|

ദല്‍ഹിയിലെ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപിടിത്തം; ഏഴ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ഏഴ് നവജാത ശിശുക്കള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ദല്‍ഹിയിലെ വിവേക് വിഹാറിലെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ രാത്രി 11 മണിയോട് കൂടെയാണ് തീപിടിത്തം ഉണ്ടായത്.

തുടര്‍ന്ന് 16 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. ആുപത്രിയിലെ 12 നവജാത ശിശുക്കളെയും കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും ഏഴ് കുഞ്ഞുങ്ങള്‍ ചികിത്സയിലിരിക്കെ മരിച്ചെന്നാണ് അധികൃതര്‍ അറിയിച്ചത്.

മറ്റ് അഞ്ച് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

ദല്‍ഹിയില്‍ ശനിയാഴ്ച ഉണ്ടായ രണ്ടാമത്തെ തീപിടിത്തമായിരുന്നു ഇത്. അതിന് മുമ്പ് ദല്‍ഹിയിലെ ഷഹ്ദാര ഏരിയയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായിരുന്നു.

വിവരമറിഞ്ഞ് അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി 13 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദല്‍ഹിയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ഉള്ളതിനാല്‍ പലയിടത്തും തീപിടിത്തം ഉണ്ടായേക്കാമെന്ന് നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശനിയാഴ്ച രാവിലെ, ഗുജറാത്തിലെ രാജ്‌കോട്ടിലെ ഒരു ഗെയിമിങ് സോണിലും തീപിടിത്തം ഉണ്ടായിരുന്നു. ഇതില്‍ ഒമ്പത് കുട്ടികളടക്കം 27 പേരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്നും തിരിച്ചറിയുന്നതിനായി ഡി.എന്‍.എ പരിശോധന നടത്തേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

Content Highlight: 7 Babies Killed, Some Critical After Huge Fire At Delhi Children’s Hospital