ചണ്ഡീഗഡ്: 2022ൽ പഞ്ചാബിലെ ഫിറോസ്പൂരിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചതിന് ബത്തിണ്ഡ എസ്.പി ഗുർബീന്ദർ സിങ് ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.
റിട്ടയെർഡ് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ.
ഗുർബീന്ദർ സിങ്ങിന് പുറമേ ഡി.വൈ.എസ്.പി റാങ്കിലുള്ള പാർസൺ സിങ്, ജഗ്ദീഷ് കുമാർ, ഇൻസ്‌പെക്ടർമാരായ ജതീന്ദൻ സിങ്, ബൽവീന്ദർ സിങ്, സബ് ഇൻസ്പെക്ടർ ജസ്വന്ത് സിങ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രമേശ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പഞ്ചാബ് സിവിൽ സർവീസ് 1970 നിയമത്തിലെ സെക്ഷൻ എട്ട് പ്രകാരം കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തി എന്നും പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ഡി.ജി.പിയുടെ സസ്പെൻഷൻ ഓർഡറിൽ പറയുന്നത്.
2022 ജനുവരി അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫിറോസ്പൂരിലെ റാലിയിൽ പങ്കെടുക്കുന്നതിനായി യാത്ര ചെയ്യവേ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയിലെ അംഗങ്ങളായ കർഷകർ റോഡ് ഉപരോധിക്കുകയായിരുന്നു. തുടർന്ന് പ്രധാനമന്ത്രിക്ക് പരിപാടി റദ്ദാക്കേണ്ടി വന്നു.
എയർപോർട്ടിലേക്ക് പോകുന്നതിനു മുൻപ് പ്രധാനമന്ത്രിയുടെ വാഹനം 20 മിനിറ്റോളം ദേശീയപാതയിൽ കുടുങ്ങിയിരുന്നു.
എന്നാൽ മോശം കാലാവസ്ഥയെ തുടർന്നാണ് പ്രധാനമന്ത്രിയുടെ സന്ദർശനം റദ്ദാക്കിയത് എന്നായിരുന്നു കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചത്.
CONTENT HIGHLIGHT: 7 Punjab police officers suspended over PM’s security breach