കൊല്‍ക്കത്ത: ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കു രോഗിയുടെ ബന്ധുക്കളില്‍ നിന്നു മര്‍ദനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊല്‍ക്കത്തയിലെ രണ്ട് മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 71 ഡോക്ടര്‍മാരാണ് ഇന്നുമാത്രം രാജിവെച്ചത്.
ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് 69 ഡോക്ടര്‍മാരും നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ട് ഡോക്ടര്‍മാരുമാണു രാജിവെച്ചത്. ഡോക്ടര്‍മാര്‍ക്കെതിരേ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് അവരുടെ ആവശ്യം.
സമരം നടത്തുന്ന ഡോക്ടര്‍മാരോടു നാലു മണിക്കൂറിനുള്ളില്‍ സമരം നിര്‍ത്തിവെച്ച് ജോലിക്കു കയറണമെന്നും അല്ലാത്തപക്ഷം ഹോസ്റ്റലുകള്‍ ഒഴിയേണ്ടിവരുമെന്നും മമത പറഞ്ഞതാണ് അവരെ രോഷാകുലരാക്കിയത്.
ബംഗാളില്‍ ഡോക്ടര്‍മാര്‍ക്കു പിന്തുണയര്‍പ്പിച്ച് ദല്‍ഹി എയിംസ്, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ ഡോക്ടര്‍മാര്‍ ഒരുദിവസത്തേക്കു ജോലിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയായ എന്‍ആര്‍എസില്‍ പ്രവേശിപ്പിച്ച രോഗി മരിച്ചതും തുടര്‍ന്നു ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറായ പരിബാഹ മുഖര്‍ജിയെ ക്രൂരമായി മര്‍ദിച്ചതും. ആക്രമണത്തില്‍ പരിബാഹയുടെ തലയോട്ടിക്കു പൊട്ടലേറ്റു. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
മതിയായ സുരക്ഷ ഉറപ്പുവരുത്താതെ തിരികെ ജോലിയില്‍ പ്രവേശിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ഇതവര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം സമരത്തിനു പിന്നില്‍ ബി.ജെ.പിയും സി.പി.ഐ.എമ്മുമാണെന്നു മമത ആരോപിച്ചിരുന്നു. അവര്‍ ഹിന്ദു-മുസ്‌ലിം രാഷ്ട്രീയം കളിക്കുകയാണെന്നും മമത പറഞ്ഞിരുന്നു.
ഇത് അഭിമാനപ്രശ്നമാക്കി എടുക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ മമതയോട് അഭ്യര്‍ഥിച്ചിരുന്നു. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
‘കൈകൂപ്പിയാണ് ഞാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടു പറയുന്നത്, ഇതൊരു അഭിമാനപ്രശ്നമാക്കി എടുക്കരുതെന്ന്. തങ്ങള്‍ക്ക് ആവശ്യത്തിനു സുരക്ഷയൊരുക്കണമെന്നും തങ്ങളെ മര്‍ദിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും മാത്രമാണ് ഡോക്ടര്‍മാര്‍ മമതയോട് ആവശ്യപ്പെട്ടത്. പക്ഷേ മമത അതു ചെയ്തില്ല. അതിനുപകരം ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി. അതില്‍ രോഷംപൂണ്ടാണ് അവര്‍ സമരത്തിനിറങ്ങിയത്. മുഖ്യമന്ത്രി ശൈലി മാറ്റിയാല്‍ രാജ്യത്തെ രോഗികള്‍ വലയില്ല.’- അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.
താനിന്ന് ഇതു സംബന്ധിച്ച് മമതയ്ക്കു കത്തെഴുതുമെന്നും അവരോടു സംസാരിക്കാന്‍ ശ്രമിക്കുമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. പ്രതീകാത്മകമായി മാത്രം സമരം നടത്തി തങ്ങളുടെ ഡ്യൂട്ടി ചെയ്യണമെന്ന് ഡോക്ടര്‍മാരോട് അപേക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും ആരോഗ്യമന്ത്രിമാര്‍ക്കും കത്തയക്കാനും മന്ത്രി ആലോചിക്കുന്നുണ്ട്.