| Sunday, 6th May 2018, 5:08 pm

അഫ്ഗാനിസ്ഥാനില്‍ ഏഴ് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ ഭീകരര്‍ തട്ടിക്കൊണ്ട് പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഏഴ് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ ഭീകരര്‍ തട്ടിക്കൊണ്ട് പോയതായി റിപ്പോര്‍ട്ട്. ബഗ്‌ലാന്‍ പ്രവിശ്യയിലെ പവര്‍പ്ലാന്റില്‍ ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാരെയാണ് തട്ടിക്കൊണ്ട് പോയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തട്ടിക്കൊണ്ട് പോയ കാര്യം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

ബഗ്‌ലാമില്‍ നിന്ന് ഡാര്‍ബ്‌സ് (ഡാ അഫ്ഗാനിസ്ഥാന്‍ ബ്രെഷ്‌ന ഷെര്‍ക്കത്ത്) പവര്‍പ്ലാന്റിലേക്ക് ബസില്‍ യാത്രചെയ്യുകയായിരുന്ന ഇന്ത്യക്കാരെ മറ്റൊരു വാഹനത്തിലെത്തിയ ആയുധധാരികള്‍ വാഹനം തടഞ്ഞ് തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോവുകയായിരുന്നു. അഫ്ഗാന്‍ സ്വദേശിയായ ഡ്രൈവറെയും തട്ടിക്കൊണ്ട് പോയിട്ടുണ്ട്.

ആരാണ് തട്ടിക്കൊണ്ട് പോയതെന്നോ സംഭവത്തിന് പിന്നിലെ കാരണമോ ഇതുവരെ വ്യക്തമല്ല. തട്ടിക്കൊണ്ട് പോവലിന് പിന്നില്‍ താലിബാന്‍ ആണെന്ന് ആരോപണമുണ്ടെങ്കിലും താലിബാന്‍ ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

അഫ്ഗാനില്‍ 150 ഇന്ത്യന്‍ എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്ധരും ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. തട്ടിക്കൊണ്ട് പോവലും കൊള്ളയടിക്കലും അഫ്ഗാനില്‍ സാധാരണമാണ്. മോചനദ്രവ്യത്തിന് വേണ്ടിയാണ് പലപ്പോഴും അന്യരാജ്യക്കാരെ തട്ടിക്കൊണ്ട് പോവുന്നത്. 2016ല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യക്കാരിയെ തട്ടിക്കൊണ്ട് പോയിരുന്നു. 40 ദിവസം തടവില്‍ വച്ച ശേഷമാണ് അവരെ മോചിപ്പിച്ചത്.

യുദ്ധം തകര്‍ത്ത അഫ്ഗാനിസ്ഥാനെ സഹായിക്കാന്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ സഹായം ചെയ്യുന്നുണ്ട്. 2001 മുതല്‍ 2 ബില്ല്യണ്‍ യു.എസ് ഡോളര്‍ സഹായധനം നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more