വാഷിങ്ടണ്‍: യു.എസിലെ 18 മുതല്‍ 34 വയസ്സുവരെ പ്രായമുള്ള വോട്ടര്‍മാരില്‍ 70% പേരും ഇസ്രഈല്‍ യുദ്ധത്തിലെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടുകളെ അംഗീകരിക്കുന്നില്ലെന്ന് എന്‍.ബി.സി സര്‍വേ ഫലം.
മൊത്തം വോട്ടര്‍മാരുടെ കണക്കെടുത്താല്‍ ഗസയിലെ ബൈഡന്‍ ഭരണകൂടത്തിന്റെ നയങ്ങളെ 34 ശതമാനം പേര്‍ അംഗീകരിക്കുമ്പോള്‍ 56 ശതമാനം പേര്‍ എതിര്‍ത്തു.
59% സ്വതന്ത്രരും 69% റിപ്പബ്ലിക്കന്‍മാരും ബൈഡന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് പറയുമ്പോള്‍ ഡെമോക്രാറ്റിക് വോട്ടര്‍മാരില്‍ 51 ശതമാനം ബൈഡന്‍ ഭരണകൂടം യുദ്ധം കൈകാര്യം ചെയ്യുന്നതിനെ അംഗീകരിക്കുന്നു.51 ശതമാനത്തോളം ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ ഇസ്രഈല്‍ യുദ്ധത്തില്‍ വളരെ മുന്നോട്ട് പോയെന്ന് വിശ്വസിക്കുന്നു. 27 ശതമാനം ഇസ്രഈലിന്റെ സൈനിക നടപടികള്‍ ന്യായമാണെന്ന് അഭിപ്രായപ്പെടുന്നു. സൈനിക സഹായവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍, 49 ശതമാനം ഡെമോക്രാറ്റുകളും ഇസ്രാഈലിന് കൂടുതല്‍ ഫണ്ട് നല്‍കുന്നതിനെ എതിര്‍ക്കുന്നു.
കണക്കുകള്‍ പ്രകാരം പ്രസിഡന്റ് ജോ ബൈഡന്റെ ജനങ്ങള്‍ക്കിടയിലെ അംഗീകാരം 40 ശതമാനം ഇടിഞ്ഞു. ഒരു സാങ്കല്‍പ്പിക പൊതു തെരഞ്ഞെടുപ്പ് മത്സരത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബൈഡന് മുന്‍പിലെത്തി. ഡെമോക്രാറ്റുകള്‍ക്കിടയിലും ബൈഡനുള്ള സ്വീകാര്യത കുറയുന്നതായി സര്‍വേ കണ്ടെത്തുന്നു. ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ ഭരണകൂടത്തിന്റെ നിലപാടില്‍ ഭൂരിപക്ഷം വോട്ടര്‍മാരും അസംതൃപ്തരാണ്.
പരാജയപ്പെട്ട വാഗ്ദാനങ്ങള്‍, വിദ്യാര്‍ത്ഥി വായ്പകള്‍, വിദേശ നയങ്ങള്‍ എന്നിവയാണ് ബൈഡന്‍ ഭരണകൂടത്തിന്റെ സ്വീകാര്യത കുറച്ചതെന്ന് വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
content highlight : 70 percent of US voters aged 18-34 disapprove of Biden on Israel: poll