ആറാമത് ബീച്ച് ഏഷ്യന്‍ ഗെയിംസ് 2018ല്‍ കേരളത്തില്‍ നടത്താന്‍ സന്നദ്ധമെന്ന് സര്‍ക്കാര്‍
Daily News
ആറാമത് ബീച്ച് ഏഷ്യന്‍ ഗെയിംസ് 2018ല്‍ കേരളത്തില്‍ നടത്താന്‍ സന്നദ്ധമെന്ന് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th July 2016, 7:50 pm

asian beach games

കോഴിക്കോട്: ആറാമത് ബീച്ച് ഏഷ്യന്‍ ഗെയിംസ് 2018ല്‍ കേരളത്തില്‍ നടത്താന്‍ സന്നദ്ധമാണെന്ന് കേരള സര്‍ക്കാര്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ അറിയിച്ചു. 47 രാജ്യങ്ങളിലെ കായിക താരങ്ങള്‍ 24ഓളം ഇനങ്ങളില്‍ മാറ്റുരയ്ക്കും. ഇതാദ്യമായാണ് ഇന്ത്യ ബീച്ച് ഏഷ്യന്‍ ഗെയിംസിന് ആതിഥേയരാവുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അസോസിയേറ്റ് ജോയിന്റ് സെക്രട്ടറിയും കേരള ഒളിംപിക് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജനറലുമായ പി.എ ഹംസ കായിക മന്ത്രി ഇ.പി ജയരാജനുമായി ചര്‍ച്ച നടത്തി.

അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിക്കുമെന്നു ചര്‍ച്ച വിലയിരുത്തി. ബേക്കല്‍, കണ്ണൂര്‍, കോഴിക്കോട് ഉള്‍പ്പെടെയുള്ള തീരദേശ ജില്ലകളിലും മറ്റു ജില്ലകളിലും ഇതോടനുബന്ധിച്ച് കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന്റെ നടത്തിപ്പു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറി ജനറലും ഈ മാസാവസാനം കേരള സര്‍ക്കാരുമായി കൂടുതല്‍ ചര്‍ച്ച നടത്തും.