കേരളത്തെ ത്രസിപ്പിക്കാനൊരുങ്ങി ജാവ; സംസ്ഥാനത്ത് ഏഴ് ഡീലര്‍മാര്‍
D'Wheel
കേരളത്തെ ത്രസിപ്പിക്കാനൊരുങ്ങി ജാവ; സംസ്ഥാനത്ത് ഏഴ് ഡീലര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd December 2018, 2:50 pm

തിരുവനന്തപുരം: ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുന്ന ജാവയ്ക്ക് കേരളത്തില്‍ ഏഴ് ഡീലര്‍മാര്‍. കേരളത്തില്‍ ഏറെ ജനപ്രചാരമുള്ള റോയല്‍ എന്‍ഫീല്‍ഡിന് ഇത് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. മഹീന്ദ്രയുടെ കീഴില്‍ ജാവ, ജാവ 42, ജാവ പേരക് എന്നീ ബൈക്കുകളാണ് ജാവ നവംബര്‍ 15ന് അവതരിപ്പിച്ചത്. എന്നാല്‍ പേരക് നിരത്തിലിറങ്ങാന്‍ താമസിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു.

27 സംസ്ഥാനങ്ങളിലായി 105 ഷോറൂമുകളാണ് ഇന്ത്യയിലൊട്ടാകെ ജാവ സ്ഥാപിക്കുന്നത്. കേരളത്തില്‍ കണ്ണൂര്‍ സൗത്ത് ബസാര്‍, കോഴിക്കോട് പുതിയങ്ങാടി, തൃശ്ശൂര്‍ കുറിയച്ചിറ, എറണാകുളം എടപ്പള്ളി, ആലപ്പുഴ ഇരുമ്പുപാലം, കൊല്ലം പള്ളിമുക്ക്, തിരുവനന്തപുരം നിറമണ്‍കര ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ജാവ മോട്ടോര്‍ ബൈക്കുകള്‍ ലഭിക്കുക.

ഡിസംബര്‍ 15ന് ഷോറൂമുകള്‍ പ്രവര്‍ത്തനസജ്ജമാകും. അന്ന് മുതല്‍ ഷോറൂമുകളില്‍ ബുക്കിംഗ് ആരംഭിക്കും. കൂടുതല്‍ ഷോറൂമുകള്‍ വൈകാതെ തയ്യാറാകുമെന്നും അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന് ആയി ജാവ ബുക്ക് ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. ബൈക്കുകള്‍ ജനുവരി മുതല്‍ ഇന്ത്യന്‍ നിരത്തില്‍ ഇറങ്ങിത്തുടങ്ങും.

വിലയിലും ഫീച്ചറുകളിലും കാഴ്ചയിലും റോയല്‍ എന്‍ഫീല്‍ഡിനോട് കിടപിടിക്കുന്നതാണ് ജാവയുടെ ഓരോ മോഡലുകളും. ഇന്ത്യന്‍ വിപണിയില്‍ ഹെവി ബൈക്ക് ശ്രേണിയിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ അപ്രമാദിത്വത്തെ ജാവ ചോദ്യം ചെയ്യുമോ എന്നാണ് ബൈക്ക് പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഉത്പാദനം നിര്‍ത്തുമ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് ആയിരുന്നു ജാവയുടെ മുഖ്യ എതിരാളികള്‍.