| Saturday, 3rd August 2024, 10:20 pm

മുണ്ടക്കൈ ദുരന്തം; ചാലിയാറില്‍ നിന്ന് ഇതുവരെ കിട്ടിയത് 73 മൃതദേഹങ്ങളും 128 ശരീര ഭാഗങ്ങളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചാലിയാറില്‍ നിന്ന് ഇതുവരെ കിട്ടിയത് 73 മൃതദേഹങ്ങളും 128 ശരീര ഭാഗങ്ങളും. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചാലിയാറിലെ തിരച്ചിലിനായി പൊലീസ്, ഫയര്‍ ഫോഴ്സ്, സൈന്യം, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ഈ നാട്ടിലെ ചെറുപ്പക്കാരാണെന്നും മന്ത്രി പറഞ്ഞു. പുഴയില്‍ തിരച്ചില്‍ നടത്തുന്നതിന്റെ ദൃശ്യങ്ങളും മന്ത്രി പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

‘കണ്ടെത്തിയ മൃതദേഹങ്ങള്‍ കുത്തൊഴുക്കില്‍ നഷ്ടപ്പെടാതെ തങ്ങളുടെ കൈകളാല്‍ ചേര്‍ത്ത് പിടിച്ച് തീരങ്ങളിലേക്ക് എത്തിക്കുകയാണ് ഇവര്‍. രാഷ്ട്രീയ ഭേദങ്ങളില്ലാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരേ മനസോടെ ഇടപെടുന്ന ഇവരാണ് നമ്മുടെ കരുത്ത്. നമ്മുടെ കേരളം അതിജീവിക്കും,’ എന്നാണ് മന്ത്രി കുറിച്ചത്.

ചാലിയാറില്‍ നാളെ രാവിലെ ഏഴ് മണിയോടെ രണ്ട് ഭാഗങ്ങളായി തിരച്ചില്‍ ആരംഭിക്കും. ചാലിയാറിലെ തിരച്ചില്‍ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കാനാണ് തീരുമാനം. അതേസമയം ചാലിയാറില്‍ നിന്ന് ഇന്ന് 12 മൃതദേഹങ്ങള്‍ കണ്ടെത്തി.

എന്‍.ഡി.ആര്‍.എഫ്, സൈന്യം, നേവി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് ദുരന്തമുഖത്ത് തിരച്ചില്‍ നടന്നത്. തമിഴ്നാടിന്റെ ഫയര്‍ഫോഴ്സ് ഡോഗ് സ്‌ക്വാഡും ഇന്നത്തെ പരിശോധനയില്‍ സഹായിച്ചിരുന്നു.

അതേസമയം മുണ്ടക്കൈയിലും ചൂരല്‍മലയിലും ഡ്രോണ്‍ സര്‍വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തിരച്ചില്‍ നടത്തുക. ഉരുള്‍പൊട്ടലില്‍ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയര്‍ച്ച വ്യത്യാസം മനസിലാക്കി പരിശോധന നടത്തുമെന്നാണ് ഉപസമിതി അറിയിച്ചത്.

സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണ്. 87 സ്ത്രീകള്‍, 98 പുരുഷന്‍മാര്‍, 30 കുട്ടികള്‍. പരിക്കേറ്റ 81 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നിലവില്‍ വയനാട്ടില്‍ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10042 പേരാണുള്ളത്.

Content Highlight: 73 dead bodies and 128 body parts recovered from Chaliyar after Wayanad landslide

We use cookies to give you the best possible experience. Learn more