മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ ഏഴ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ 48 മണിക്കൂറിനുള്ളിൽ മരണസംഖ്യ 31 ആയി. മരണപ്പെട്ടവരിൽ 16 പേർ കുട്ടികളാണ്. 24 മണിക്കൂറിനിടയിൽ 24 മരണങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ചികിത്സയിലുള്ള 71 രോഗികളുടെ നില ഗുരുതരമാണ്. ചികിത്സാ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന ആരോപണങ്ങൾ ആശുപത്രി ഡീൻ ഡോ. ശ്യാം റാവു വകോഡെ തള്ളി. ആവശ്യത്തിന് ഡോക്ടർമാരും മരുന്നുകളും ഉണ്ടായിരുന്നു എന്നും കൃത്യമായ ചികിത്സ നൽകിയിട്ടും രോഗികൾ പ്രതികരിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.
അമിത ജോലി ഭാരവും ചികിത്സാ ഉപകരണങ്ങളുടെ അഭാവവുമാണ് കൂട്ടമരണത്തിന് വഴിവെച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മരണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും അശ്രദ്ധ കാണിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഹസൻ മുഷ്‌രിഫ് പറഞ്ഞു. ആഗസ്റ്റിൽ താനെയിലെ ആശുപത്രിയിലും സമാന സംഭവം ഉണ്ടായിരുന്നു.
സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. മരണത്തിന് കാരണക്കാർ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരാണെന്ന് പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും എൻ.സി.പിയും ആരോപിച്ചു.
Content highlight: 7 More Patients Die At Maharashtra Hospital, 31 Deaths In 48 Hours