ന്യൂദല്‍ഹി: രാജ്യത്ത് അഞ്ച് വര്‍ഷത്തിനിടയില്‍ റോഡപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 7.77 ലക്ഷം. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേയ്സ് മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയ അപകടനിരക്കും മരണങ്ങളുടെ എണ്ണവുമാണ് മന്ത്രാലയം അറിയിച്ചത്. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ 7,77,423 പേരാണ് റോഡപകടത്തെ തുടര്‍ന്ന് മരണപ്പെട്ടത്.
ഉത്തര്‍പ്രദേശിലാണ് ഇത്തരത്തിലുള്ള ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയിരിക്കുന്നത്. 1,08,882 പേരാണ് യു.പിയില്‍ റോഡപകടത്തില്‍ മരിച്ചത്. ആകെ റോഡപകട മരണങ്ങളില്‍ 13.7 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യു.പിയിലാണ്.
കണക്കുകള്‍ അനുസരിച്ച് തമിഴ്‌നാടിനാണ് രണ്ടാം സ്ഥാനം. 84,316 പേരാണ് സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരിച്ചത്. മഹാരാഷ്ട്രയില്‍ ഒമ്പത് ശതമാനവും മധ്യപ്രദേശില്‍ എട്ട് ശതമാനവും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നഗരങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളിലും മരണങ്ങളിലും ദല്‍ഹിയാണ് ഒന്നാം സ്ഥാനത്ത്. 1,400ലധികം മരണങ്ങളാണ് ദല്‍ഹിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരുവില്‍ 915 ഉം ജയ്പൂരില്‍ 850 ഉം ആണ്.
റോഡപകടങ്ങളില്‍ മരിച്ച 1.78 ലക്ഷം പേരില്‍ 60 ശതമാനവും 18-34 പ്രായത്തിലുള്ളവരാണെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി വ്യാഴാഴ്ച ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ഇരുചക്രവാഹനങ്ങളാണ് കൂടുതലായി അപകടത്തില്‍ പെടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ട്രാഫിക് നിയമങ്ങളോടുള്ള ഭയക്കുറവും ഹെല്‍മറ്റ് ധരിക്കാത്തതും അപകടനിരക്ക് ഉയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
മന്ത്രാലയം പുറത്തുവിട്ട പട്ടികയില്‍ 16-ാം സ്ഥാനത്താണ് കേരളം. 19,468 റോഡപകട മരണങ്ങളാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. 2022ല്‍ 14.6 ശതമാനം റോഡപകടങ്ങളും 18.1 ശതമാനം മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇത് 2021ല്‍ 16.8 ശതമാനവും 11.8 ശതമാനം എന്ന നിലയിലായിരുന്നു.
Content Highlight: 7.77 lakh people died in road accidents in the country in 5 years; UP is the first in the death rate