70ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത മലയാള ചിത്രം ആട്ടം മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. തിരുച്ചിത്രമ്പലത്തിലെ പ്രകടനത്തിന് നിത്യാ മേനോനും കച്ച് എക്‌സ്പ്രസിലെ പ്രകടനത്തിന് മാനസി പരേഖും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കാന്താരയിലെ പ്രകടനത്തിന് റിഷബ് ഷെട്ടി മികച്ച നടനുള്ള പുരസ്‌കാരം നേടി.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക മികച്ച മലയാളസിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. തമിഴിലെ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനെയാണ്. കെ.ജി.എഫ് 2 കന്നഡയിലെയും, കാര്‍ത്തികേയ 2 തെലുങ്കിലെയും മികച്ച ചിത്രമായപ്പോള്‍ ഗുല്‍മോഹര്‍ മികച്ച ഹിന്ദി സിനിമക്കുള്ള അവാര്‍ഡ് നേടി.
മികച്ച ആക്ഷന്‍ കൊറിയോഗ്രഫിക്കുള്ള അവാര്‍ഡ് കെ.ജി.എഫ് ചാപ്റ്റര്‍ 2വിലൂടെ അന്‍പറിവ് ഡ്യുയോ സ്വന്തമാക്കി. തിരുച്ചിത്രമ്പലത്തിലൂടെ ജാനി മാസ്റ്റര്‍ മികച്ച കൊറിയോഗ്രഫര്‍ക്കുള്ള അവാര്‍ഡ് നേടി. മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ് ബ്രഹ്‌മാസ്ത്രയിലൂടെ പ്രീതം സ്വന്തമാക്കിയപ്പോള്‍ പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് എ.ആര്‍ റഹ്‌മാന്‍ നേടി (പൊന്നിയിന്‍ സെല്‍വന്‍ 1). ആട്ടത്തിലൂടെ മഹേഷ് ഭുവനേന്ദ് മികച്ച എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് ആട്ടത്തിലൂടെ ആനന്ദ് ഏകര്‍ഷി സ്വന്തമാക്കി. പൊന്നിയിന്‍ സെല്‍വനിലെ കണ്ണഞ്ചിപ്പിക്കുന്ന വിഷ്വലുകളിലൂടെ രവിവര്‍മന്‍ മികച്ച ഛായാഗ്രഹകനുള്ള അവാര്‍ഡ് നേടി. സൗദി വെള്ളക്കയിലൂടെ ബോംബൈ ജയശ്രീ മികച്ച പിന്നണി ഗായികയാപ്പോള്‍ ബ്രഹ്‌മാസ്ത്രയലൂടെ അര്‍ജിത് സിംഗ് മികച്ച ഗായകനുള്ള പുരസ്‌കാരം സ്വന്തമാക്കി.
ഊഞ്ചായി എന്ന സിനിമയിലെ പ്രകടനത്തിന് നീനാ ഗുപ്ത മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍ ഫൗജയിലെ പ്രകടനത്തിന് പവന്‍ മല്‍ഹോത്ര മികച്ച സഹനടനുള്ള അവാര്‍ഡ് നേടി. റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര മികച്ച കലാമൂല്യമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
Content Highlight: 70th National film Awards announced