| Tuesday, 29th October 2024, 9:05 am

അസമില്‍ ഓണ്‍ലൈന്‍ ആപ്പുകളിലൂടെ 7000 കോടിയുടെ തട്ടിപ്പ്: പ്രതി ഗോവയില്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പൂര്‍: അസമിലും മറ്റ് ചില സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്ന് 7000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ദീപങ്കതര്‍ ബര്‍മാനെ അറസ്റ്റ് ചെയ്ത് പൊലീസ്. മാസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവില്‍ ഗോവ പൊലീസിന്റെ സഹായത്തോടെയാണ് തട്ടിപ്പ് വീരനെ അസം പൊലീസ് അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈന്‍ ട്രേഡിങ്ങ് ആപ്പുകള്‍ വഴി തട്ടിപ്പ് നടത്തി നിക്ഷേപകരില്‍ നിന്നും 7000 കോടി രൂപയാണ് പ്രതി തട്ടിയെടുത്തത്. പ്രതി സ്വന്തമായി നേതൃത്വം നല്‍കിയിരുന്ന ഡി.ബി സ്റ്റോക്ക് ബ്രോക്കിംഗ്, ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്‍ വരുമാനം ഉണ്ടാക്കുമെന്ന് പറഞ്ഞായിരുന്നു നിക്ഷേപകരെ തട്ടിപ്പിനിരയാക്കിയത്.

പിന്നാലെ നിക്ഷേപം തിരികെ ആളുകള്‍ക്ക് ലഭിക്കാതിരുന്നതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ ഇയാളെ ഓഗസ്റ്റ് മുതല്‍ കാണാനില്ലെന്ന വിവരം ലഭിക്കുകയായിരുന്നു.

അസമിലെ തട്ടിപ്പിനു പുറമെ ഹൈദരാബാദ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇയാള്‍ സ്റ്റോക്ക് മാര്‍ക്കറ്റ് തട്ടിപ്പിന് നിരവധി പേരെ ഇരയാക്കിയിട്ടുണ്ടെന്നും കബളിപ്പിച്ചിട്ടുണ്ടെന്നും അേന്വഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അസമില്‍ മാത്രം 41 കേസുകളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പരിധിയിലുള്ളത്.

ഡി.ബി സ്റ്റോക്ക് തട്ടിപ്പ് നടത്തി ഒളിവില്‍ കഴിയുന്ന പ്രതി ദീപങ്കര്‍ ബര്‍മാനെ ഗോവ പൊലീസിന്റെ സഹായത്തോടെ ഗോവയില്‍ അറസ്റ്റ് ചെയ്തതായി ഗുവാഹത്തി പൊലീസ് അറിയിക്കുകയായിരുന്നു.

പ്രതി നടത്തിയ ഓണ്‍ലൈന്‍ തട്ടിപ്പുകളിലെല്ലാം ഇയാള്‍ തനിച്ചാണ് പ്രവര്‍ത്തിച്ചതെന്ന അനുമാനത്തിലാണ് പൊലീസെന്നും നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ വലിയ തോതിലുള്ള തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി.

നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് നിരവധി കേസുകളാണ് അസമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം സി.ബി.ഐ ഇന്‍വസ്റ്റിഗേഷന് കൈമാറുകയായിരുന്നു.

പ്രതിയെ ഗോവയിലെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ഗുവാഹത്തിയിലേക്ക് കൊണ്ടുപോകുമെന്നും സമാനമായ തട്ടിപ്പുകള്‍ നടത്തിയ 65 പേരോളം അസമില്‍ അറസ്റ്റിലായതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlight: 7000 crore fraud through online apps in Assam: Accused arrested in Goa

We use cookies to give you the best possible experience. Learn more