ന്യൂദല്‍ഹി: വാഗണ്‍ ആര്‍ 7 സീറ്റ് പതിപ്പ് ഉടന്‍ വിപണിയിലെത്തും. ഈ വര്‍ഷം സെപ്റ്റംബറില്‍ വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നാണ് മാരുതി വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.
നവംബറില്‍ വാഹനം നിരത്തിലിറങ്ങും. 1998ല്‍ ടോള്‍ബോയ് ഡിസൈനില്‍ ഇന്ത്യയില്‍ അവതരിച്ച വാഹനമാണ് വാഗണ്‍ ആര്‍. ഇന്ത്യയില്‍ മികച്ച പ്രതികരണങ്ങള്‍ ലഭിച്ച വാഹനത്തിന്റെ 7 സീറ്റുള്ള മോഡല്‍ നേരത്തെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
ജപ്പാനീസ് വിപണിയിലുള്ള മാരുതിയുടെ 7 സീറ്റ് വാഹനം സോളിയോയോട് സാമ്യമുള്ള ഡിസൈന്‍ ആണ് വാഗണ്‍ ആറിലും ഉപയോഗിച്ചിരിക്കുന്നതെന്നാണ് വാഹന വിദഗ്ധര്‍ പറയുന്നത്.
1.2 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനാണ് സോളിയോയ്ക്ക് കരുത്തേകുന്നത്. എന്നാല്‍ ഇന്ത്യന്‍ മോഡല്‍ വാഗണ്‍ ആര്‍ 7 സീറ്റിന്റെ മെക്കാനിക്കല്‍ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയില്‍ ഡാറ്റ്‌സന്‍ ഗോ പ്ലസ് വാഹനങ്ങള്‍ ഉള്‍പ്പെടുന്ന എം.പി.വികള്‍ക്കായിരിക്കും 7 സീറ്റ് വാഗണ്‍ ആര്‍ പ്രധാന വെല്ലുവിളി ഉയര്‍ത്തുക.