ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പൊലീസും തീവ്രവാദികളും തമ്മില്‍ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഏഴു സാധാരണക്കാര്‍. ഒരു സൈനിക ഉദ്യോഗസ്ഥനും മൂന്ന് തീവ്രവാദികളും ഏഴ് സാധാരണക്കാരും ഉള്‍പ്പടെ പതിനൊന്നും പേരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
പുല്‍വാമയിലെ സിര്‍നൂ ഗ്രാമത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പൊലീസിന്റെ പ്രസ്താവന പ്രകാരം ഒരു സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹം കുടുംബത്തിന് വിട്ടു കൊടുത്തതായി പൊലീസ് അറിയിച്ചു.
വ്യാപകമായ വിമര്‍ശനമാണ് ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കിനെതിരെ ഉയരുന്നത്. ജമ്മു കാശ്മീര്‍ ഇപ്പോള്‍ ഗവര്‍ണ്ണര്‍ ഭരണത്തിനു കീഴിലാണ്. “ഇതാണോ ഗവര്‍ണ്ണര്‍ ഭരണത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്. സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ടിരിക്കുന്നു. ഒരു രാജ്യത്തിനും സ്വന്തം ജനങ്ങളെ കൊന്നു കൊണ്ട് യുദ്ധം ജയിക്കാന്‍ കഴിയില്ല. ഈ കൊലപാതകങ്ങളില്‍ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഞാന്‍ ഒരിക്കല്‍ കൂടി അപേക്ഷിക്കുന്നു”- എന്നായിരുന്നു മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തയിടെ പ്രതികരണം.
താഴ്‌വരയില്‍ സമാധാനം കാത്തു സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ട ഭരണകര്‍ത്താക്കള്‍ക്കെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും രംഗത്തെത്തി. “ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കിന് ഇവിടെ ഒരു കാര്യമേ ചെയ്യാനുണ്ടായിരുന്നുള്ളൂ. അത് ജമ്മു കാശ്മീരിലെ ജനങ്ങളുടെ ജനങ്ങളഉടെ സുരക്ഷ ഉറപ്പാക്കലാണ്. ദുഖകരം എന്നു പറയട്ടെ അവര്‍ അത് മാത്രം ചെയ്യുന്നില്ല. പത്രങ്ങളിലെ ഫുള്‍ കോളം പരസ്യങ്ങള്‍ സമാധാനം കൊണ്ടുവരില്ല”- അദ്ദേഹം പറഞ്ഞു.
“ഇത്തരം സംഭവങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെയ്തതിന് അവര്‍ മറുപടി പറയേണ്ട ഒരു വ്യവസ്ഥ കൊണ്ടു വരണം. നിര്‍ഭാഗ്യകരമായ ഇത്തരം കൊലപാതകങ്ങള്‍ക്ക് അവര്‍ മറുപടി പറയണം, ശിക്ഷിക്കപ്പെടുകയും വേണം”- സി.പി.ഐ.എം നേതാവ് എം.വൈ. തരിഗാമി സംഭവത്തെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്.
കശ്മീര്‍ താഴ്‌വരയിലെ ഇന്റര്‍നെറ്റ്, ട്രെയ്ന്‍ സേവനങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ഏറ്റുമുട്ടലില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Image Credits: FPK PHOTO/WASIM NABI