[] ന്യൂദല്‍ഹി: ഡെറാഡൂണില്‍ എം.ബി.എ വിദ്യാര്‍ഥിയെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച കേസില്‍ ഉത്തരാഖണ്ഡിലെ 17 പോലീസുകാര്‍ കുറ്റക്കാരെന്ന് സി.ബി.ഐ കോടതി. ദല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് കണ്ടെത്തല്‍.
ഇതില്‍ ഏഴ് പേര്‍ക്കെതിരെ കൊലപാതക കുറ്റവും മറ്റുള്ളവര്ക്ക് തെളിവ് നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്.
2009 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗാസിയാബാദില്‍ നിന്നുള്ള എം.ബി.എ വിദ്യാര്‍ഥിയായ രണ്‍ബീര്‍ സിങ്ങിനെയാണ് ഡെറാഡൂണിലെ മോഹിനി റോഡില്‍ വച്ച് പോലീസുകാര്‍ വെടിവെച്ച് വീഴ്ത്തിയത്. ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘത്തിലുള്‍പ്പെട്ടയാളെന്ന് ആരോപിച്ചാണ് രണ്‍ബീറിനെ വധിച്ചത്.
ജോലി അന്വേഷിച്ചായിരുന്നു രണ്‍ബീര്‍ ഡെറാഡൂണിലേക്ക് പോയതെന്നും എന്നാല്‍ മോഷണകുറ്റത്തിലുള്‍പ്പെടുത്തി പോലീസ് പിടിക്കുകയായിരുന്നെന്നുമാണ് അച്ഛന്‍ രവീന്ദ്ര സിങ് ആരോപിച്ചത്. 29 ബുള്ളറ്റാണ് പോലീസ് വെടിവെപ്പില്‍ രണ്‍ബീറിന്റെ ശരീരത്തിലുടെ തുളഞ്ഞ് കയറിയത്.