എം.എന്‍.വിജയന്‍ അനുസ്മരണം: അടയാളം ഖത്തര്‍ സംവാദം സംഘടിപ്പിച്ചു
Pravasi
എം.എന്‍.വിജയന്‍ അനുസ്മരണം: അടയാളം ഖത്തര്‍ സംവാദം സംഘടിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th September 2013, 12:18 am

പ്[]പ്രശസ്ത സാഹിത്യസാംസ്‌കാരികരാഷ്ട്രീയ വിമര്‍ശകനും മികച്ച പ്രാസംഗികനുമായ എം.എന്‍ വിജയന്‍ മാഷിന്റെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അടയാളം ഖത്തര്‍ സംവാദം സംഘടിപ്പിച്ചു.

എം.എന്‍ വിജയന്‍: സാഹിത്യവും രാഷ്ട്രീയവും എന്ന വിഷയത്തിലായിരുന്നു സംവാദം സംഘടിപ്പിച്ചത്. സെപ്തം 27നു ദോഹയിലെ സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ വെച്ച് നടത്തിയ പരിപാടിയില്‍ സുധീര്‍ എം. എ മുഖ്യ പ്രഭാഷണം നടത്തി.

വിജയന്‍മാഷിന്റെ സാഹിത്യത്തെയും സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ സമഗ്രമായി അദ്ദേഹം പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തി.

ആദ്യകാലത്ത് അദ്ദേഹം പിന്‍തുടര്‍ന്ന ലിബറല്‍ ചിന്തകളില്‍ നിന്നും പിന്നീട് എങ്ങിനെയാണ് കമ്മ്യൂണിസ്റ്റ് ധൈഷണിക യാത്രയിലേക്കുള്ള പരിണാമം ഉണ്ടായത് എന്ന് പ്രസംഗത്തിലൂടെ വിശദമാക്കി.

മര്‍ദ്ദിത ജനതയുടെ പോരാട്ടങ്ങളില്‍ നിന്നാണ് വിമോചനത്തിന്റെ സാംസ്‌കാരിക രൂപങ്ങളെല്ലാം ജനിക്കുന്നതെന്ന ഉറച്ച ബോധ്യങ്ങളില്‍ നിന്നായിരുന്നു ഇത് എം. എന്‍ വിജയന് സാധിച്ചത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ മുതലാളിത്തത്തിന്റെ അദൃശ്യമായ കരങ്ങള്‍ എങ്ങിനെയാണ് നമ്മുടെ സാമൂഹിക ജീവിതത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത് എന്ന് എം. എന്‍ വിജയനെ മുന്‍ നിര്‍ത്തി അടയാളം സിക്രട്ടറി പ്രദോഷ് കുമാറും ഫാസിസത്തെ സംബന്ധിച്ച എം. എന്‍ വിജയന്റെ ചിന്തകളെ കുറിച്ച് ബീജ വി.സി.യും സംസാരിച്ചു.

ഇസ്മയില്‍ മേലടി, പി.ഷംസുദ്ദീന്‍ , മാധ്യമ പ്രവര്‍ത്തകനായ അഷ്‌റഫ് തൂണേരി തുടങ്ങിയവര്‍ എം. എന്‍ വിജയന്റെ സംഭാവനകളെ സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്ന് കൊണ്ട് ഹ്രസ്വമായി വിലയിരുത്തി.

സദസ്സസ്യരുടെ ചോദ്യങ്ങള്‍ക്ക് പി.ഷംസുദ്ദീന്‍ മറുപടി പറഞ്ഞു. പരിപാടിയിക്ക് നാമൂസ് പെരുവല്ലൂര്‍ അദ്ധ്യക്ഷം വഹിച്ചപ്പോള്‍ രാമചന്ദ്രന്‍ വെട്ടിക്കാട്  പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു.