| Thursday, 6th February 2020, 3:06 pm

ഉത്തര്‍പ്രദേശിലെ കെമിക്കല്‍ ഫാക്ടറിയില്‍ വിഷവാതകചോര്‍ച്ച: കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിതാപൂര്‍: ഉത്തര്‍പ്രദേശിലെ രാസവസ്തു നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നുമുണ്ടായ ഗ്യാസ് ചോര്‍ച്ചയില്‍ കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ സിതാപൂരിലുള്ള ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിയോട് ചേര്‍ന്നുള്ള പരവതാനി നിര്‍മ്മാണശാലയില്‍ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്.

കെമിക്കല്‍ ഫാക്ടറിയിലെ പൈപ്പ്‌ലൈനില്‍ ഉണ്ടായ ചോര്‍ച്ച മൂലം വിഷവാതകം പുറത്തുവരികയായിരുന്നു. തൊട്ടടുത്തുള്ള പരവതാനി നിര്‍മ്മാണശാലയില്‍ ഉറങ്ങികിടക്കുന്നവരാണ് വിഷവാതകം ശ്വസിച്ച് മരിച്ചതെന്ന് പൊലിസ് അറിയിച്ചു.

ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ഇതുവരെ ഏഴ് മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പ്രദേശവാസികളാണ് വാതകചോര്‍ച്ചയെപ്പറ്റി പൊലിസില്‍ അറിയിച്ചത്. വിഷവാതകത്തിന്റെ രൂക്ഷമായ ഗന്ധം മൂലം ഫാക്ടറി പരിസരത്തേക്ക് എത്തിച്ചേരാന്‍ രക്ഷാപ്രവര്‍ത്തകര്‍ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതുവരെ ഏഴ് മൃതദേഹങ്ങളാണ് പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.’ സിതാപൂര്‍ എസ്.പി എല്‍. ആര്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രദേശത്ത് ഇപ്പോഴും രൂക്ഷഗന്ധം തുടരുകയാണ്. പ്രദേശത്തെ കന്നുകാലികളടക്കം ചത്തൊടുങ്ങിയിട്ടുണ്ടെന്നും പരിസരവാസികള്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രക്ഷാപ്രവര്‍ത്തകസംഘത്തോടൊപ്പം ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വാതകചോര്‍ച്ചയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ല ഭരണകേന്ദ്രം പ്രഖ്യാപിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more