കങ്കണയുടെ മുഖത്തടിച്ച കുല്‍വീന്ദര്‍ കൗര്‍ ആരാണ്? ഏഴ് കാര്യങ്ങള്‍
national news
കങ്കണയുടെ മുഖത്തടിച്ച കുല്‍വീന്ദര്‍ കൗര്‍ ആരാണ്? ഏഴ് കാര്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th June 2024, 11:48 am

ചണ്ഡീഗഢ്: ബി.ജെ.പി നേതാവും നടിയുമായ കങ്കണ റണാവത്തിന്റെ മുഖത്തടിച്ച സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍ ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗറിനെ സസ്പെന്‍ഡ് ചെയ്തു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഇന്നലെ ഡല്‍ഹിയിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ ഇരിക്കുമ്പോഴാണ് കങ്കണയെ സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍ മുഖത്തടിച്ചത്.

ബി.ജെ.പിയുടെ കര്‍ഷക നിലപാടുകളോടുള്ള എതിര്‍പ്പാണ് തന്റെ ഈ പ്രവര്‍ത്തിക്കു കാരണം എന്നാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ വിശദീകരണം നല്‍കിയത്. എയര്‍പോര്‍ട്ട് സുരക്ഷ നല്‍കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സും കോടതിയും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

2009ലാണ് കുല്‍വീന്ദര്‍ കൗര്‍ സി.ഐ.എസ്.എഫില്‍ ചേരുന്നത്. 2021 മുതല്‍ ചണ്ഡീഗഢ് വിമാനത്താവളത്തില്‍ സേനയുടെ ഏവിയേഷന്‍ സെക്യൂരിറ്റി ഗ്രൂപ്പിലാണ് കുല്‍വീന്ദര്‍ കൗര്‍. പഞ്ചാബിലെ സുല്‍ത്താന്‍പൂര്‍ ലോധി സ്വദേശിയാണ് ഇവര്‍. ഇതുവരെ സേനയില്‍ യാതൊരു തരത്തിലുള്ള വിജിലന്‍സ് അന്വേഷണവും നേരിടാത്ത ക്ലിയര്‍ ഇമേജുള്ള ഉദ്യോഗസ്ഥയാണ് കൗര്‍.

എന്നാല്‍ പഞ്ചാബിലെയും രാജ്യത്തൊട്ടാകെയും നടക്കുന്ന കര്‍ഷക സമരങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് ശക്തമായ പ്രതിഷേധം അവര്‍ക്കുണ്ടായിരുന്നു. കുല്‍വീന്ദര്‍ കൗറിന്റെ സഹോദരന്‍ ഷേര്‍ സിംങ് കര്‍ഷക നേതാവും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ സംഘടനാ സെക്രട്ടറിയുമാണ്. സംഭവത്തിന് ശേഷം കര്‍ഷക സമരത്തെ കുറിച്ചും കങ്കണയെ താന്‍ അടിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും അവര്‍ വിവരിച്ചിരുന്നു.

സംഭവത്തിന് ശേഷം പ്രകോപിതയായ കുല്‍വീന്ദര്‍ കൗര്‍ ആളുകളോട് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് നൂറു രൂപയും ഇരുന്നൂറു രൂപയും ശമ്പളം ലഭിച്ചതിനാലാണ് അവര്‍ സമരം ചെയ്യുന്നതെന്നായിരുന്നു കങ്കണ പറഞ്ഞത്. എന്നാല്‍ കര്‍ഷകര്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്നും, അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ ബി.ജെ.പി വില കുറച്ചു കാണുകയാണെന്നും കുല്‍വീര്‍ പറഞ്ഞു. നിരവധി പേരാണ് ദല്‍ഹിയില്‍ കര്‍ഷക സമരം നയിച്ചത്. അതില്‍ തന്റെ അമ്മയും ഉണ്ടെന്നും അവര്‍ പറഞ്ഞു.

കര്‍ഷക സമരങ്ങളോടുള്ള കങ്കണയുടെ നിലപാട് തന്നെയാണ് അവരെ മുഖത്തടിക്കാന്‍ കുല്‍വീര്‍ കൗറിനെ പ്രേരിപ്പിച്ചത്. കര്‍ഷകരെ അനാദരവോടെയും അവജ്ഞയോടെയും നോക്കി കാണുന്ന കങ്കണയുടെ നിലപാടിനെതിരെയാണ് തന്റെ പ്രതിഷേധം എന്ന് അവര്‍ പറഞ്ഞു.

ബി.ജെപിയുടെ കര്‍ഷക ദ്രോഹ നിലപാടുകളില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകളാണ് ഈ വര്‍ഷമാദ്യം ദല്‍ഹിയില്‍ കര്‍ഷക മാര്‍ച്ച് സംഘടിപ്പിച്ചത്. താങ്ങു വില പ്രഖ്യാപിക്കുക, കടങ്ങള്‍ എഴുതി തള്ളുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. എന്നാല്‍ കര്‍ഷകര്‍ക്കനുകൂലമായ ഒരു നിലപാടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിക്രമാദിത്യ സിങ്ങിനെതിരെ 74,755 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി നേതാവ് കങ്കണ റണാവത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് കങ്കണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

Content Highlight: 7 things to know about CISF constable who ‘slapped’ Kangana Ranaut at Chandigarh airport