കൊല്‍ക്കത്ത: ദല്‍ഹിയില്‍ സൃഷ്ടിച്ച കലാപത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ കൊറോണ വൈറസിന് അമിത പ്രാധാന്യം നല്‍കാന്‍ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ദല്‍ഹി കലാപത്തില്‍ യഥാര്‍ത്ഥത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്ന് ഇനിയും ആര്‍ക്കും അറിയില്ലെന്നും മമത പറഞ്ഞു. മാല്‍ദാ ജില്ലയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ദല്‍ഹി കലാപത്തില്‍ ശരിക്കും എത്രപേര്‍ കൊല്ലപ്പെട്ടെന്ന് ആര്‍ക്കും അറിയില്ല. യഥാര്‍ത്ഥത്തിലുള്ള കൊറോണയെ മറച്ചുപിടിക്കാനായി അവര്‍ ടെലിവിഷന്‍ ചാനലുകള്‍ ഉപയോഗിച്ച് കൊറോണ വൈറസിനെക്കുറിച്ചുള്ള ഭീതി പരത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ, എത്രപേര്‍ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ചോ അവര്‍ക്ക് നിഷേധിക്കപ്പെട്ട നീതിയോക്കുറിച്ചോ ആരും ചോദ്യങ്ങളുയര്‍ത്തുന്നില്ല’, മമതാ ബാനര്‍ജി പറഞ്ഞു.
ബംഗാളില്‍ ഒരാളെ എലി കടിച്ചാല്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നവരാണ്. എന്നിട്ടും നിരവധിപ്പേര്‍ കൊല്ലപ്പെട്ടിട്ടും ഒരു ജുഡീഷ്യല്‍ അന്വേഷണം പോലുമില്ല. സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ അന്വഷണമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്’, അവര്‍ കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി കലാപത്തില്‍ സൗത്ത് ദിനജ്പുര്‍ ജില്ലയില്‍നിന്നും 700 പേരെ കാണാതായെന്നും മമത പറഞ്ഞു.
‘ദല്‍ഹിയിലെ അവസ്ഥ അതി ദയനീയമാണ്. മൃതദേഹങ്ങളുടെ കൂനയാണവിടം. എണ്ണാന്‍ കഴിയാത്തത്ര ആളുകള്‍ക്കാണ് വീടില്ലാതായത്. എഴുന്നൂറോളം പേരെ കാണാതായി’, മമത കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി കലാപം വംശഹത്യയാണെന്ന് മമതാ ബാനര്‍ജി തിങ്കളാഴ്ച പറഞ്ഞിരുന്നു. ദല്‍ഹിയില്‍ നടന്നതിനെ കലാപമെന്ന് വിളിക്കരുതെന്നും അത് വംശഹത്യ തന്നെയാണെന്നുമായിരുന്നു മമത പറഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ