ന്യൂദല്‍ഹി: ഇന്ത്യയിലെ തോട്ടിപ്പണിക്കാരില്‍ ഭൂരിഭാഗം പേരും പട്ടികജാതിയില്‍പ്പെട്ടവരാണെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ 58,098 തോട്ടിപണിക്കാരില്‍ 42,594 പേരും പട്ടികജാതിയില്‍പ്പെട്ടവരാണെന്ന് കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവലെ പാര്‍ലമെന്റില്‍ പറഞ്ഞു.
42,594 മാനുവല്‍ തോട്ടിപ്പണിക്കാര്‍ പട്ടികജാതിയിലും 421 പട്ടികവര്‍ഗത്തിലും 431 മറ്റ് പിന്നാക്ക വിഭാഗത്തിലും പെട്ടവരാണെന്ന് രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രി രാംദാസ് അത്താവലെ പറഞ്ഞു.
2013 ലെ നിയമപ്രകാരമാണ് രാജ്യത്തെ തോട്ടിപ്പണിക്കാരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. സര്‍വ്വേയിലൂടെ രാജ്യത്തെ ഭൂരിഭാഗം വരുന്ന തോട്ടിപ്പണിക്കാരും പട്ടിക ജാതിക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, തോട്ടിപ്പണിക്കാരുടെ പുനരധിവാസത്തിനായി 40,000 രൂപ ഒറ്റത്തവണ പണ സഹായവും വ്യക്തിക്കും അവരുടെ ആശ്രിതര്‍ക്കും പ്രതിമാസം 3,000 രൂപ സ്‌റ്റൈപ്പന്റോടെ നൈപുണ്യ പരിശീലനവും നല്‍കുന്ന കേന്ദ്ര തൊഴില്‍ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
ആയുഷ്മാന്‍ ഭാരതിന് കീഴില്‍ സ്വയം തൊഴില്‍ പദ്ധതികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ക്കും 5 ലക്ഷം രൂപയോളം വായ്പ്പയെടുത്തവര്‍ക്ക് മൂലധന സബ്‌സിഡി നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
18,199 പേര്‍ക്ക് നൈപുണ്യ പരിശീലനവും 1,562 മൂലധന സബ്സിഡിയും നല്‍കിയിട്ടുണ്ടെന്നും 2013 മുതല്‍ തോട്ടിപണി നിരോധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.