[]ടോക്കിയോ: ജപ്പാനില്‍ കനത്ത ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് പ്രാദേശിക സമയം പുലര്‍ച്ചെ 3.10ഓടെ ഉണ്ടായത്. ഭുകമ്പം ഒരു മിനിറ്റോളം നീണ്ട് നിന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കിഴക്കന്‍ പ്രദേശമായ ഹോണ്‍ഷു ദ്വീപില്‍ നിന്നും 231 മൈല്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് സ്ഥിരീകരിച്ചുട്ടുണ്ട്. ടോക്കിയോയില്‍ നിന്നും 300 മൈല്‍ അകലെയാണിത്.
ഫുകുഷിമ ആണവ നിലയം ഉള്‍പ്പെട്ട മേഖലയാണിത്. ഭൂചലനത്തെതുടര്‍ന്ന് ജപ്പാന്‍ കാലാവസ്ഥാ പഠന കേന്ദ്രവും, യു.എസ് ജിയോളജിക്കല്‍ വകുപ്പും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു മീറ്റര്‍ ഉയരത്തിലുള്ള സുനാമി ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.
സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന ഫുക്കുഷിമ ആണവനിലയത്തിന് അടുത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ വസിക്കുന്നവരോടും മാറിതാമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2011ല്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തെതുടര്‍ന്ന് 16,000ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഫുക്കുഷിമ ആണവനിലയത്തിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു.