ഫൈനലില്‍ മെസിയെ കാത്തിരിക്കുന്ന ഏഴ് റെക്കോഡുകള്‍
2022 Qatar World Cup
ഫൈനലില്‍ മെസിയെ കാത്തിരിക്കുന്ന ഏഴ് റെക്കോഡുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th December 2022, 12:35 pm

ഖത്തര്‍ ലോകകപ്പിന് വിരാമമിടാന്‍ ഇനി കേവലം മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. 2022 ലോകകപ്പില്‍ വിജയിച്ച് ഇനിയുള്ള നാല് വര്‍ഷക്കാലം ലോക ഫുട്‌ബോളിന്റെ നെറുകയില്‍ ആരെത്തും എന്നറിയാനാണ് ലോകം കാത്തിരിക്കുന്നത്.

കോപ്പാ അമേരിക്കക്കും ഫൈനലിസിമക്കും ശേഷം മൂന്നാം കിരീടം തേടിയെത്തുന്ന അര്‍ജന്റീനയും, ഇറ്റലിക്കും ബ്രസീലിനും ശേഷം ലോകകിരീടം നിലനിര്‍ത്താനുറച്ച് ഫ്രാന്‍സും കളത്തിലിറങ്ങുമ്പോള്‍ ഫലം പ്രവചനാതീതമാണ്.

ലാറ്റിന്‍ അമേരിക്കയും യൂറോപ്പും തമ്മിലുള്ള ക്ലാഷില്‍ അര്‍ജന്റീനയുടെ മുഴുവന്‍ പ്രതീക്ഷയും ലയണല്‍ മെസിയില്‍ തന്നെയാണ്. മറഡോണക്ക് ശേഷം അര്‍ജന്റീനയെ മെസി കിരീടം ചൂടിക്കും എന്ന പ്രതീക്ഷയിലാണ് ഓരോ അര്‍ജന്റൈന്‍ ആരാധകനും.

ലോകകപ്പ് ഫൈനലിന് ലുസൈല്‍ സ്റ്റേഡിയത്തിലിറങ്ങുമ്പോള്‍ തന്നെ മെസിയുടെ പേരില്‍ പല റെക്കോഡുകളും കുറിക്കപ്പെടും. ഇനി അഥവാ അര്‍ജന്റീന വിശ്വവിജയികളാവുകയാണെങ്കില്‍ മറ്റ് പല റെക്കോഡുകളും മെസിയുടെ പേരിന് നേരെ ഏഴുതിച്ചേര്‍ക്കാന്‍ സാധിക്കും.

ലോകകപ്പില്‍ ഏറ്റവുമധികം മത്സരങ്ങള്‍ വിജയിക്കുന്ന താരം എന്ന ജര്‍മന്‍ ലെജന്‍ഡ് ക്ലോസെയുടെ റെക്കോഡിനൊപ്പമെത്താന്‍ ഫൈനലിലെ ഒറ്റ വിജയം മാത്രമാണ് മെസിക്ക് ആവശ്യമായുള്ളത്.

ഫൈനലില്‍ കളത്തിലിറങ്ങുന്നതോടെ മറ്റൊരു ജര്‍മന്‍ ലെജന്‍ഡായ ലോഥര്‍ മത്തേവൂസിന്റെ റെക്കോഡും മെസി തകര്‍ക്കും. ലോകകപ്പില്‍ ഏറ്റവുമധികം മത്സരം കളിക്കുന്ന താരം എന്ന റെക്കോഡ് 25 മത്സരം വീതം കളിച്ച മെസിയും മത്തേവൂസും ചേര്‍ന്നാണ് കയ്യാളുന്നത്. എന്നാല്‍ ഡിസംബര്‍ 18ന് മത്തേവൂസും മെസിക്ക് മുമ്പില്‍ വീഴുമെന്നുറപ്പാണ്.

ലോകകപ്പില്‍ ഏറ്റവുമധികം സമയം കളിക്കുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കാന്‍ മെസിക്ക് ഫൈനലില്‍ 23 മിനിട്ട് മാത്രം ചെലവഴിച്ചാല്‍ മതി. ഫിഫ ലോകകപ്പ് മത്സരങ്ങളില്‍ ആകെ 2,194 മിനിട്ടാണ് മെസി കളിച്ചത്. ഏറ്റവും കൂടുതല്‍ മിനിട്ടുകള്‍ കളിച്ചതിന്റെ റെക്കോര്‍ഡ്, ഇറ്റാലിയന്‍ ഇതിഹാസ ഡിഫന്‍ഡറും എ.സി മിലാന്‍ ഐക്കണുമായ പൗലോ മാല്‍ഡിനിയുടെ പേരിലാണ്. 2,217 മിനിട്ടാണ് താരം ലോകകപ്പില്‍ നിറഞ്ഞുനിന്നത്.

ലോകകപ്പില്‍ ഏറ്റവുമധികം അസിസ്റ്റ് നല്‍കുന്ന താരം എന്ന ഫുട്‌ബോള്‍ ലെജന്‍ഡ് പെലെയുടെ റെക്കോഡിനൊപ്പമെത്താന്‍ (10) ഒറ്റ അസിസ്റ്റ് മാത്രമാണ് മെസിക്ക് ആവശ്യമായുള്ളത്. രണ്ട് ഗോളവസരം സൃഷ്ടിച്ചാല്‍ പെലെയെ മറികടക്കാനും മെസിക്ക് സാധിക്കും.

ഈ ലോകകപ്പില്‍ ഗോള്‍ഡന്‍ ബോള്‍ നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നത് മെസിക്കാണ്. അങ്ങനെയാണെങ്കില്‍ രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കുന്ന താരം എന്ന റെക്കോഡും മെസിയുടെ പേരിലാകും. 2014ല്‍ ഫൈനലില്‍ ജര്‍മനിയോട് പരാജയപ്പെട്ട വര്‍ഷം മെസിയായിരുന്നു ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരത്തിനര്‍ഹനായത്.

ഇതിന് പുറമെ ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും ഒരുമിച്ച് സ്വന്തമാക്കാനുള്ള അവസരവും മെസിക്കുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും ഒന്നിച്ച് സ്വന്തമാക്കുന്ന എട്ടാമത് മാത്രം താരമാകാനും മെസിക്ക് സാധിക്കും.

ഇതിനൊപ്പം തന്നെ ഏറ്റവുമധികം ഗോള്‍ കോണ്ട്രിബ്യൂഷന്റെ റെക്കോഡും മെസിക്ക് സ്വന്തമാക്കാനുള്ള അവസരമുണ്ട്. 22 ഗോള്‍ കോണ്ട്രിബ്യൂഷന്‍ (12 ഗോള്‍ 10 അസിസ്റ്റ്) നടത്തിയ ഇതിഹാസ താരം പെലെയുടെ റെക്കോഡാണ് 20 ഗോള്‍ കോണ്ട്രിബ്യൂഷനുള്ള (11 ഗോള്‍ ഒമ്പത് അസിസ്റ്റ്) മെസിക്ക് മുമ്പിലുള്ളത്.

 

Content highlight: 7 records await Lionel Messi in 2022 FIFA World Cup finals