ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗ ശ്രമത്തിനിടെ ഏഴുവയസുകാരിയെ തല ചുമരിലിടിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
യു.പിയിലെ ബുദൂനിലാണ് സംഭവം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ജാനേ ആലം (22) ആണ് ഏഴുവയസുകാരിയെ തല ചുമരിലിടിച്ച് കൊലപ്പെടുത്തിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് ബ്രിജേഷ് സിങ് പറഞ്ഞു.
ബീന്‍പൂര്‍ റോഡില്‍ നടന്ന ഏറ്റുമുട്ടലിലാണ് പ്രതി പിടിയിലായത്. ഇയാള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തെന്നും കോണ്‍സ്റ്റബിള്‍ മനോജിന് പരിക്കേറ്റെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
വെള്ളിയാഴ്ച സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് പോയ കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബഹളം വെച്ചപ്പോള്‍ പെണ്‍കുട്ടിയുടെ തല പ്രതി ചുമരില്‍ ഇടിക്കുകയായിരുന്നു. ഒന്നിലധികം തവണ തല ചുമരില്‍ ഇടിച്ചെന്നാണ് പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞത്. തലക്കേറ്റ പരിക്ക് കുട്ടിയുടെ മരണത്തിന് കരണമായെന്നാണ് പ്രാഥമിക നിഗമനം.
സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ കൈയില്‍ നിന്ന് അനധികൃത നാടന്‍ പിസ്റ്റളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്.
Content Highlight: 7-Year-Old Hit On Head, Killed After abuse Attempt in UP