ടൂറിസ്റ്റ് വിസയില്‍ റഷ്യയിലെത്തി, സൈനിക സേവനത്തിന് നിര്‍ബന്ധിതരായി; രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഏഴ് ഇന്ത്യക്കാര്‍
India
ടൂറിസ്റ്റ് വിസയില്‍ റഷ്യയിലെത്തി, സൈനിക സേവനത്തിന് നിര്‍ബന്ധിതരായി; രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഏഴ് ഇന്ത്യക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th March 2024, 11:51 am

ന്യൂദല്‍ഹി: ടൂറിസ്റ്റ് വിസയില്‍ റഷ്യയിലെത്തി സൈനിക സേവനത്തിന് നിര്‍ബന്ധിതരായെന്ന പരാതിയുമായി ഏഴ് ഇന്ത്യന്‍ പൗരന്‍മാര്‍. റഷ്യയിലെത്തിയ തങ്ങളെ നിര്‍ബന്ധിച്ച് സൈനിക സേവനത്തിന് അയച്ചെന്നും മോചനത്തിനായി സഹായിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ഇവര്‍ അഭ്യര്‍ത്ഥിച്ചു.

പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏഴ് യുവാക്കളാണ് റഷ്യയില്‍ കുടുങ്ങിയത്. തങ്ങളെ നാട്ടിലെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് യുവാക്കള്‍ എക്‌സില്‍ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ഉക്രൈൻ റഷ്യ യുദ്ധത്തിന്റെ ഭാഗമാകാന്‍ തങ്ങളെ മോസ്‌കോയിലേക്ക് തെറ്റിദ്ധരിപ്പിച്ച് കൊണ്ടു വന്നെന്ന് യുവാക്കള്‍ ആരോപിച്ചു. റഷ്യയുടെ സൈനിക വേഷത്തിലാണ് 105 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ ഇവര്‍ എക്‌സില്‍ പങ്കുവെച്ചത്.

പുതുവത്സരാഘോഷങ്ങള്‍ക്ക് വേണ്ടി ഡിസംബര്‍ 27നാണ് യുവാക്കള്‍ റഷ്യയിലേക്ക് പോയത്. ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ റഷ്യയിലെത്തിയത്. വിസയുടെ കാലാവധി 90 ദിവസം മാത്രമായിരുന്നു. ഇതിന് ശേഷം റഷ്യയുടെ അയല്‍ രാജ്യമായ ബെലാറസിലേക്ക് ഒരു ഏജന്റ് വഴി എത്തിയെന്നും യുവാക്കള്‍ പറഞ്ഞു.

‘ബെലാറസിലേക്ക് പോകാന്‍ വിസ ആവശ്യമില്ലെന്ന് ഏജന്റ് തെറ്റിദ്ധരിപ്പിച്ചു. അവിടെ എത്തിയതിന് ശേഷം അയാള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടെങ്കെിലും കൊടുക്കാതായപ്പോള്‍ ഞങ്ങളെ ഉപേക്ഷിച്ചു. പിന്നീട് പൊലീസ് ഞങ്ങളെ പിടികൂടി മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ റഷ്യന്‍ സൈന്യത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇപ്പോള്‍ അവര്‍ ഉക്രൈനെതിരെ യുദ്ധത്തിന് ഞങ്ങളെ നിര്‍ബന്ധിക്കുകയാണ്’, യുവാക്കള്‍ പറഞ്ഞു.

സൈനിക ജോലി ചെയ്തില്ലെങ്കില്‍ പത്ത് വര്‍ഷം ജയിലില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാക്കള്‍ കൂട്ടിച്ചേര്‍ത്തു. സൈനിക സഹായ ജോലികള്‍ മാത്രം ചെയ്താല്‍ മതിയെന്നാണ് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് ആയുധ പരിശീലനം നല്‍കി യുവാക്കളെ ഉക്രൈൻ അതിര്‍ത്തിയിലേക്ക് അയക്കുകയായിരുന്നു.

റഷ്യയില്‍ യുദ്ധമേഖലയില്‍ 12 ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നതായി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. ഇവരെ റഷ്യന്‍ സേനയില്‍ ചേര്‍ത്ത് യുദ്ധത്തിന്റെ ഭാഗമാകാന്‍ നിര്‍ബന്ധിച്ചെന്ന വാര്‍ത്തകള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ റഷ്യയിലുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.

Contant Highlight:7 From Punjab, Haryana Went To Russia As Tourists, Duped Into Ukraine War