| Thursday, 4th September 2014, 5:17 pm

ആരോഗ്യകരമായ ചര്‍മത്തിന് 7 ഭക്ഷണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിളങ്ങുന്നതും ആരോഗ്യകരവുമായ ചര്‍മം ആരാണ് ആഗ്രഹിക്കാത്തത്. നിത്യേന നമ്മള്‍ കഴിക്കുന്ന പല ഭക്ഷണങ്ങള്‍ക്കും നമ്മുടെ ചര്‍മ്മത്തെ സുന്ദരമാക്കി തീര്‍ക്കാന്‍ സാധിക്കും. സൗന്ദര്യം മാത്രമല്ല യാത്ര, ടെന്‍ഷന്‍, ഉറക്കമില്ലായ്മ ഇവ സമ്മാനിക്കുന്ന സ്‌കിന്‍ പ്രശ്‌നങ്ങളും നല്ല ഭക്ഷണത്തിലൂടെ നമുക്ക് അകറ്റിനിര്‍ത്താം. ചര്‍മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ ഇതാ 7 ഭക്ഷണങ്ങള്‍..

1.കാരറ്റ്
തൊലിപ്പുറത്തെ കോശങ്ങളുടെ അനാവശ്യ വളര്‍ച്ച തടയാന്‍ കാരറ്റിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ യ്ക്ക് സാധിക്കുന്നു. തൊലിപ്പുറത്തുണ്ടാകുന്ന വ്രണങ്ങള്‍ ഇല്ലാതാക്കുന്നതിനും കാരറ്റ് ഉത്തമമാണ്. തൊലിപ്പുറത്തെ കാന്‍സര്‍ തടയുന്നതിന് കാരറ്റിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ യ്ക്ക് കഴിയും.

2. പപ്പായ
പപ്പായയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. പപ്പായയില്‍ കാലറിയുടെ അളവ് കുറവാണ്. അതുകൊണ്ട് തന്നെ കൊളസ്‌ട്രോളും ഇല്ല. പപ്പായ ദഹനത്തിന് ഉത്തമമാണ്. വിറ്റാമിന്‍ സി, ഇ, ബീറ്റാ കരോട്ടിന്‍ എന്നിവ മുഖക്കുരു, കറുത്ത പാടുകള്‍ തുടങ്ങിയവയില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. സൂര്യാഘാതത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും വിറ്റാമിന്‍ സി പ്രയോജനകരമാണ്.

3. സെലറി (ഒരിനം പച്ചക്കറി)
രക്ത ചംക്രമണം സുഗമമാക്കാന്‍ സെലറിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെ സഹായകമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സെലറി പ്രയോജനപ്പെടും. മാനസിക സമ്മര്‍ദ്ദം കുറയുന്നതിലൂടെ ചര്‍മ്മത്തിന്റെ ഭംഗിയും സംരക്ഷിക്കപ്പെടും. സെലറിയില്‍ അടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ സോഡിയം, പൊട്ടാസ്യം, ജലം എന്നിവ നിര്‍ജലീകരണത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. കാലറി കുറഞ്ഞ ഭക്ഷണമായതിനാല്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുകയില്ല.

4. വിത്തുകള്‍
മത്തങ്ങാക്കുരു, ചണവിത്ത്, സൂര്യകാന്തിയുടെ വിത്ത് തുടങ്ങിയവ കഴിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് സഹായകമാകും. മത്തങ്ങാക്കുരുവും സൂര്യകാന്തി വിത്തും, വിറ്റാമിന്‍ ഇ, സെലിനിയം, മഗ്നീഷ്യം, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ചര്‍മ്മത്തില്‍ ചുളിവ് വീഴുന്നത് തടയാന്‍ സെലിനിയത്തിനും പ്രോട്ടീനും കഴിയും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ മഗ്നീഷ്യം സഹായകമാണ്. ചണത്തില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തൊലിപ്പുറത്ത് ചുളിവുകള്‍ വീഴുന്നത് തടയുന്നു.

5. പച്ച ചീര
പച്ച ചീര ഔഷധ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ഇരുമ്പ്, വിറ്റാമിന്‍ ഇ, മഗ്നീഷ്യം, വിറ്റാമിന്‍ എ, ഫൈബര്‍, പ്ലാന്റ് പ്രോട്ടീന്‍, വിറ്റാമിന്‍ സി, ഫൊളേറ്റ് തുടങ്ങിയ ധാതുക്കളടങ്ങിയ വസ്തുവാണ് പച്ച ചീര. എല്ലാ ചര്‍മ്മരോഗങ്ങള്‍ക്കും ഫലപ്രദമാണ് ചീരയിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍.

6. ഗ്രീന്‍ ടീ
ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍, അമിനോ ആസിഡുകള്‍, എല്‍ തിയാനിന്‍ എന്നിവ ശരീരത്തെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. രക്ത സമ്മര്‍ദ്ദം വര്‍ധിക്കുന്നത് തടയാനും കാന്‍സര്‍ വരാതിരിക്കുന്നതിനും ഗ്രീന്‍ ടീ സഹായകമാണ്.

7. വെളിച്ചെണ്ണ
വെളിച്ചെണ്ണയില്‍ സാന്ദ്രീകരിച്ച കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ലോറിക് ആസിഡ്. ബാക്ടീരിയകളെയും വൈറസുകളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒന്നാണ്. ചര്‍മ്മത്തെ ഈര്‍പ്പമുള്ളതും മൃദുത്വമുള്ളതുമാക്കാന്‍ വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകള്‍ വിറ്റാമിന്‍ ഇ എന്നിവ സഹായിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more