|

ഒരു ചോദ്യത്തിന് അപ്പുറത്ത് 7 കോടി രൂപ; ഹിമാനിയുടെ ഭാഗ്യപരീക്ഷണത്തിന് കാത്തിരുന്ന് 'കോന്‍ ബനേഗാ കോര്‍പതി' ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരുള്ള പരിപാടിയാണ് കോന്‍ ബനേഗാ ക്രോര്‍പതി. ‘ബിഗ് ബി’ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന പരിപാടി 12 സീസണുകള്‍ പിന്നിട്ട് 13ാം സീസണ്‍ ആരംഭിച്ചിരിക്കുകയാണ്.

13ാം സീസണ്‍ ആരംഭിച്ച് രണ്ട് ആഴ്ച കഴിയുമ്പോഴേക്കും ആദ്യ കോടിപതി പിറന്നിരിക്കുകയാണ്. കാഴ്ച വൈകല്യമുള്ള ഹിമാനി ബുണ്ഡേലയാണ് സമ്മാനത്തുകയായ ഒരു കോടി രൂപ സ്വന്തമാക്കിയത്.

സീ ടി.വി പുറത്തുവിട്ട പ്രൊമോ പ്രകാരം 15ാം ചോദ്യത്തിന് ശേഷം അമിതാഭ് ബച്ചന്‍ ഹിമാനി ഒരു കോടി നേടിയതായി പ്രഖ്യാപിക്കുന്നതായിരുന്നു. ശേഷം 7 കോടി രൂപയ്ക്കുള്ള 16ാം ചോദ്യത്തിലേക്ക് കടക്കുന്നതുമാണ് കാണിക്കുന്നത്.

ചോദ്യത്തിന് ഹിമാനി ഉത്തരം പറയുന്നതും, താങ്കള്‍ക്ക് ഉറപ്പാണോ എന്ന് ബച്ചന്‍ ചോദിക്കുന്നതും പ്രൊമോയില്‍ കാണിക്കുന്നുണ്ട്. ‘സമ്മാനത്തുക നഷ്ടപ്പെട്ടാലും സാരമില്ല എല്ലാം ഈശ്വരനിശ്ചയം,’ എന്നാണ് ഹിമാനി പറയുന്നത്.

പരിപാടിയില്‍ പല ആളുകളും കോടിപതികളായിട്ടുണ്ടെങ്കിലും ആരും 16ാമത് ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ടില്ല. ഹിമാനിയാണ് ചരിത്രത്തിലാദ്യമായി ജാക് പോട്ട് ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ടുള്ളത്.

ജാക്പോട്ട് ചോദ്യത്തിന് ഉത്തരം തെറ്റിയാല്‍ 3,20,000 രൂപ മാത്രമാണ് മത്സരാര്‍ത്ഥിക്ക് ലഭിക്കുക. കൂടാതെ ഉത്തരം പറയാന്‍ ലൈഫ്ലൈനുകളും ലഭിക്കില്ല.

ആഗസ്റ്റ് 23ന് ഷൂട്ട് ചെയ്ത പരിപാടി ആഗസ്റ്റ് 30, 31 തീയതികളിയാണ് ടെലിക്കാസ്റ്റ് ചെയ്യുന്നത്. കോന്‍ ബനേഗാ ക്രോര്‍പതിയുടെ മലയാള പതിപ്പായ നിങ്ങള്‍ക്കുമാവാം കോടീശ്വരന്‍ എന്ന പ്രോഗ്രാമിനും ആരാധകര്‍ ഏറെയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

7 crore beyond one question; ‘Kon Banega Korpati’ fans waiting for Hamani’s answer