വ്യാപം അഴിമതി: ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് 70 പ്രതികളുടെ കത്ത്
Daily News
വ്യാപം അഴിമതി: ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് 70 പ്രതികളുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th August 2015, 2:05 pm

vyapamഭോപ്പാല്‍: തങ്ങളെ ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്ന  ആവശ്യവുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമടക്കം വ്യാപം അഴിമതി കേസിലെ എഴുപതോളം പ്രതികളുടെ കത്ത്. കേസില്‍ പിടിക്കപ്പെട്ട് ഗ്വാളിയോര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികളാണ് രാഷ്ട്രപതിക്ക് കത്തയച്ചത്.

തങ്ങള്‍ ഏറെ കാലമായി ജയിലിലാണെന്നും തങ്ങളുടെ  ഭാവി ഇരുട്ടിലാണെന്നും തങ്ങള്‍ നീതി വിവേചനത്തിന്റെ ഇരകളാണെന്നും ഇവരുടെ കത്തില്‍ പറയുന്നു. ഈ കത്തിന്റെ പകര്‍പ്പുകള്‍ പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, മധ്യപ്രദേശ് ഹൈക്കോടതി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവിടങ്ങളിലേക്കും അയച്ചിട്ടുണ്ട്. വിചാരണ വേളയിലാണ് പ്രതികള്‍ ഈ കത്തില്‍ ഒപ്പിട്ടത്.

ജബല്‍പൂരിലും ഭോപ്പാലിലുമുള്ള ഇതേ കുറ്റത്തിന് പ്രതികളായ ചിലര്‍ക്ക് ഹൈക്കോടതിയടക്കം വ്യത്യസ്ത കോടതികള്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ ഗ്വാളിയോര്‍ ജയിലില്‍ കഷ്ടപ്പെടുകയാണ്.

“ദീര്‍ഘ നാളുകളായി ഞങ്ങള്‍ ജയിലിലാണ്. ഞങ്ങളുടെ കുടുംബങ്ങള്‍ ഏറെ ദുഖത്തിലാണ്. ഞങ്ങളുടെ സാമ്പത്തിക നിലയും തകന്നുകൊണ്ടിരിക്കുകയാണ്.” കത്തില്‍ പറയുന്നു.

“സാമുഹികവും മാനസികവുമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യയടക്കമുള്ള ദുഷിച്ച ചിന്തകള്‍ ഞങ്ങളെ കീഴടക്കിയിരിക്കുകയാണ്.” ഒരു പ്രതി പറയുന്നു.

പതിനഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് വ്യാപം കേസില്‍ പിടിയിലാവുകയും പിന്നീട് കുറ്റവിമുക്തരാക്കപ്പെടുകയുംവ ചെയ്ത അഞ്ച് വിദ്യാര്‍ത്ഥികള്‍ തങ്ങളെ ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണെമെന്ന് കാണിച്ച് രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു.