'ഏഴ് മുതല്‍ 10 എം.എല്‍.എമാര്‍ വരെ മടങ്ങിവരും'; മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെയും കമല്‍നാഥിന്റെയും പ്രതീക്ഷ ഇങ്ങനെ
national news
'ഏഴ് മുതല്‍ 10 എം.എല്‍.എമാര്‍ വരെ മടങ്ങിവരും'; മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെയും കമല്‍നാഥിന്റെയും പ്രതീക്ഷ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th March 2020, 3:06 pm

ബെംഗളൂരുവില്‍ താമസിക്കുന്ന വിമത എം.എല്‍.എമാരില്‍ ഏഴ് മുതല്‍ 10 എം.എല്‍.എമാര്‍ വരെ മടങ്ങിവരുവാനുള്ള സാധ്യതയേറെയാണെന്നാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ കണക്കൂകൂട്ടല്‍. കര്‍ണാടകത്തിലെത്തിയ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ക്കനുസരിച്ചാണ് ഈ നിഗമനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റിസോര്‍ട്ടില്‍ തങ്ങുന്ന എം.എല്‍.എമാരുമായി ആശയ വിനിമയം നടത്തുന്നുണ്ട്. ഏഴ് മുതല്‍ 10 വരെ എം.എല്‍.എമാര്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് മടങ്ങിവരും. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് നിലവില്‍ സമയം ലഭിക്കും. കുറച്ചു കൂടി ദിവസങ്ങള്‍ കഴിയും ഇക്കാര്യത്തില്‍ വ്യക്തയുണ്ടാവാനെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റ ട്രബിള്‍ ഷൂട്ടര്‍ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ എം.എല്‍.എമാരെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസ് ആലോചന.

ബെംഗലൂരുവിലുള്ള എം.എല്‍.എമാരെ ബി.ജെ.പി ബന്ദിയാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വ്യാഴാഴ്ച ആരോപിച്ചിരുന്നു. ഇവരെ പുറത്തുവിടാന്‍ ബി.ജെ.പി തയ്യാറായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.