്തില്‍ 16ശതമാനത്തിന്റെ കുറവും പട്ടിണി നിരക്കില്‍ 23 ശതമാനം വര്‍ധനവും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍, 1967 മുതല്‍ 2016 വരെയുള്ള നിരവധി വിളകളുടെ കാര്‍ഷിക ഉത്പാദന ഡാറ്റ പ്രകാരം ശരാശരി താപനില വര്‍ധിക്കുന്നതിനനുസരിച്ച് ഭൂമിയുടെ ശരാശരി ഉത്പാദനക്ഷമത കുറയുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Content Highlight: 74 million people to be affected by poverty-report