കോഴിക്കോട്: ബി.ജെ.പി ഉള്ളിടത്തോളം കാലം മലയാളികളുടെ വിശ്വാസങ്ങളെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങളുടെ വിശ്വാസവും ആചാര രീതികളും സംരക്ഷിക്കാന്‍ ബിജെപി ഒപ്പമുണ്ടാകുമെന്നും സുപ്രീം കോടതിയുടെ മുന്നില്‍ വിഷയം അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്നും മോദി കോഴിക്കോട് നടന്ന സമ്മേളനത്തില്‍ പറഞ്ഞു.
സുപ്രീംകോടതി ഉത്തരവിന്റെ പേര് പറഞ്ഞ് ചിലര്‍ സംസ്‌കാരത്തെ തകര്‍ക്കാന്‍ നോക്കുന്നെന്നും വിശ്വാസപ്രമാണങ്ങള്‍ക്ക് മേലെയുള്ള അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മോദി വ്യക്തമാക്കി.
വിശ്വാസവും മുത്തലാഖും പോലുള്ള അതിക്രമങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ തയ്യാറാകാതെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ് കേരളത്തിലെ ഇരു മുന്നണികളും ചെയ്യുന്നത്. ഈ നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ ഇല്ലാതാക്കാന്‍ വിദേശ ശക്തികള്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ അവരതില്‍ വിജയിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ചിലര്‍ സുപ്രീം കോടതി വിധിയുടെ പേരുപറഞ്ഞ് നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തകര്‍ക്കുകയാണെന്നും മോദി പറഞ്ഞു.
എല്‍.ഡി.എഫും യു.ഡി.എഫും അഴിമതിക്കാരാണ്. രണ്ടുപാര്‍ട്ടികളും ഭൂമികയ്യേറ്റക്കാരാണ്. എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ. അഴിമതിയില്‍ ഏര്‍പ്പെടാനുള്ള ലൈസന്‍സായിരിക്കും ഇരുമുന്നണികള്‍ക്കുമുള്ള ജയം. ഇരു മുന്നണികളും കേരളത്തെ കൊള്ളയടിച്ചു. ബി.ജെ.പി മുന്നോട്ടു വയ്ക്കുന്നത് ബദല്‍ രാഷ്ട്രീയമാണ്. സംസ്ഥാനം ഭരിക്കുന്നത് കാഴ്ചപ്പാടില്ലാത്ത മുന്നണിയാണ്. ഇവിടെ നടക്കുന്നത് പിന്‍വാതില്‍ വികസനമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
‘നിങ്ങളുടെ സന്തോഷമാണ് എന്റെ സന്തോഷം. എപ്പോഴൊക്കെ നിങ്ങള്‍ വിഷമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇറാഖില്‍ കുടുങ്ങിയ മലയാളി നേഴ്സുമാര്‍ സുരക്ഷിതമായി തിരിച്ചെത്തി. മലയാളിയായ ഫാദര്‍ ടോം നാട്ടില്‍ തിരിച്ചെത്തി. സുഡാനിലും യമനിലും ലിബിയയിലും അകപ്പെട്ടവര്‍ തിരിച്ചെത്തി. ഇതെല്ലാം ഈ സര്‍ക്കാരാണ് സാധ്യമാക്കിയത്. അപ്പോള്‍ അവരുടെ കുടുംബാംഗങ്ങളുടെ മുഖത്തു കണ്ട സന്തോഷം എനിക്കൊരിക്കലും മറക്കാനാകില്ല’. മോദി പറഞ്ഞു.