ബീജിംഗ്: ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം 70 ശതമാനം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തിലെ ആദ്യ അഞ്ച് മാസത്തിനിടെയുള്ള കണക്കുകള്‍ പ്രകാരമാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 70 ശതമാനം വര്‍ധവുണ്ടായത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിനും രാഷ്ട്രീയ പോരുകള്‍ക്കും ഇടയിലാണ് വാണിജ്യത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാണെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ചൈനയിലെ കസ്റ്റംസ് ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ചൈനയും ഇന്ത്യയും യു.എസ് ഡോളറിന്റെ കാര്യത്തില്‍ ഈ വര്‍ഷം ആദ്യ അഞ്ച് മാസങ്ങളില്‍ 70.1 ശതമാനം ഉയര്‍ന്ന് 48.16 ബില്യണ്‍ ഡോളറിലെത്തിയതായി ചൈനീസ് കസ്റ്റംസിന്റെ കണക്കുകള്‍ പറയുന്നു.
ഇന്ത്യയിലേക്കുള്ള ചൈനീസ് കയറ്റുമതി ഏപ്രില്‍ മുതല്‍ മെയ് വരെ കുത്തനെ ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി ജനുവരി- മെയ് കാലയളവില്‍ 64.1 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിയില്‍ 90.2 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതി അടക്കമുള്ളവയാണ് വ്യാപാരം വന്‍തോതില്‍ വര്‍ധിക്കാന്‍ ഇടയാക്കിയത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍, മരുന്നുകള്‍, പരുത്തി, ചെമ്പ്, വജ്രം, രത്നങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യ ചൈനയിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്തത്.
അതേസമയം, കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ചൈന രംഗത്തെത്തിയിരുന്നു. ചൈനയുള്‍പ്പെടെയുള്ള ബ്രിക്സ് അംഗങ്ങള്‍ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്നാണ് വിദേശകാര്യ മന്ത്രി വാങ് യി കഴിഞ്ഞ ആഴ്ച പറഞ്ഞത്.
‘ഈ മഹാമാരിക്കാലത്ത് ഒരിക്കല്‍ കൂടി ഞാന്‍ ഇന്ത്യയോടുള്ള എന്റെ സഹാനുഭൂതി പ്രകടമാക്കുകയാണ്. ഈ സമയത്ത് ചൈനയും ബ്രിക്സ് രാജ്യങ്ങളും ഇന്ത്യയ്ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് പ്രഖ്യാപിക്കുന്നു. ഇന്ത്യ ഈ മഹാമാരിയെ മറികടക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ വാങ് യി പറഞ്ഞു.