കോഴിക്കോട്: മിഠായിത്തെരുവില്‍ ഹര്‍ത്താല്‍ ദിനത്തിനിടെയുണ്ടായ ആക്രമണത്തില്‍ ഏഴ് പേരെ കോഴിക്കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ഹര്‍ത്താല്‍ ദിനത്തില്‍ മുഖം മറച്ച് വടിയും കല്ലും പട്ടികയുമായി വലിയൊരു ആള്‍ക്കൂട്ടം ജനങ്ങളെ വിരട്ടി ഓടിച്ചും കടകള്‍ തകര്‍ത്തും വ്യാപക അക്രമമാണ് മിഠായിത്തെരുവില്‍ അഴിച്ചു വിട്ടത്.
കനത്ത സുരക്ഷയൊരുക്കിയിട്ടും മിഠായിത്തെരുവില്‍ കടകള്‍ തുറക്കാനെത്തിയ വ്യാപാരികള്‍ക്ക് നേരെ വ്യാപകമായ അക്രമമാണ് ബി.ജെ.പി- ആര്‍.എസ്.എസ്-ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്.
കടകള്‍ അടിച്ചു തകര്‍ക്കുകയും ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്ത പ്രവര്‍ത്തകര്‍ മിഠായിത്തെരുവില്‍ അഴിഞ്ഞാടുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസിന് ഗ്രനേഡ് പ്രയോഗിക്കേണ്ടി വന്നിരുന്നു.
കൂടാതെ മിഠായിത്തെരുവിലെ ക്ഷേത്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മിഠായിത്തെരുവിന് മധ്യത്തിലുള്ള ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.
ക്ഷേത്രത്തിനകത്ത് വി.എച്ച്.പിയുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുമ്പുദണ്ഡും വടികളും കൊടുവാളും അടക്കമുള്ള ആയുധങ്ങളാണ് ക്ഷേത്രത്തിന്റെ വളപ്പില്‍ നിന്നും പിടിച്ചെടുത്തത്. ക്ഷേത്രവളപ്പില്‍ നിന്നും നാലുപേരെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.