റായ്‌പൂർ: ഛത്തീസ്ഗഡിൽ ദളിത് യുവാവിനെ നഗ്നനാക്കി മർദിച്ച ഏഴ് പേര് അറസ്റ്റിൽ. ഒ.ബി.സി വിഭാഗത്തിപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയബന്ധമുണ്ടെന്ന് ആരോപിച്ചാണ് 21 വയസുള്ള ദളിത് യുവാവിനെ ആക്രമിച്ചത്. പെൺകുട്ടിയുടെ കുടുംബത്തിലുള്ളവർ തന്നെയാണ് യുവാവിനെ ആക്രമിച്ചത്.
യുവാവിനെ മർദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ പൊലീസ് നടപടിയെടുക്കുകയായിരുന്നു. ഇടതു കണ്ണിനും ശരീരത്തിനും സാരമായി പരിക്കേറ്റ യുവാവ് ഇപ്പോഴും പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്തതായി ശക്തി പൊലീസ് സൂപ്രണ്ട് അങ്കിത ശർമ പറഞ്ഞു.
പെൺകുട്ടിയുടെ അച്ഛൻ, സഹോദരൻ, സുഹൃത്ത്, മൂന്ന് അമ്മാവന്മാർ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഏഴ് പേർക്കെതിരെയും ഭാരതീയ ന്യായ സംഹിതയിലെയും പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം 1989 എന്നിവയിലെ വകുപ്പുകൾ ചുമത്തി കേസെടുത്തു. കൊലപാതകശ്രമം, കലാപമുണ്ടാക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ ആർത്തവമാണെന്ന പേരിൽ ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ സ്കൂൾ അധികൃതർ ക്ലാസിന് പുറത്ത് നിർത്തി പരീക്ഷ എഴുതിച്ച സംഭവം വലിയ വിവാദമായിരുന്നു. പെൺകുട്ടി ക്ലാസ്‌റൂമിന് മുന്നിലുള്ള പടിക്കെട്ടിൽ ഇരുന്ന് പരീക്ഷ എഴുതുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. വിഷയത്തിൽ നിരവധി പേർ വിമർശനവുമായെത്തിയിരുന്നു. സംഭവം വിവാദമായതോടെ സ്കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് ഛത്തീസ്ഗഡിലെ സംഭവം പുറത്ത് വരുന്നത്.
Content Highlight: 7 arrested in Chhattisgarh after video shows them stripping & flogging Dalit man