| Wednesday, 23rd September 2020, 9:44 am

എം.സി കമറുദ്ദീനെതിരെ ഏഴ് കേസുകള്‍ കൂടി; നിലവില്‍ 63 വഞ്ചനാകേസുകള്‍; എം.എല്‍.എ ചെയര്‍മാനായ കോളേജിനെതിരെയും ആരോപണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: എം.സി കമറുദ്ദീന്‍ എം.എല്‍.എക്കെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തി. ചന്തേര സ്‌റ്റേഷനില്‍ ആറ് വഞ്ചന കേസുകളും കാസര്‍ഗോഡ് ടൗണ്‍ സ്‌റ്റേഷനില്‍ ഒരു കേസുമടക്കം ഏഴ് കേസുകളാണ് ജ്വല്ലറി ചെയര്‍മാനായ എം.എല്‍.എക്കെതിരെ പുതിയതായി ചുമത്തിയിരിക്കുന്നത്. ജ്വല്ലറി എം.ഡി പൂക്കോയ തങ്ങളെയും ഈ കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

തൃക്കരിപ്പൂര്‍, വലിയപറമ്പ്, പടന്ന, പയ്യന്നൂര്‍ സ്വദേശികളായ ആറ് പേരില്‍ നിന്നായി 88,55,000 രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് ചന്തേര പൊലീസ് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം നിക്ഷേപമായി വാങ്ങിയ 1 കോടി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു എന്ന് ചെറുവത്തൂര്‍ സ്വദേശി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കാസര്‍ഗോഡ് ടൗണ്‍ സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

പുതിയ ഏഴ് കേസുകള്‍ കൂടി വന്നതോടെ എം.സി കമറുദ്ദീനെതിരെ നിലവില്‍ 63 വഞ്ചനാ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എം.എല്‍.എ ചെയര്‍മാനായ തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെതിരെയും ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്.

എസ്.എഫ്.ഐ ആണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. കോളേജിന്റെ പേരില്‍ 85 പേരില്‍ നിന്നായി അഞ്ച് ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയ ശേഷ പണമോ ലാഭവിഹിതമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് എസ്.എഫ്.ഐ ആരോപണമുന്നയിക്കുന്നത്.

കോളേജുകള്‍ ആരംഭിച്ച് മൂന്ന് വര്‍ഷത്തിനകം സ്വന്തം കെട്ടിടത്തിലേക്ക് മാറണമെന്ന വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ഈ കോളേജ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. 2013ല്‍ തുടങ്ങിയ കോളേജ് ഇപ്പോഴും താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.എഫ്.ഐ ആരോപണമുന്നയിക്കുന്നത്. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് കോളേജ് അധികൃതരുടെ വാദം. വരാന്‍ പോകുന്ന നാല് മാസത്തിനകം പുതിയ കെട്ടിടത്തിലേക്ക് മാറിയാല്‍ മതിയെന്ന് ഹൈക്കോടതി ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ കമറുദ്ദീനെ മുഖ്യപ്രതിയാക്കി ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കുറ്റത്തിനുള്ള കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എം.സി. കമറുദ്ദീന്‍ ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം ടി.കെ. പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായ ചെറുവത്തൂര്‍ ആസ്ഥാനമായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി എന്ന സ്ഥാപനത്തിലേക്ക് നിക്ഷേപമായി സ്വീകരിച്ച തുക തിരിച്ചുനല്‍കിയില്ലെന്നാണ് പരാതിയുയര്‍ന്നത്. 800ഓളം നിക്ഷേപകരില്‍ നിന്നും 136 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇരുവര്‍ക്കുമെതിരായ ആക്ഷേപം.

കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ കീഴില്‍ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തിനാണ് അന്വേഷണചുമതല.

നേരത്തെ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ പ്രതിയായ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീനോട് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം നിര്‍ദേശിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 7 new cases against M C Kamaruddin MLA in jewellery fraud case

We use cookies to give you the best possible experience. Learn more