| Friday, 14th July 2023, 8:27 pm

മണല്‍ മാഫിയയ്ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി; ഏഴ് പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മണല്‍ മാഫിയ സംഘങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ച ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കി. രണ്ട് ഗ്രേഡ് എ.എസ്.ഐമാരെയും അഞ്ച് സിവില്‍ പൊലീസ് ഓഫീസര്‍മാരെയുമാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്.

നിലവില്‍ കണ്ണൂര്‍ റേഞ്ചില്‍ ജോലി ചെയ്യുന്നവരെ പുറത്താക്കി കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഏഴ് പൊലീസുകാരും ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റ ദൂഷ്യം, പൊലീസിന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തല്‍ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവരെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട്.

പൊലീസുകാര്‍ നിയമവിരുദ്ധമായി മണല്‍ മാഫിയാ സംഘവുമായി സൗഹൃദം സ്ഥാപിച്ചെന്നും മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോര്‍ത്തി നല്‍കിയെന്നും ഉന്നതോദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

ഗ്രേഡ് എ.എസ്.ഐമാരായ പി. ജോയ് തോമസ് (കോഴിക്കോട് റൂറല്‍), സി. ഗോകുലന്‍ (കണ്ണൂര്‍ റൂറല്‍), സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.എ. നിഷാര്‍ (കണ്ണൂര്‍ സിറ്റി), എം.വൈ. ഷിബിന്‍ (കോഴിക്കോട് റൂറല്‍), ടി.എം. അബ്ദുള്‍ റഷീദ് (കാസര്‍ഗോഡ്), വി.എ. ഷെജീര്‍ (കണ്ണൂര്‍ റൂറല്‍), ബി. ഹരികൃഷ്ണന്‍ (കാസര്‍ഗോഡ്) എന്നിവരെയാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്.

Content Highlights: 7 police officers dropped from service

We use cookies to give you the best possible experience. Learn more