Discourse
ഏഴ് ഇറാന്‍ കവിതകള്‍ | അലിറാസ റൊഷാന്‍
അലിറാസ റൊഷാന്‍
2020 Nov 06, 12:17 pm
Friday, 6th November 2020, 5:47 pm

വിവര്‍ത്തനം: വി. മുസഫര്‍ അഹമ്മദ്
ചിത്രീകരണം: മജ്‌നി തിരുവങ്ങൂര്‍

ഒന്ന്


നിന്നെ യാത്രയയച്ചപ്പോള്‍
ഞാന്‍ കൈവീശി.
ഏകാന്തത അതൊരു
അഭിവാദ്യമായ് പരിഗണിച്ചു.

രണ്ട്‌


അത്യല്‍ഭുതം!
എല്ലാ കുളിര്‍ കാറ്റും
നിന്റെ തലമുടിയിഴകളില്‍
ചെറു തരംഗമാകുന്നു.
അതൊരു
കുത്തിവരക്കല്‍ മാത്രം
സ്ഥിരവാസമല്ല.

മൂന്ന്

മെഴുകുതിരി
നാളവുമായി
പ്രണയത്തിലായ
കാറ്റെന്തു ചെയ്യും?

നാല്

കടയിലെ ഏറ്റവും
ഭംഗിയുള്ള
പരവതാനിയോട്
ഒരു തൊഴിലാളിക്ക്
തോന്നുന്ന ഇഷ്ടം
പോലെയാണ് പ്രണയം.
ഒരാള്‍ പരവതാനി വില
കൊടുത്ത് സ്വന്തമാക്കും വരെ
എന്നും രാവിലെ അതിനെ
നോക്കിനില്‍ക്കും.

അഞ്ച്

എനിക്കു മുന്നെ
നീ കോപ്പയുടെ
ചുണ്ടില്‍ ഉമ്മവെക്കുന്നു.
നിന്റെ ചുണ്ടുകളോട്
എനിക്ക് ദാഹം.
പക്ഷെ അത് കാപ്പിക്കും
ചോടെ.

ആറ്

 

എന്നെ കണ്ടപ്പോള്‍
അവള്‍ ജനലടച്ചു.
ജനല്‍ച്ചില്ലില്‍
പെണ്‍മുഖത്തിനു
പകരം
ചന്ദ്രബിംബം.

ഏഴ്‌

കവിത
നിന്റെ
സാന്നിധ്യത്തില്‍
ആരംഭിക്കുന്നു
നീ വിട്ടു പോകുമ്പോള്‍
പൂര്‍ത്തിയാകുന്നു.

കുറിപ്പ്: 1977ല്‍ ഇറാനിലെ തെഹ്‌റാനില്‍ ജനിച്ച അലിറാസ റൊഷാന്‍ ഇപ്പോള്‍ തുര്‍ക്കിയില്‍ പ്രവാസ ജീവിതം നയിക്കുന്നു. അസാന്നിധ്യം, നഷ്ടവിലാപങ്ങള്‍ എന്നിവയെക്കുറിച്ച് സൂഫി പാരമ്പര്യത്തെ പിന്‍പറ്റി കവിതകളെഴുതുന്നു. കഥകളും എഴുതാറുണ്ട്. സമകാലിക പ്രവാസി ഇറാന്‍ കവിത ശബ്ദങ്ങളില്‍ ശ്രദ്ധേയന്‍. ബികമിങ് യു, ദ ബുക്ക് ഓഫ് ആബ്‌സന്‍സ്, കേജ് പോയട്രി, ദ ഡോട്ട് ആന്റ് 19 അദര്‍ സ്റ്റോറീസ് തുടങ്ങിയവ പേര്‍ഷ്യനില്‍ നിന്നും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത സമാഹാരങ്ങളാണ്. ഇറാനില്‍ തടവ് ശിക്ഷയനുഭവിച്ചിട്ടുണ്ട്.