| Thursday, 16th July 2020, 4:10 pm

ലോക്ഡൗണില്‍ കേന്ദ്രം ദുരിതാശ്വാസഫണ്ട് നല്‍കിയത് 736 സംഘപരിവാര്‍ സംഘടനകള്‍ക്ക്; ഇവ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളവും

സാഗര്‍

ലോക്ക്ഡൗണില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്താനായി കേന്ദ്രസര്‍ക്കാര്‍ ധനസഹായം അനുവദിച്ച സംഘടനകളില്‍ 736ഉം ആര്‍.എസ്.എസുമായി ബന്ധമുള്ള എന്‍.ജി.ഒകള്‍. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനായി വിവിധ സംഘടനകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രത്യേക ധനസഹായം അനുവദിച്ചിരുന്നു. ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ധനസഹായം അനുവദിച്ച സംഘടനകളില്‍ 736 എണ്ണവും രാഷ്ട്രീയ സ്വയംസേവക് സംഘുമായി (ആര്‍.എസ്.എസ്) നേരിട്ട് ബന്ധമുള്ള സംഘടനകളാണ്. മെയ് 13 വരെ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. രാഷ്ട്രീയ സേവാ ഭാരതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയാണ് ഈ 736 എന്‍.ജി.ഒകളും.

വിദ്യാഭ്യാസം, ആരോഗ്യം, സ്വയംപര്യാപ്തത എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് സേവാ ഭാരതി എന്ന ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നത്. സേവാ ഭാരതിയുടെ 736 സംഘടനകളടക്കം 94,662 എന്‍.ജി.ഒകളാണ് ഏപ്രില്‍ ആദ്യ വാരം മുതല്‍ ‘കൊവിഡ് പോരാളികള്‍’ എന്ന പേരില്‍ ജില്ലാ ഭരണകേന്ദ്രങ്ങളോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരടങ്ങിയ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായിരുന്നു ഈ സംഘടനകളുടെ കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ‘കൊവിഡ് പോരാളികളായ’ എന്‍.ജി.ഒകളുടെ പട്ടിക നീതി ആയോഗിന്റെ എന്‍.ജി.ഒ ദര്‍പ്പണ്‍ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടതോടു കൂടി സേവാ ഭാരതിയുടെ ഈ സംഘടനകള്‍ക്ക് സംസ്ഥാന ദുരിതാശ്വാസനിധികളില്‍ നിന്നും ഫണ്ട് ലഭിച്ചിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ലക്ഷ്യം വെച്ചുകൊണ്ടാണ്  2005ല്‍ ദുരന്തനിവാരണനിയമ പ്രകാരം സംസ്ഥാന ദുരിതാശ്വാസ നിധി രൂപീകരിക്കുന്നത്.

ലോക്ക്ഡൗണ്‍ ആരംഭിച്ച സമയം മുതല്‍ ആര്‍.എസ്.എസ് നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി ‘ദ കാരവാന്‍’ അന്വേഷണ പരമ്പര പ്രസിദ്ധീകരിച്ച് വരുന്നുണ്ട്. ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കുക എന്ന തങ്ങളുടെ അടിസ്ഥാന ലക്ഷ്യത്തിന് ജനങ്ങള്‍ക്കിടയില്‍ സ്വാധീനവും സ്വീകാര്യതയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊവിഡ് കാലത്തെയടക്കം വിവിധ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് മൂന്ന് തവണ നിരോധിക്കപ്പെട്ട സംഘടനയായ ആര്‍.എസ്.എസ് ശ്രമിച്ചുക്കൊണ്ടിരിക്കുന്നതെന്നും ഈ അന്വേഷണ പരമ്പരയിലെ ആദ്യ റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

തങ്ങള്‍ നടത്തുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്നതായി ഒരിക്കല്‍ പോലും ആര്‍.എസ്.എസ് എവിടെയും പരസ്യമായി പ്രസ്താവിച്ചിട്ടില്ല. അതുകൊണ്ടാണ് സേവാ ഭാരതിക്ക് കീഴിലുള്ള സംഘടനകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ലഭിക്കുന്നത് സുപ്രധാന ചര്‍ച്ചയാകുന്നത്.

2014 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സേവാ ഭാരതിയുടെ കീഴിലുള്ള 928 എന്‍.ജി.ഒകളുടെ നേതൃത്വത്തില്‍ സാമൂഹ്യ -സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട 57,000 പ്രോജക്ടുകളാണ് നടന്നുവന്നിരുന്നത്. ഈ സംഘടനകളുടെയെല്ലാം വിവരങ്ങള്‍ സേവാ ഭാരതിയുടെ വെബ്സൈറ്റിലുണ്ട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണെന്നും ഇവക്ക് ആര്‍.എസ്.എസുമായി ആശയപരമായ ബന്ധം മാത്രമേയുള്ളുവെന്നുമാണ് സേവാ ഭാരതിയുടെ വാദം.

എന്നാല്‍ സേവാ ഭാരതിയുടെ തന്നെ അഞ്ച് വര്‍ഷത്തെയും വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ (ഇത് അവസാനമായി പ്രസിദ്ധീകരിച്ചത് 2014ലാണ്) ആര്‍.എസ്.എസിന്റെ സര്‍കാര്യവാഹകായ (ഉപാധ്യക്ഷന്‍) ഭയ്യാജി ജോഷി പറയുന്നത് ഇങ്ങിനെയാണ് ‘ഈ സംഘടനകളിലെ പ്രവര്‍ത്തകരെല്ലാം ആര്‍.എസ്.എസിന്റെ പ്രാദേശിക ഗ്രൂപ്പുകളിലുള്ളവരാണ്…ഈ പ്രവര്‍ത്തനങ്ങളൊന്നും തന്നെ ആര്‍.എസ്.എസ് ബാനറിലല്ല നടക്കുന്നതെങ്കിലും ഇവയ്‌ക്കെല്ലാം നേതൃത്വം നല്‍കുന്നത് ആര്‍.എസ്.എസ് സ്വയംസേവകരാണ്.’ സമാനമായ രീതിയില്‍ സേവാ ഭാരതിയില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുവരെ ആര്‍.എസ്.എസിന്റെ ഉന്നത നേതൃത്വത്തിലും കാണാം.

ആര്‍.എസ്.എസ് തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘ്, വിദ്യാര്‍ത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷദ് തുടങ്ങി 46 സംഘടനകളാണ് ആര്‍.എസ്.എസിന് ദേശീയ തലത്തിലുള്ളതെന്ന് ആസാമിലെ ആര്‍.എസ്.എസ് ബുദ്ധിജീവിയായ  ശങ്കര്‍ ദാസ് തന്നെ പറഞ്ഞിട്ടുണ്ട്.  പക്ഷെ  ആര്‍.എസ്.എസിന് കീഴില്‍ വരുന്ന സംഘടനകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇപ്പോഴും കൃത്യമായ ധാരണകളില്ല.

ആര്‍.എസ്.എസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതോ നികുതിയടക്കുന്നതോ ആയ ഒരു  സംഘടനയല്ല. അതിനാല്‍ സംഘപരിവാര്‍ എന്ന പേരിലറിയപ്പെടുന്ന ആര്‍.എസ്.എസും അനുബന്ധ സംഘടനകളും ഒരിക്കലും യാതൊരുവിധ ഓഡിറ്റിംഗിനും വിധേയമാവുന്നില്ല. മാത്രമല്ല കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ പുറത്തുനിന്ന് ഒരു സഹായവും സ്വീകരിക്കാത്ത പരിപൂര്‍ണ്ണമായും സ്വയംപര്യാപ്തതയുള്ള സംഘടനയെന്ന പേര് ജനങ്ങള്‍ക്കിടയില്‍ പ്രതിഷ്ഠിക്കാന്‍ സംഘപരിവാറിന് കഴിഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസിന്റെ സന്നദ്ധപ്രവര്‍ത്തകരായ ‘സ്വയംസേവകര്‍’   ‘ഗുരുദക്ഷിണ’ ആയി നല്‍കുന്ന സംഭാവനകളിലൂടെയാണ് സംഘടനയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം സ്വരൂപിക്കുന്നതെന്ന വാദവും ഇവര്‍ നിരന്തരം ആവര്‍ത്തിക്കാറുണ്ട്.

സേവാ ഭാരതിയുമായി ബന്ധമുള്ളവരടക്കം പതിനൊന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള 24 ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായി ഞാന്‍ സംസാരിച്ചിരുന്നു. സംഘപരിവാറിന് എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമാണ് എല്ലാവരും നല്‍കിയത് ‘ഞങ്ങള്‍ സ്വയം പണം കണ്ടെത്തുകയാണ്. ചിലപ്പോഴെല്ലാം ജനങ്ങളില്‍ നിന്നും സംഭാവന ലഭിക്കാറുമുണ്ട്.’ പക്ഷെ ഒരാള്‍ പോലും സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സാമ്പത്തികസഹായത്തെക്കുറിച്ച് സൂചിപ്പിച്ചതേയില്ല. പക്ഷെ, സേവാ ഭാരതിയുടെ വെബ്‌സൈറ്റില്‍ സ്വകാര്യ കമ്പനികള്‍ക്ക് സി.എസ്.ആര്‍(കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) ഫണ്ട് ചിലവഴിക്കാനുള്ള വേദിയായി ഈ എന്‍.ജി.ഒകളെ അവതരിപ്പിക്കുന്നുണ്ട്.

രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞ സമയത്ത് നീതി ആയോഗ് ഒരു ആഹ്വാനം നടത്തിയിരുന്നു. സ്വകാര്യ കമ്പനികള്‍ അവരുടെ സി.എസ്.ആര്‍ ഫണ്ട് വിനിയോഗിക്കാന്‍ എന്‍.ജി.ഒ ദര്‍പ്പണില്‍ രേഖപ്പെടുത്തിയിട്ടുള്ള എന്‍.ജി.ഒകളെ പരിഗണിക്കണമെന്നായിരുന്നു നീതി ആയോഗിന്റെ നിര്‍ദേശം.

സ്വകാര്യ കമ്പനികള്‍ അവരുടെ വാര്‍ഷിക ലാഭത്തിന്റെ രണ്ട് ശതമാനം അവരുടെ തന്നെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷനുകള്‍ വഴിയോ ഇത്തരത്തിലുള്ള മറ്റു സംഘടനകള്‍ വഴിയോ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണം എന്നാണ് നിലവിലെ നിയമം. കഴിഞ്ഞ മാര്‍ച്ച് 23ന് കൊവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങളെ കൂടി സി.എസ്.ആര്‍ ഫണ്ട് വിനിയോഗമായി കണക്കാക്കുമെന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അറിയിച്ചിരുന്നു. സ്വഭാവികമായും നീതി ആയോഗിന്റെ എന്‍.ജി.ഒ ദര്‍പ്പണില്‍ ഉള്ള സേവാ ഭാരതിയുടെ എന്‍.ജി.ഒകളടക്കം സി.എസ്.ആര്‍ ഫണ്ടിന് യോഗ്യരായി.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് കൊവിഡ് – ലോക്ക്ഡൗണ്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ എന്‍.ജി.ഒകളെ ഉള്‍പ്പെടുത്താം എന്നും, അവര്‍ക്ക് സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ നല്‍കാമെന്നും തീരുമാനമെടുക്കുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളില്‍ പറയുന്നത്. ജനങ്ങളുടെ ജോലിയുടെയും ശമ്പളത്തിന്റെയും ഭക്ഷണത്തിന്റെയും താമസസ്ഥലത്തിന്റെയുമെല്ലാം കാര്യത്തില്‍ യാതൊരു ഉറപ്പും നല്‍കാതെ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് നഗരങ്ങളില്‍ കഴിഞ്ഞുവരികയായിരുന്ന ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ക്കാണ് എല്ലാം നഷ്ടപ്പെട്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് കാല്‍നടയായി മടങ്ങേണ്ടി വന്നത്.  ലോക്ക്ഡൗണ്‍ ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗത്തെയാണ് തകര്‍ത്തുകളഞ്ഞത്.

അതിഥിതൊഴിലാളികള്‍ അതിര്‍ത്തി കടന്നുപോകുന്നത് തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ഡി.ജി.പിമാരോട് ആവശ്യപ്പെടുക കൂടി ചെയ്തതോടെ മാര്‍ച്ച് 28 ആയപ്പോഴേക്കും 12 ലക്ഷത്തോളം തൊഴിലാളികളാണ് വിവിധ സംസ്ഥാന അതിര്‍ത്തികളില്‍ കുടുങ്ങിക്കിടന്നത്.

തുടര്‍ന്ന് മാര്‍ച്ച് 29ന്  കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഔട്ട്‌ബ്രേക്കിനെ ഫലപ്രദമായി നേരിടാനാകുന്ന സുസജ്ജമായ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം തയ്യാറാക്കുന്നതിനായി എംപവേര്‍ഡ് ഗ്രൂപ്പ് എന്ന പേരില്‍ പ്രത്യേകം ഗ്രൂപ്പുകളെ ഉണ്ടാക്കി. ഇതില്‍ എംപവേര്‍ഡ് ഗ്രൂപ്പ് 6 നെ നയിച്ചത് നീതി ആയോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ അമിതാഭ് കാന്തായിരുന്നു. ഈ ഗ്രൂപ്പിന്റെ ലക്ഷ്യം സ്വകാര്യ കമ്പനികള്‍, അന്താരാഷ്്ട്ര സംഘടനകള്‍, എന്‍.ജി.ഒകള്‍ എന്നിവയുമായി ചേര്‍ന്നുക്കൊണ്ട് പ്രവര്‍ത്തിക്കുക എന്നതായിരുന്നു.

ഏപ്രില്‍ 5ന് അമിതാഭ് കാന്ത് അധ്യക്ഷനായി നടന്ന എംപവേര്‍ഡ് ഗ്രൂപ്പ് 6 ആദ്യ യോഗത്തിന് ശേഷം വാര്‍ത്തകുറിപ്പ് പുറത്തുവിട്ടിരുന്നു. ‘സര്‍ക്കാരിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് നീതി ആയോഗിന്റെ എന്‍.ജി.ഒ ദര്‍പ്പണില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 92,000 എന്‍.ജി.ഒ/സി.എസ്.ഒകളിലേക്കും നീതി ആയോഗിന്റെ സി.ഇ.ഒ കത്തയച്ചിട്ടുണ്ട്’ എന്നായിരുന്നു ഈ കുറിപ്പില്‍ പറഞ്ഞിരുന്നത്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കല്‍, ബോധവത്കരണ പരിപാടികള്‍, കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ പദ്ധതികളിലേക്കാണ് ഈ പിന്തുണ ആവശ്യപ്പെട്ടിട്ടുള്ളത്. എന്‍.ജി.ഒ/സി.എസ്.ഒകള്‍ നല്‍കുന്ന മനുഷ്യവിഭവമടക്കമുള്ള എല്ലാ സ്രോതസ്സുകളും ഉപയോഗപ്പെടുത്താന്‍ ജില്ലാ ഭരണകേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ സംസ്ഥാന ചീഫ്  സെക്രട്ടറിമാരോട് അമിതാഭ് കാന്ത് ആവശ്യപ്പെട്ടതായും ഈ വാര്‍ത്തകുറിപ്പില്‍ പറയുന്നു.

അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. കെ മിശ്ര എന്നിവര്‍ കൂടി പങ്കെടുത്ത എംപവേര്‍ഡ് ഗ്രൂപ്പുകളുടെ അവലോകനയോഗം നടന്നിരുന്നു. ലഭ്യമായ വിഭവങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും കൃത്യതയോടെ പദ്ധതികള്‍ നടപ്പാക്കുന്നതിനും ജില്ലാ ഭരണകേന്ദ്രങ്ങള്‍ എന്‍.ജി.ഒകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ഉപകാരപ്രദമാകുമെന്നാണ് യോഗത്തില്‍ പി.കെ മിശ്ര അഭിപ്രായപ്പെട്ടതെന്ന് നരേന്ദ്ര മോദിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച യോഗത്തെക്കുറിച്ചുള്ള കുറിപ്പില്‍ പറഞ്ഞിരുന്നു.

യോഗം നടന്നതിന്റെ തൊട്ടടുത്ത ദിവസം, ഏപ്രില്‍ 11ന് എന്‍.ജി.ഒകള്‍ക്ക് ഭക്ഷ്യധാന്യ വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സര്‍ക്കുലര്‍ ഇറക്കി. ‘ഈ അസാധാരണ സന്ദര്‍ഭം കണക്കിലെടുത്ത്…എഫ്.സി.ഐ പട്ടികയില്‍ ഉള്‍പ്പെടുത്തല്‍, രജിസ്റ്റര്‍ ചെയ്യല്‍, ഓണ്‍ലൈന്‍ ലേലം എന്നീ നടപടികളൊന്നും കൂടാതെ തന്നെ ദുരിതാശ്വാസ ക്യാംപുകള്‍ നടത്തുകയോ ആവശ്യക്കാര്‍ക്ക് ഭക്ഷണവിതരണം നടത്തുകയോ ചെയ്യുന്ന ജീവകാരുണ്യ/ എന്‍.ജി.ഒകള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്’  എന്നാണ് ഈ സര്‍ക്കുലറില്‍ പറഞ്ഞത്.

രണ്ടാഴ്ചയ്ക്ക് ശേഷം, ഏപ്രില്‍ 25ന് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രി ഹര്‍ഷ് വര്‍ധന്‍ അധ്യക്ഷനായ കേന്ദ്ര മന്ത്രിമാരടങ്ങിയ ഉന്നതാധികാരസമിതി യോഗം ചേര്‍ന്നിരുന്നു. എന്‍.ജി.ഒകള്‍ക്ക് സംസ്ഥാന ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായവും, എഫ്.സി.ഐ കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യങ്ങളും നല്‍കുന്നുണ്ടെന്നാണ് യോഗത്തില്‍ അമിതാഭ് കാന്ത് കേന്ദ്രമന്ത്രിമാരെ അറിയിച്ചത്.

തൊട്ടടുത്ത ദിവസം തന്നെ സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ ആര്‍.എസ്.എസ് സ്വന്തം പേരില്‍ വിതരണം ചെയ്യുകയാണെന്ന് ആരോപിച്ചുകൊണ്ട് സമാജ് വാദി പാര്‍ട്ടി പ്രസിഡന്റും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. ‘സത്യസന്ധമായി പ്രവര്‍ത്തിക്കുന്നതിന് പകരം ബി.ജെ.പി സര്‍ക്കാരുകള്‍  രാഷ്ട്രീയം കളിക്കുകയാണ്. സംസ്ഥാനത്തെ ആര്‍.എസ്.എസ് സംഭരണശാലകളും കമ്മ്യൂണിറ്റി കിച്ചണുകളും തമ്മില്‍ ഒരു വ്യത്യാസവുമില്ല. സന്നദ്ധ സംഘടനകളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച ഭക്ഷ്യവസ്തുക്കളെല്ലാം മോദി ബാഗുകളില്‍ നിറച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബി.ജെ.പി കുടുംബങ്ങള്‍ക്ക് മാത്രമായി വിതരണം നടത്തുകയാണ്.’ അഖിലേഷ് യാദവ് പറഞ്ഞു.

ലോക്ക്ഡൗണ്‍ സമയത്തെ ആര്‍.എസ്.എസിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പരസ്യമായി കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തുവന്ന അപൂര്‍വം നേതാക്കളിലൊരാളാണ് അഖിലേഷ് യാദവ്.

അഖിലേഷ് യാദവ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് വാരാണാസിയില്‍ നിന്നുള്ള ആര്‍.എസ്.എസ് പ്രചാരകും (മുഴുവന്‍ സമയ പ്രവര്‍ത്തകന്‍) സംഘപരിവാര്‍ അനുബന്ധ സംഘടനയായ പ്രാച്ന പ്രവാഹ് അംഗവുമായ രാമാശിഷ് സിംഗിനോട് ചോദിച്ചിരുന്നു. കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. ഇതൊക്കെ പറയാന്‍ അഖിലേഷ് യാദവിന് എന്ത് യോഗ്യതയും വിശ്വാസത്യയുമാണുള്ളതെന്നായിരുന്നു അദ്ദേഹം തിരിച്ചുചോദിച്ചത്. ദേശീയതയെ ആത്മീയതുമായി ഉള്‍ച്ചേര്‍ക്കുക മാത്രമാണ് തങ്ങളുടെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ ചില വിവരങ്ങള്‍ എന്നോട് വെളിപ്പെടുത്തിയിരുന്നു. ‘സേവാ ഭാരതി സംഘടനകള്‍ക്ക് കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കടക്കമുള്ള സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കായി  ആര്‍.എസ്.എസ് പ്രവര്‍ത്തകരടക്കം ആരെയും നിയമിക്കാമെങ്കിലും സര്‍ക്കാരില്‍ നിന്ന് സേവാ ഭാരതി സംഘടനകള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം ആര്‍.എസ്.എസ് ആണ് ഉപയോഗിക്കുന്നതെന്ന സാധ്യത തള്ളിക്കളയാനാകില്ല.’ എന്നാണ് ഈ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയത്. ആര്‍.എസ്.എസിന്റെ പ്രാദേശിക നേതാക്കളാണ് സേവാ ഭാരതിയുടെ പ്രോജക്ടുകളെല്ലാം തയ്യാറാക്കുന്നതെന്നും സ്വയംസേവകരാണ് ഇവ നടപ്പില്‍ വരുത്തുന്നതെന്നും സേവാ ഭാരതിയുടെ തന്നെ 2014ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുമുണ്ട്.

മെയ് 4ന് എംപവേര്‍ഡ് ഗ്രൂപ്പ് 6 അതുവരെ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനായി അമിതാഭ് കാന്തിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ‘കൊവിഡ് 19 പടര്‍ന്നുപ്പിടിക്കുന്നത് തടയാനായി 700 ജില്ലാ മജിസ്ട്രേറ്റുമാരോടൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും എന്‍.ജി.ഒ/സി.എസ്.ഒ ശൃംഖലകളുമായി ചേര്‍ന്നുക്കൊണ്ട് കൃത്യതയോടെ സമയബന്ധിതമായി പ്രവര്‍ത്തിച്ചുവരികയാണ്. 92,000 എന്‍.ജി.ഒകളെ ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിയത് വലിയ നേട്ടമാണ് ഉണ്ടാക്കിയത്,’ യോഗത്തിന് ശേഷം പുറത്തുവിട്ട വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ഈ വാര്‍ത്തക്കുറിപ്പില്‍ എന്‍.ജി.ഒകള്‍ക്ക് നല്‍കുന്ന വിവിധ ഭക്ഷ്യധാന്യങ്ങളുടെ അളവും മറ്റുപല വിലവിവരങ്ങളും രേഖപ്പെടുത്തിയിരുന്നു. എന്‍.ജി.ഒകളെ പരമാവധി ഉപയോഗപ്പെടുത്തുന്നതോടൊപ്പം അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ ഈ യോഗത്തില്‍ ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിരുന്നു.

ലോക്ക്ഡൗണ്‍ സമയത്ത് സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്നും ചിലവഴിച്ച തുകയുടെ കണക്കുകളൊന്നും പരസ്യപ്പെടുത്താത്തതിനാല്‍ ഇതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പട്ടികയിലുള്‍പ്പെട്ട എന്‍.ജി.ഒകള്‍ക്ക് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. ഓരോ എന്‍.ജി.ഒകള്‍ക്കും കുറഞ്ഞ നിരക്കില്‍ നല്‍കിയ ഭക്ഷ്യധാന്യങ്ങളുടെ വിവരങ്ങളും സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടില്ല.

സേവാ ഭാരതിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ ശ്രാവണ്‍ കുമാറിനോട് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ധനസഹായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം അത് പൂര്‍ണ്ണമായും നിഷേധിക്കുകയായിരുന്നു.’ഞങ്ങളുടെ എല്ലാ സംസ്ഥാനതല യൂണിറ്റുകളും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ഈ  യൂണിറ്റുകള്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് അറിയുമായിരിക്കാം, പക്ഷെ ആ പ്രവര്‍ത്തനങ്ങളെല്ലാം ആ യൂണിറ്റുകള്‍ സ്വന്തം നിലക്കാണ് ചെയ്യുന്നത്.’ അതേസമയം ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലര്‍ ലഭിച്ചപ്പോള്‍ ആ സ്‌കീം ഉപയോഗപ്പെടുത്താന്‍ സംസ്ഥാന യൂണിറ്റുകളോട് പറഞ്ഞിരുന്നെന്ന കാര്യം അദ്ദേഹം സമ്മതിച്ചു.

സേവാ ഭാരതിയുടെ എന്‍.ജി.ഒകളെയൊന്നും താന്‍ സര്‍ക്കാര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പറഞ്ഞ ശ്രാവണ്‍ കുമാര്‍  സേവാ ഭാരതി ഒരു ബൃഹത്തായ സംഘടനയാണെന്നും ഓരോ സംസ്ഥാനങ്ങളും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന തല യൂണിറ്റുകളിലേതെങ്കിലും സര്‍ക്കാര്‍ പദ്ധതികളോടൊപ്പം പ്രവര്‍ത്തിച്ചിരിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.

സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം ലഭിക്കുന്നുണ്ടെന്ന വാദം ശ്രാവണ്‍ കുമാര്‍ നിഷേധിച്ചെങ്കിലും കേരളത്തിലെ സേവാ ഭാരതി യൂണിറ്റ് പ്രസിഡന്റ് ഡി.വിജയന്‍, എഫ്.സി.ഐയില്‍ നിന്ന് ഭക്ഷ്യധാന്യവിതരണ പദ്ധതിയും സംസ്ഥാന ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായധനവും ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് മറുപടി നല്‍കിയത്. ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ഫണ്ട് ലഭിക്കുന്നതിനുള്ള എല്ലാ രേഖകളും സമര്‍പ്പിച്ചുണ്ടെന്നും വിജയന്‍ അറിയിച്ചു.

തങ്ങള്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റാണെന്നും വിജയന്‍ ഉറപ്പിച്ചു പറഞ്ഞു. അങ്ങിനെ രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ സേവാ ഭാരതിക്ക് പൊതുജനങ്ങളില്‍ നിന്നും സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും പണം സ്വരൂപിക്കാനാകും. ‘സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി കമ്പനികള്‍ സാമൂഹ്യ സംരഭകരെയോ സ്വയം സഹായ സംഘങ്ങളെയോ അല്ലെങ്കില്‍ അനുയോജ്യരായ വ്യക്തികളെയോ കണ്ടെത്തി അവരില്‍ നിക്ഷേപം നടത്തണം. സാമൂഹ്യ ഉന്നമനം ലക്ഷ്യം വെച്ചുക്കൊണ്ടായിരിക്കണം ഈ നിക്ഷേപം നടത്തേണ്ടത്. കോര്‍പ്പറേറ്റ് സി.എസ്.ആര്‍ ഫണ്ടുകള്‍ സാമൂഹ്യമുന്നേറ്റത്തിന് ഉതകുംവിധം ഉപയോഗപ്പെടുത്താനാകുന്ന ഏറ്റവും മികച്ച വേദിയാണ് രാഷ്ട്രീയ സേവാ ഭാരതി’ എന്നാണ് ഇവരുടെ വെബ്സൈറ്റില്‍ പറയുന്നത്.

ആരംഭിച്ച് 95 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആര്‍.എസ്.എസ് ഇതുവരെയും രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലെന്ന വസ്തുത കൂടി ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. രജിസ്ട്രേഷന്‍ നടത്താതെയും നികുതിയടക്കാതെയും പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് വളരെ സങ്കീര്‍ണമായ വിശദീകരണമായിരുന്നു ഒരിക്കല്‍ നല്‍കിയത്. ‘1925ല്‍ സംഘ് ആരംഭിച്ച സമയത്ത് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. അത് അങ്ങിനെയങ്ങ് ആരംഭിച്ച് പ്രവര്‍ത്തിച്ചു പോരുകയായിരുന്നു. സ്വാതന്ത്ര്യം നേടിയ ശേഷവും കാര്യങ്ങള്‍ അങ്ങിനെ തുടര്‍ന്നു. അന്ന് എല്ലാ സംഘടനകളും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിയമവുമുണ്ടായിരുന്നില്ലല്ലോ. ഇനി നിയമപ്രകാരം നോക്കുകയാണെങ്കിലും സംഘ് വ്യക്തികളുടെ ഒരു കൂട്ടമാണ്. അങ്ങിനെ നോക്കുമ്പോള്‍ നികുതിയടക്കേണ്ട കാര്യമില്ലലോ.’ 2018 സ്പെറ്റംബറില്‍ ദല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടന്ന സമ്മേളനത്തില്‍ വെച്ചായിരുന്നു മോഹന്‍ ഭാഗവതിന്റെ ഈ പ്രസ്താവന.

സേവാ ഭാരതിയും ആര്‍.എസ്.എസും തമ്മില്‍ ആശയപരമായ സാമ്യത്തിനപ്പുറത്തേക്കുള്ള ബന്ധങ്ങളുണ്ടെന്ന് നിസംശ്ശയം പറയാനാകും. സേവാ ഭാരതിയുടെ ഉപാധ്യക്ഷനായ ഋഷിപാല്‍ ദദ്വാല്‍ ആര്‍.എസ്.എസിന്റെ  രാഷ്ട്രീയ സംഘാടന്‍ മന്ത്രി (ദേശീയ ഏകോപന വിഭാഗം സെക്രട്ടറി) ആണ്. 2019 ഫെബ്രുവരിയില്‍ സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവായ അമര്‍ സിംഗ് കുടുംബസ്വത്തിന്റെ ഒരു ഭാഗം സേവാ ഭാരതിക്ക് സംഭാവന നല്‍കിയ സമയത്ത്, സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ നടക്കുമ്പോള്‍ അവിടെ ഋഷിപാലുമുണ്ടായിരുന്നു.

സേവാ ഭാരതിയുടെ സംപര്‍ക് അധികാരിയായിരുന്ന (വക്താവ്) പരാഗ് അഭ്യങ്കാര്‍ 2018 വരെയും ആര്‍.എസ്.എസിന്റെ മല്‍വാ പ്രാന്തിലെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു. മല്‍വായിലെ ആര്‍.എസ്.എസിന്റെ സംസ്ഥാന തല പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്ന ഉന്നത അധികാരിയായിരുന്നു ഇദ്ദേഹം. (സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായാണ് ആര്‍.എസ്.എസ് ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും മറ്റും അതിര്‍ത്തി തിരിച്ചിരിക്കുന്നത്. ‘രാഷ്ട്രീയ സ്വയം സേവക് സംഘ്: ഏക് പരിചയ്’ എന്ന ആര്‍.എസ്.എസ് ഇറക്കിയ പുസ്തകത്തില്‍ ഇന്ത്യയില്‍ 41 സംസ്ഥാനങ്ങളും 7 കേന്ദ്ര ഭരണപ്രദേശങ്ങളുമുണ്ടെന്നാണ് പറയുന്നത്.)

രാജ്യ താല്‍പര്യത്തിനും ഭാരതീയ സംസ്‌കാരത്തിനും അനുസൃതമായതിനാലാണ് സേവാ ഭാരതി സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് ദേശീയ ജനറല്‍ സെക്രട്ടറിയായ ശ്രാവണ്‍ കുമാര്‍ എന്നോട് പറഞ്ഞത്. ദുരന്തസമയങ്ങളിലെ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഞാന്‍ സംസാരിച്ച ആര്‍.എസ്.എസിന്റെയും സേവാ ഭാരതിയുടെയും ഭാരവാഹികളും ഇതേ കാര്യം തന്നെയാണ് ആവര്‍ത്തിച്ചത്.

രാജ്യത്തിന്റെയും രാഷ്ട്രനിര്‍മ്മിതിയുടെയും അനിവാര്യ ഘടകമാണ് ഇത്തരം സേവനങ്ങളെന്ന ആശയമായിരുന്നു ഇവര്‍ മുന്നോട്ടുവെച്ചത്. ഹിന്ദു’ ആകുക എന്ന ഒരൊറ്റ ആശയത്തിലൂന്നിക്കൊണ്ടുള്ള രാഷ്ട്രസങ്കല്‍പത്തില്‍ അടിപതറാതെ വിശ്വസിക്കുന്നവരായിരുന്നു ഇവരെല്ലാവരും.

സേവാ ഭാരതിയുടെ 900ത്തിലേറെ എന്‍.ജി.ഒകളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഈ പ്രവര്‍ത്തകരെല്ലാവരും അതിവിദഗ്ധമായി ഒഴിഞ്ഞുമാറി. ആളുകള്‍ തങ്ങളാല്‍ ആവും വിധം നല്‍കിയ സംഭാവനകള്‍ മാത്രമാണ് തങ്ങളുടെ ഏക സാമ്പത്തിക സ്രോതസ്സെന്ന ഒരൊറ്റ മറുപടി ഇവര്‍ ആവര്‍ത്തിച്ചുക്കൊണ്ടേയിരുന്നു.

നിതി ആയോഗിന്റെ എന്‍.ജി.ഒ ദര്‍പ്പണ്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്ത എന്‍.ജി.ഒകളുടെ പട്ടികയും രാഷ്ട്രീയ സേവാ ഭാരതിക്ക് കീഴില്‍ രജിസ്റ്റര്‍  ചെയ്തിട്ടുള്ള എന്‍.ജി.ഒകളുടെ പട്ടികയും തമ്മില്‍ ദി കാരവന്‍ താരതമ്യം ചെയ്തിരുന്നു. രാഷ്ട്രീയ സേവാ ഭാരതിയുടെ വെബ്സൈറ്റില്‍ 928 എന്‍.ജി.ഒകളുടെ വിവരങ്ങള്‍ ലഭ്യമാണ്. എന്‍.ജി.ഒ ദര്‍പ്പണില്‍ നിന്നും ലഭിച്ച ഇ-മെയില്‍ അഡ്രസ്സും മൊബൈല്‍ നമ്പറുകളും പരിശോധിച്ച ശേഷം ആവര്‍ത്തിച്ചുവരുന്ന എന്‍.ജി.ഒകളെ ഒഴിവാക്കാന്‍ സാധിച്ചു. അതിന് ശേഷമാണ് സേവാ ഭാരതിയുടെ 736 എന്‍.ജി.ഒകള്‍ സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയത്. 25 സംസ്ഥാനങ്ങളിലായാണ് ഈ എന്‍.ജി.ഒകള്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ലിസ്റ്റിലുള്‍പ്പെട്ട ഈ 736 സേവാ ഭാരതി എന്‍.ജി.ഒകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ്.

മൊഴിമാറ്റം : അന്ന കീര്‍ത്തി ജോര്‍ജ്

ദ കാരവാന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സാഗര്‍

സ്റ്റാഫ് റൈറ്റര്‍, ദ കാരവാന്‍

We use cookies to give you the best possible experience. Learn more